9 മാസമായിട്ടും ആരും അന്വേഷിച്ചില്ല, പ്രാര്‍ഥിക്കണമെന്ന് പറഞ്ഞ് സുഹൃത്തിന് മെസ്സേജ്; അടിമുടി ദുരൂഹത

6 months ago 7

Humaira Asghar

ഹുമൈറ അസ്ഗർ | Photo: Instagram/ Humaira Asghar

രു മനുഷ്യന്‍ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്ന് ഒമ്പത് മാസമായിട്ടും അന്വേഷിക്കാന്‍ ഒരാള്‍ പോലും വരാതിരിക്കുക. അതും ടെലിവിഷന്‍ ഷോകളിലും സീരിയലുകളിലും സജീവമായിരുന്ന ഒരു നടി. കറാച്ചിയിലെ അപാര്‍ട്‌മെന്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയ പാക് നടി ഹുമൈറ അസ്ഗറിനെ ചുറ്റിപ്പറ്റി അടിമുടി ദുരൂഹത.

ആരും അന്വേഷിച്ച് വരാതെ, ഒമ്പത് മാസം ആ ജീര്‍ണിച്ച മൃതദേഹം ഇത്തിഹാദ് കൊമേഴ്‌സ്യലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അപാര്‍ട്‌മെന്റില്‍ എങ്ങനെ കിടന്നു എന്നാണ് എല്ലാവരും ചോദിക്കുന്നത്. മാസങ്ങളായി ഹുമൈറ വാടക തരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അപാര്‍ട്‌മെന്റിന്റെ ഉടമസ്ഥന്‍ കോടതിയെ സമീപിച്ചതോടെയാണ് ഹുമൈറയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതും നടിയെ അവിടെനിന്ന് ഒഴിപ്പിക്കാനായി പോലീസ് പൂട്ട് പൊളിച്ച് അകത്തു കടന്നപ്പോള്‍. സിനിമാകഥകളെ പോലും വെല്ലുന്ന ജീവിതത്തിലെ ഒരു രംഗമായിരുന്നു അത്.

നടി വൈദ്യുതി ബില്‍ അവസാനം അടച്ച തിയ്യതിയും സോഷ്യല്‍ മീഡിയയിലെ അവസാന പോസ്റ്റുകളും മൊബൈല്‍ ഫോണ്‍ അവസാനം ഉപയോഗിച്ചത് എന്നാണ് എന്നുമെല്ലാം അന്വേഷിച്ചാണ് നടി മരിച്ചത് ഒമ്പത് മാസം മുമ്പാണെന്ന നിഗമനത്തിലെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മൃതദേഹത്തിന്റെ പഴക്കത്തെ കുറിച്ച് പറയുന്നുണ്ട്.

ഒരു സുഹൃത്തിനാണ് ഹുമൈറ അവസാനം വോയ്‌സ് മെസ്സേജ് അയച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 'എന്നോട് ക്ഷമിക്കണം. ഞാന്‍ യാത്രയിലാണ്. നീ ഇപ്പോള്‍ മക്കയിലാണെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷം. എനിക്കുവേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കണം. എന്റെ കരിയറിന് വേണ്ടിയും പ്രാര്‍ഥിക്കണം.' വോയ്‌സ് മെസ്സേജില്‍ ഹുമൈറ പറയുന്നു. ഈ മെസ്സേജ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേരാണ് പങ്കുവെച്ചത്. 2024 സെപ്റ്റംബറിലാണ് ഈ മെസ്സേജ് അയച്ചതെന്നുമാണ് സൂചന. എന്നാല്‍, ഹുമൈറ അവസാനം കോള്‍ ചെയ്തത് 2024 ഒക്ടോബറിലാണെന്ന് കോള്‍ ഡീറ്റെയ്ല്‍സ് റെക്കോര്‍ഡ് അനുസരിച്ച് കണ്ടെത്തിയിരുന്നു.

