9 റൺസും പാണ്ഡ്യയുടെ വിക്കറ്റുമായി ഹെയ്സൽവുഡിന്റെ 19–ാം ഓവർ; പിന്നാലെ മുംബൈയെ നിശബ്ദമാക്കി ക്രുനാലിന്റെ 3 വിക്കറ്റ് ഓവർ– വിഡിയോ

9 months ago 6

മുംബൈ∙ ആവേശം അവസാന ഓവർ വരെ നീണ്ടുനിന്ന ഐപിഎൽ ത്രില്ലർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവി 12 റൺസിന് ജയിച്ചു കയറിയപ്പോൾ, ശ്രദ്ധാകേന്ദ്രമായത് മുംബൈ ഇന്നിങ്സിലെ അവസാന 12 പന്തുകൾ! അവസാന രണ്ട് ഓവറിൽ മുംബൈയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 28 റൺസാണ്. തകർത്തടിച്ച് തോൽവി ഉറപ്പിച്ച മത്സരത്തിൽ മുംബൈയ്‍ക്ക് ജീവൻ സമ്മാനിച്ച ഹാർദിക് പാണ്ഡ്യ ക്രീസിൽ നിൽക്കെ, ഈ രണ്ട് ഓവറുകളിൽ ഓസീസ് താരം ജോഷ് ഹെയ്സൽവുഡും ക്രുനാൽ പാണ്ഡ്യയും പുറത്തെടുത്ത മാസ്മരിക ബോളിങ് പ്രകടനമാണ് മത്സരം ആർസിബിക്ക് അനുകൂലമാക്കിയത്.

മത്സരത്തിലെ അതി നിർണായക ഘട്ടത്തിൽ അവസാന രണ്ട് ഓവർ ബാക്കിനിൽക്കെ ബോൾ ചെയ്യാൻ ബെംഗളൂരു നിരയിലുണ്ടായിരുന്നത് ജോഷ് ഹെയ്സൽവുഡും ക്രുനാൽ പാണ്ഡ്യയും. ഇതിൽ 19–ാം ഓവർ ജോഷ് ഹെയ്സൽവുഡിനു നൽകാനുള്ള ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ നീക്കം നിർണായകമായി. തൊട്ടുമുൻപത്തെ ഓവറിൽ ഇരട്ട സിക്സറുമായി ക്രുനാലിനെ ‘ക്രൂരമായി ശിക്ഷിച്ച’ സഹോദരൻ ഹാർദിക് പാണ്ഡ്യ ക്രീസിൽ നിൽക്കെയാണ്, 19–ാം ഓവർ രജത് ഹെയ്‌സൽവുഡിന് നൽകിയത്.

18 ഓവർ പൂർത്തിയായപ്പോൾ 12 പന്തിൽ 28 റൺസായിരുന്നു മുംബൈയ്ക്ക് ജയിക്കാൻ ആവശ്യം. സ്ട്രൈക്കിൽ 14 പന്തിൽ 42 റൺസുമായി മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ.  തന്റെ ആദ്യ പന്തിൽ തന്നെ ഹാർദിക്കിനെ ലിവിങ്സ്റ്റന്റെ കൈകളിൽ എത്തിച്ച ഹെയ്സൽവുഡ് മത്സരത്തിൽ ബെംഗളൂരുവിന് മുൻതൂക്കം നൽകി. പിന്നാലെ തുടർച്ചയായ 3 യോർക്കറുകൾ. മുംബൈ ബാറ്റർമാർക്ക് നേടാനായത് 2 റൺസ് മാത്രം. അഞ്ചാം പന്തിലും ഹെയ്സൽവുഡ് യോർക്കറിനു ശ്രമിച്ചെങ്കിലും ലോ ഫുൾടോസായ ബോളിൽ മിച്ചൽ സാന്റ്നറുടെ സിക്സ്. അടുത്ത പന്തിൽ ഒരു റൺ മാത്രം വിട്ടുനൽകിയ ഹെയ്സൽവുഡ് ഓവറിൽ ആകെ വഴങ്ങിയത് 9 റൺസും നേടിയത് ഹാർദിക്കിന്റെ നിർണായക വിക്കറ്റും.

ഇതോടെ, അവസാന ഓവറിൽ മുംബൈയ്‌ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 19 റൺസ്. നമാൻ ധിറും പടുകൂറ്റൻ സിക്സറുകൾ കണ്ടെത്താൻ മികവുള്ള മിച്ചൽ സാന്റ്നറും ക്രീസിൽ നിൽക്കെ രജത് പന്ത് നൽകിയത് ക്രുനാലിനു തന്നെ. ആദ്യ പന്തിൽത്തന്നെ സാന്റ്നറിനെ ബൗണ്ടറി ലൈനിന് അരികെ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചാണ് ക്രുനാൽ തുടക്കമിട്ടത്. പകരം വന്നത് സിക്സർ മഴ പെയ്യിക്കാൻ ശേഷിയുള്ള ദീപക് ചാഹർ.

നേരിട്ട ആദ്യപന്തു തന്നെ ബൗണ്ടറിക്കു മുകളിലൂടെ ഗാലറിയിലെത്തിക്കാനുള്ള ചാഹറിന്റെ ശ്രമം പാളി. ബൗണ്ടറി ലൈനിന് തൊട്ടരികെ ഉയർന്നുചാടി പന്ത് കയ്യിലൊതുക്കിയ ഫിൽ സോൾട്ടിന് നിയന്ത്രണം നഷ്ടമായെങ്കിലും, ബൗണ്ടറി കടക്കും മുൻപേ പന്ത് അസാമാന്യ മികവോടെ ഗ്രൗണ്ടിലുണ്ടായിരുന്ന ടിം ഡേവിഡിന്റെ കൈകളിലേക്ക് ഇട്ടുകൊടുത്തു. അംപയർമാർ സംശയത്തിന്റെ ആനുകൂല്യം നൽകി റീപ്ലേ പരിശോധിച്ചെങ്കിലും ക്ലീൻ ക്യാച്ച്!

നാലാം പന്തിൽ നമാൻ ധിർ ബൗണ്ടറി കണ്ടെത്തിയതോടെ അവസാന രണ്ടു പന്തിൽ സിക്സർ നേടിയാൽ മത്സരം സൂപ്പർ ഓവറിലേക്കു നീട്ടാനുള്ള അവസരവും മുംബൈയ്ക്കു മുന്നിലുണ്ടായിരുന്നതാണ്. അഞ്ചാം പന്തിൽ നമാൻ ധിറിനെ ബൗണ്ടറിക്കരികെ യഷ് ദയാലിന്റെ കൈകളിലെത്തിച്ച് ക്രുനാൽ ആ പ്രതീക്ഷയും തകർത്തു. അവസാന പന്തിൽ ബുമ്രയെ കാഴ്ചക്കാരനാക്കി ഓവർ പൂർത്തിയാക്കിയതോടെ, ആർസിബിക്ക് 12 റൺസ് വിജയവും ഒരു പതിറ്റാണ്ടിനു ശേഷം വാങ്കഡെ കീഴടക്കിയതിന്റെ ആഹ്ലാദവും!

English Summary:

Bowling Magic of Josh Hazlewood and Krunal Pandya Seal RCB Victory astatine Wankhede

Read Entire Article