Published: November 22, 2025 06:24 PM IST Updated: November 22, 2025 07:34 PM IST
1 minute Read
പെർത്ത് ∙ ചരിത്രത്തിൽ വെറും ആറ് ആഷസ് ടെസ്റ്റ് മത്സരങ്ങളാണ് രണ്ടു ദിവസത്തിനുള്ളിൽ അവസാനിച്ചിട്ടുള്ളത്. അതിൽ ഏറ്റവുമൊടുവിലേത്തതാണ് പെർത്തിൽ ഇന്നവസാനിച്ച ടെസ്റ്റ് മത്സരം. ഇതിനു മുൻപ് ഇങ്ങനെ സംഭവിച്ചത് 1921ൽ ട്രെന്റ് ബ്രജിലാണ്. അതായത്, 104 വർഷങ്ങൾക്കു മുൻപ്. 21–ാം നൂറ്റാണ്ടിൽ ആദ്യമായാണ് ഒരു ആഷസ് ടെസ്റ്റ് മത്സരം രണ്ടാം ദിനത്തിൽ അവസാനിക്കുന്നത്.
രണ്ടാം ഇന്നിങ്സിൽ, ഇംഗ്ലണ്ട് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ, 28.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. വെറും 69 പന്തിൽ സെഞ്ചറി നേടിയ ട്രാവിസ് ഹെഡ്, അർധസെഞ്ചറി നേടിയ മാർനസ് ലബുഷെയ്ൻ എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ഓസീസിനെ അതിവേഗം വിജയത്തിലേക്ക് എത്തിച്ചത്. ഇതോടെ ഒരുപിടി റെക്കോർഡുകളും മത്സരത്തിൽ പിറന്നു.
മത്സരത്തിലാകെ 847 പന്തുകളാണ് എറിഞ്ഞത്. പന്ത് എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആഷസിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മൂന്നാമത്തെ മത്സരമാണ് ഇത്. ഓസീസ് മണ്ണിൽ നടന്ന ആഷസുകളിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞതും. 1888ൽ ഇംഗ്ലണ്ടിൽ നടന്ന ആഷസ് പരമ്പരയിലാണ് ഏറ്റവും ദൈർഘ്യം കുറഞ്ഞ രണ്ടു ടെസ്റ്റ് മത്സരങ്ങൾ. യഥാക്രമം 788 പന്തുകളും 792 പന്തുകളാണ് ആ മത്സരത്തിൽ എറിഞ്ഞത്.
ഉസ്മാൻ ഖവാജയ്ക്ക് പരുക്കേറ്റതോടെ ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടി സെഞ്ചറി തികച്ച ട്രാവിസ് ഹെഡും റെക്കോർഡുകളുടെ തോഴനായി. ടെസ്റ്റ് ചരിത്രത്തിൽ, നാലാം ഇന്നിങ്സിൽ ഒരു താരത്തിന്റെ വേഗമേറിയ സെഞ്ചറിയാണ് ഹെഡ് നേടിയത്. 148 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ടെസ്റ്റ് മത്സരത്തിന്റെ നാലാം ഇന്നിങ്സിൽ 70 പന്തിൽ താഴെ ഒരു ബാറ്റർ സെഞ്ചറി നേടുന്നത് ഇതാദ്യമാണ്
ടെസ്റ്റ് ചരിത്രത്തിൽ ഒരു ഓപ്പണർ ബാറ്ററുടെ വേഗമേറിയ സെഞ്ചറിക്കൊപ്പവും ഹെഡ് എത്തി. 2012ൽ ഇന്ത്യയ്ക്കെതിരെ 69 പന്തിൽ തന്നെ സെഞ്ചറി നേടിയ ഓസീസ് ഓപ്പണർ ഡേവിഡ് വാർണറുടെ റെക്കോർഡിനൊപ്പമാണ് ഹെഡ് എത്തിയത്. ആഷസിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയാണ് പെർത്തിൽ പിറന്നത്. 2006ൽ ആദം ഗിൽക്രിസ്റ്റ് 57 പന്തിൽ സെഞ്ചറി നേടിയിരുന്നു.
83 പന്തിൽ നാല് സിക്സറുകളുടെയും 16 ഫോറുകളുടെയും അകമ്പടിയോടെ ആകെ 123 റൺസാണ് ഹെഡ് നേടിയത്. ആഷസ് ടെസ്റ്റിൽ ഒരു ഓപ്പണറുടെ ഉയർന്ന സ്കോറും ഇതാണ്. 2006ൽ ഇംഗ്ലണ്ട് ഓപ്പണർ അലിസ്റ്റർ കുക്കും 2013ൽ ഓസീസ് ഓപ്പണർ ക്രിസ് റോജേഴ്സും കുറിച്ച 116 റൺസാണ് ഇതിനു മുൻപത്തെ ഉയർന്ന സ്കോർ.
ഈ വിജയം വളരെ അവിശ്വസനീയവും പ്രത്യേകതയുള്ളതുമാണെന്ന് മത്സരശേഷം ട്രാവിഡ് ഹെഡ് പറഞ്ഞു. മൂന്നാം ദിനത്തിനായി ടിക്കറ്റ് വാങ്ങിയ 60,000 ആളുകളോട് ക്ഷമ ചോദിക്കുന്നതായും താരം പറഞ്ഞു.
English Summary:








English (US) ·