2024 ഒക്ടോബറിലാണ് നടി അവസാനമായി ഫോണ്‍ ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റ് 2024 സെപ്റ്റംബര്‍ 11-നും ഇന്‍സ്റ്റഗ്രാം പോസ്റ്റ് സെപ്റ്റംബര്‍ 30-നുമാണ്. കഴിഞ്ഞ ഒക്ടോബറിന് ശേഷം നടിയെ കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴിയും നല്‍കിയിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഹുമൈറയുടെ മൃതദേഹം അങ്ങേയറ്റം അഴുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാന അവയവങ്ങളെല്ലാം തിരിച്ചറിയാന്‍ കഴിയാത്തവിധം ചുരുങ്ങിയ നിലയിലാണ്. നടിയുടെ മുഖം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തേയും പേശികള്‍ നശിക്കുകയും ചെയ്തിരുന്നു. അസ്ഥികള്‍ തൊടുമ്പോള്‍ പൊടിഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓട്ടോലിസിസ് പ്രക്രിയയിലൂടെ മസ്തിഷ്‌കം പൂര്‍ണമായി അഴുകിപ്പോയി. ആന്തരികാവയവങ്ങള്‍ കറുപ്പുനിറമായി മാറിയിരുന്നു. അസ്ഥികളില്‍ ഒടിവുള്ളതായി കണ്ടെത്തിയിട്ടില്ല. തലയോട്ടിയും നട്ടെല്ലും കേടുപാടുകളില്ലാത്ത നിലയിലാണ്. അതേസമയം, സുഷുമ്നാ നാഡി (സ്പൈനല്‍ കോഡ്) പൂര്‍ണമായി നശിച്ചുപോയിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള പ്രാണികള്‍ ശരീരത്തിലുണ്ടായിരുന്നു. എന്നാല്‍, പുഴുക്കളുടെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം ഇത്രയേറെ അഴുകിയതിനാല്‍ നിലവിലെ അവസ്ഥയില്‍ കാരണം കണ്ടെത്തുക ദുഷ്‌കരമാണ്. ഡിഎന്‍എ പ്രൊഫൈലിങ്, ടോക്സിക്കോളജി തുടങ്ങിയ പരിശോധനകളില്‍ മരണകാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാസങ്ങളായി വൈദ്യുതിയില്ലായിരുന്നു

സെപ്റ്റംബറിലാണ് ഹുമൈറ അവസാനം വൈദ്യുതി ബില്‍ അടച്ചത്. അതിനുശേഷം അപാര്‍ട്‌മെന്റില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. വെളിച്ചത്തിനായി മെഴുകുതിരികളുമില്ലായിരുന്നു. രണ്ട് അപാര്‍ട്‌മെന്റുകളുള്ള നിലയിലെ ഒരു അപാര്‍ട്‌മെന്റിലാണ് ഹുമൈറ താമസിച്ചിരുന്നത്. മറ്റേ അപാര്‍ട്‌മെന്റിലെ താമസക്കാര്‍ ഫെബ്രുവരി മുതല്‍ സ്ഥലത്തില്ലായിരുന്നു. അവര്‍ മടങ്ങിയെത്തിയപ്പോള്‍ ദുര്‍ഗന്ധം പോലുമില്ലായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

കാലാവധി കഴിഞ്ഞ ഭക്ഷണപദാര്‍ഥങ്ങളും തുരുമ്പ് പിടിച്ച പാത്രങ്ങളും അപാര്‍ട്‌മെന്റില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബാത്ത്‌റൂമിലേയും ടോയ്‌ലറ്റിലേയും കിച്ചണിലേയുമെല്ലാം വാട്ടര്‍ പൈപ്പുകള്‍ തുരുമ്പെടുത്ത അവസ്ഥയിലായിരുന്നുവെന്നും പോലീസ് പറയുന്നു.

കുടുംബവുമായി അകല്‍ച്ച

ഏഴ് വര്‍ഷം മുന്‍പ് ലാഹോറില്‍നിന്ന് കറാച്ചിയിലേക്ക് താമസം മാറിയ ഹുമൈറ കുടുംബവുമായി അകല്‍ച്ചയിലായിരുന്നു. വല്ലപ്പോഴുമാണ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത്. 'ഏകദേശം ഒന്നര വര്‍ഷത്തോളമായി അവള്‍ വീട്ടില്‍ വന്നിരുന്നില്ല. അതുകൊണ്ടാണ് എന്തെങ്കിലും അത്യാവശ്യമുണ്ടായാല്‍ കറാച്ചിയില്‍ സംസ്‌കരിക്കാമെന്ന് എന്റെ പിതാവ് പറഞ്ഞത്.'- സഹോദരൻ നവീദ് വ്യക്തമാക്കുന്നു. ആദ്യം ഹുമൈറയുടെ കുടുംബം മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. പിന്നീട് സഹോദരനെത്തി മൃതദേഹം ലാഹോറിലേക്ക് കൊണ്ടുപോയി.

2015-ലാണ് ഹുമൈറ അഭിനേത്രി എന്ന നിലയില്‍ കരിയര്‍ തുടങ്ങിയത്. ജസ്റ്റ് മാരിഡ്, എഹ്സാന്‍ ഫറാമോഷ്, ഗുരു, ചല്‍ ദില്‍ മേരെ തുടങ്ങിയ ടെലിവിഷന്‍ ഷോകളില്‍ സഹവേഷങ്ങളില്‍ അഭിനയിച്ചു. ജലേബി (2015), ലവ് വാക്സിന്‍ (2021) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2022-ല്‍ എആര്‍വൈ ഡിജിറ്റലില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ തമാഷാ ഘറില്‍ പങ്കെടുത്തതോടെ അവര്‍ കൂടുതല്‍ ശ്രദ്ധേയയായി.

Content Highlights: pakistani histrion humaira asghar alis death

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article