807 ദിവസങ്ങൾക്കൊടുവിൽ സെഞ്ചറിയടിച്ച് ബാബർ അസം, 119 പന്തില്‍ 102 റൺസ്, റെക്കോർഡ് നേട്ടം

2 months ago 3

ഓൺലൈൻ ഡെസ്ക്

Published: November 15, 2025 09:28 AM IST

1 minute Read

 FAROOQ NAEEM / AFP
സെഞ്ചറി നേടിയ ബാബർ അസമിന്റെ ആഹ്ലാദം. Photo: FAROOQ NAEEM / AFP

ഇസ്‍ലാമബാദ്∙ 807 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചറി നേടി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ബാബർ അസം. റാവൽപിണ്ടിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് ബാബർ സെഞ്ചറിയിലെത്തിയത്. 119 പന്തുകൾ നേരിട്ട താരം 102 റൺസുമായി പുറത്താകാതെനിന്നു. ബാബറിന്റെ രാജ്യാന്തര കരിയറിലെ 32–ാമതാണ് സെഞ്ചറിയാണിത്. പാക്കിസ്ഥാനു വേണ്ടി കൂടുതൽ സെഞ്ചറിയുള്ള താരങ്ങളുടെ റെക്കോർഡിൽ ജാവേദ് മിയാൻദാദ്, സയീദ് അൻവർ എന്നിവരെ പിന്തള്ളി ബാബർ ഒന്നാം സ്ഥാനത്തെത്തി.

2015ൽ ആദ്യ രാജ്യാന്തര മത്സരം കളിച്ച ബാബർ അസമിന് ഏകദിനത്തിൽ 20 സെഞ്ചറികളും ടെസ്റ്റിൽ ഒൻപത്, ട്വന്റി20യിൽ മൂന്ന് സെഞ്ചറികളുമുണ്ട്. രണ്ടാം ഏകദിനവും വിജയിച്ചതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര 2–0ന് പാക്കിസ്ഥാൻ സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ 48.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയത്തിലെത്തി. 10 പന്തുകൾ ബാക്കി നിൽക്കെയാണ് പാക്കിസ്ഥാൻ എട്ടു വിക്കറ്റുകളുടെ വമ്പൻ വിജയം സ്വന്തമാക്കിയത്.

പാക്കിസ്ഥാനു വേണ്ടി ഓപ്പണര്‍ ഫഖർ സമാൻ (93 പന്തിൽ 78), മുഹമ്മദ് റിസ്‍വാൻ (54 പന്തിൽ 51) എന്നിവർ അർധ സെഞ്ചറികൾ സ്വന്തമാക്കി. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച റാവൽപിണ്ടിയിൽ നടക്കും. അതിനു ശേഷവും പാക്കിസ്ഥാനിൽ തുടരുന്ന ശ്രീലങ്ക, സിംബാബ്‍വെ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽ കൂടി കളിച്ച ശേഷമാകും മടങ്ങുക. ഇസ്‍ലാമബാദ് സ്ഫോടനത്തെ തുടർന്ന് സുരക്ഷാ ആശങ്ക അറിയിച്ച ശ്രീലങ്കയ്ക്ക് പാക്ക് സൈന്യമാണ് നിലവിൽ സുരക്ഷയൊരുക്കുന്നത്.

English Summary:

Babar Azam Finally Slams Century After 807 Days

Read Entire Article