മൗണ്ട് മാംഗനൂയി (ന്യൂസീലൻഡ്) ∙ ന്യൂസീലൻഡിനെതിരായ നാലാം ഏകദിന മത്സരത്തിൽ ഇന്ത്യ വെറും 89 റൺസിന് ഓൾഔട്ടായതിനു പിന്നാലെ ബാറ്റർമാരെ രൂക്ഷമായി വിമർശിച്ച് കോച്ച് ഗൗതം ഗംഭീർ. ഇന്ത്യയുടെ ബാറ്റിങ് തകർച്ച ഒറ്റപ്പെട്ട സംഭവമല്ലെന്നതും അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ നേരിടേണ്ടിവരാനിടയുള്ള സാഹചര്യങ്ങളോട് സാമ്യമുള്ള പിച്ചിലാണ് ഈ തകർച്ചയുണ്ടായതെന്നതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലൻഡിനോട് 244 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ, ഇന്ത്യയുടെ കുറഞ്ഞ സ്കോറിനേക്കാൾ ഉപരി ബാറ്റിങ് നിര തകർന്നടിഞ്ഞ വേഗതയും രീതിയുമാണ് തന്നെ കൂടുതൽ ആശങ്കപ്പെടുത്തുന്നതെന്ന് ഗംഭീർ വ്യക്തമാക്കി.
What you should work next
‘‘90 റൺസിനടുത്ത് ഒരു ടീം ഓൾഔട്ടാകുമ്പോൾ ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. എനിക്കെന്തുകൊണ്ട് ആശങ്കയുണ്ടാകാതിരിക്കണം? ലോകകപ്പിൽ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്ന പിച്ചുകളാണിവ. എന്നെ കൂടുതൽ ആശങ്കപ്പെടുത്തുന്നത് റൺസിന്റെ കുറവല്ല. വെറും 26-27 ഓവറുകൾക്കുള്ളിൽ നമ്മൾ ഓൾഔട്ടായി എന്നതാണ്. അതാണ് എപ്പോഴും ആശങ്കയുണ്ടാക്കുന്ന കാര്യം.’’– മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഗംഭീർ പറഞ്ഞു. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ 333 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മാറ്റ് ഹെൻറിയുടെ തകർപ്പൻ ബൗളിങ് പ്രകടനമാണ് തകർത്തത്. ആറു വിക്കറ്റുകൾ വീഴ്ത്തിയ ഹെൻറിയുടെ മികവിൽ ഇന്ത്യ വെറും 26.4 ഓവറിൽ 89 റൺസിന് പുറത്തായി.
മഴയെ തുടർന്ന് വെട്ടിച്ചുരുക്കിയ കഴിഞ്ഞ മത്സരത്തിലും ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നിരുന്നു. 135 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഇന്ത്യ 111 റൺസിന് ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു. സ്വിങ് ചെയ്യുന്ന പന്തുകളെ നേരിടാൻ സാങ്കേതികമായും മാനസികമായും താരങ്ങൾ കൂടുതൽ തയാറെടുക്കേണ്ടതുണ്ടെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി. ഹെൻറി എറിഞ്ഞ പന്തുകൾ നേരിടാൻ ബുദ്ധിമുട്ടായിരുന്നെന്ന വാദം ഗംഭീർ തള്ളി. ബാറ്റർമാരുടെ പിഴവുകളാണ് തകർച്ചയ്ക്ക് കാരണമെന്നും ബാറ്റിങ് നിരയുടെ തുടർച്ചയായ പരാജയം തനിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘രാജ്യാന്തര ക്രിക്കറ്റിൽ നേരിടാനാകാത്ത പന്തുകളൊന്നുമില്ല. ആദ്യ പത്ത് ഓവറുകൾ അതിജീവിക്കുകയായിരുന്നു നമ്മൾ ചെയ്യേണ്ടിയിരുന്നത്. മാറ്റ് ഹെൻറി മികച്ച ലെങ്തിൽ പന്തെറിഞ്ഞു. എന്നാൽ അതിനെ പ്രതിരോധിക്കാൻ നമുക്ക് കഴിയണം.’’– ഗംഭീർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ പിച്ചുകളിൽ ഇന്നിങ്സിന്റെ തുടക്കത്തിലെ ഓവറുകളാണ് പൊതുവെ ബാറ്റിങ്ങിന് ഏറ്റവും അനുകൂലമെങ്കിൽ ന്യൂസീലൻഡിൽ ആദ്യ പത്ത് ഓവറുകളാണ് ബാറ്റർമാർക്ക് ഏറ്റവും കടുത്ത വെല്ലുവിളിയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘‘ആദ്യ പത്ത് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 35 – 40 റൺസ് നേടാൻ കഴിഞ്ഞാൽ അതും മികച്ച തുടക്കമാണ്. എന്നാൽ ഇവിടെ ആദ്യ പത്ത് ഓവറുകളാണ് ഏറ്റവും പ്രയാസകരമായ ഘട്ടം.’’– ഗംഭീർ വ്യക്തമാക്കി.
ന്യൂസീലൻഡ് പേസർമാരായ മാറ്റ് ഹെൻറിയും കൈൽ ജാമിസനും എറിഞ്ഞ പന്തുകളുടെ ലെങ്തിനെതിരെ ഇന്ത്യൻ ബാറ്റർമാർ കൂടുതൽ വ്യക്തമായ തീരുമാനങ്ങളെടുക്കേണ്ടതുണ്ടെന്നും ഗംഭീർ പറഞ്ഞു. പ്രത്യേകിച്ച്, മുന്നോട്ടിറങ്ങി കളിക്കണോ അതോ പിന്നോട്ടിറങ്ങി പ്രതിരോധിക്കണോ എന്ന കാര്യത്തിൽ ബാറ്റർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന രീതിയിലുള്ള പന്തുകളെ നേരിടുന്നതിൽ കൂടുതൽ വ്യക്തതയും കൃത്യതയും ആവശ്യമാണ്.
‘‘കഴിഞ്ഞ മത്സരത്തിലും 111 റൺസിനിടെ നമുക്ക് ഏഴു വിക്കറ്റുകൾ നഷ്ടമായിരുന്നു. അത് അൽപം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. മാനസികമായും സാങ്കേതികമായും ഇത്തരം സാഹചര്യങ്ങളെ നേരിടാൻ നാം തയാറായിരിക്കണം. ഇത്തരം സാഹചര്യങ്ങളിൽ ആദ്യ പത്ത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 35-40 റൺസ് നേടാനായാൽ അതൊരു മികച്ച തുടക്കമാണ്. ടീമിൽ പരിചയസമ്പന്നരായ താരങ്ങളുണ്ട്. അവസാന മത്സരത്തിൽ ഇത്തരം സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.’’– മുഖ്യ പരിശീലകൻ പറഞ്ഞു.
ന്യൂസീലൻഡ് ആദ്യം ബാറ്റ് ചെയ്ത് 333 റൺസ് നേടിയെങ്കിലും ഇന്ത്യൻ ബോളിങ് നിരയെക്കുറിച്ച് ഗംഭീറിന് കാര്യമായ പരാതികളുണ്ടായിരുന്നില്ല. എന്നാൽ ഫീൽഡിങ്ങിൽ ഇന്ത്യ കൂടുതൽ മികവ് പുലർത്തേണ്ടിയിരുന്നെന്നും ചില നിർണായക ക്യാച്ചുകൾ കൈവിട്ടത് തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘അക്വിബ് നബിക്ക് നിർഭാഗ്യമായിരുന്നു. വിൽ യങിന്റെ ക്യാച്ച് നമുക്ക് എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. എന്നാൽ സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് പിന്നീട് ചിന്തിക്കുന്നതിൽ കാര്യമില്ല. നമ്മൾ ക്യാച്ചുകൾ കൈവിട്ടു, അതിന്റെ വിലയും നൽകേണ്ടിവരും. നമ്മുടെ ബോളിങ് നിരയെക്കുറിച്ച് എല്ലാവരും അഭിമാനിക്കണം.’’ – ഗംഭീർ പറഞ്ഞു.
English Summary:






English (US) ·