'9 വർഷം വേണ്ടിവന്നു ഇങ്ങനെയൊന്ന് നിൽക്കാൻ'; 'കിങ്ഡം' പ്രീ റിലീസ് ചടങ്ങിൽ കയ്യടി വാങ്ങി വെങ്കിടേഷ്

5 months ago 6

Venky and Vijay Deverakonda

വെങ്കിടേഷ്, വിജയ് ദേവരകൊണ്ട | സ്ക്രീൻ​ഗ്രാബ്

വിജയ് ദേവരകൊണ്ടയെ നായകനാക്കി ​ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ്ഡം. മലയാളി താരം വെങ്കിടേഷ് ആണ് ചിത്രത്തിൽ പ്രധാന വില്ലനായെത്തുന്നത്. സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ തെലുങ്കിൽ സംസാരിച്ചും അനുഭവങ്ങൾ പങ്കുവെച്ചും കയ്യടി നേടുന്ന വെങ്കിടേഷിന്റെ വീഡിയോ ശ്രദ്ധേയമാവുകയാണ്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചും അനിരുദ്ധ് ഈണം പകർന്ന പശ്ചാത്തലസം​ഗീതത്തിനൊപ്പം അഭിനയിക്കാനായതിന്റെയും അനുഭവങ്ങളാണ് വെങ്കിടേഷ് പങ്കുവെച്ചത്.

ഇത്രയും വലിയൊരു വേദിയും കാണികളും ജീവിതത്തിൽ ആദ്യമായിട്ടാണെന്ന് വെങ്കിടേഷ് പറഞ്ഞു. ഇതെല്ലാം താൻ സ്വപ്നം കണ്ട നിമിഷങ്ങളാണ്. ഇപ്പോഴാണ് അത് സംഭവിച്ചത്. അതിനു കാരണം കിങ്ഡം എന്ന സിനിമയാണ്. പേര് വെങ്കിടേഷ് എന്നാണ്. കേരളമാണ് നാട്. നിങ്ങൾക്ക് വെങ്കി എന്നു വിളിക്കാം. മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്താണ് താൻ വന്നത്. പിന്നെ സംഭാഷണമുള്ള വേഷങ്ങൾ കിട്ടുകയും നായകനാവുകയും ചെയ്തു. തമിഴിൽ വില്ലനായി. ചലച്ചിത്രജീവിതം ഇപ്പോൾ കിങ്ഡം എന്ന തെലുങ്കു സിനിമയിൽ എത്തി നിൽക്കുന്നു. ഇതിന് 9 വർഷങ്ങൾ വേണ്ടി വന്നു. ആ യാത്രയിൽ സന്തോഷമുണ്ട്. ഈ അവസരം തന്ന സിത്താര എന്റർടെയ്ൻമെന്റ്സിന് നന്ദിയുണ്ടെന്നും വെങ്കി പറഞ്ഞു.

"എനിക്കു വേണ്ടി ഒരു കാരവാൻ ഡോർ തുറക്കപ്പെട്ട ആദ്യ സിനിമ ഇതാണ്. വളരെ സാധാരണ ചുറ്റുപാടിൽ നിന്നാണ് ഞാൻ വരുന്നത്. അതുകൊണ്ടു തന്നെ ആ ജീവിതത്തോടും ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്. ഈ സിനിമയുടെ അണിയറപ്രവർത്തകർക്ക് വലിയൊരു നന്ദി. ഈ സിനിമ നന്നായി വരട്ടെ. ഇതേ പ്രൊഡക്ഷൻ കമ്പനിക്കൊപ്പം ഇനിയും പ്രവർത്തിക്കാൻ കഴിയട്ടെ. അവർക്കൊപ്പം നായകനായും എനിക്ക് അവസരം ലഭിക്കട്ടെ! ഒരു നായകനാകണം എന്നാണ് എന്റെ ആഗ്രഹം. അതിനാണ് ഞാൻ താടിയും മീശയും എല്ലാം ഒതുക്കി ഈ രൂപത്തിൽ വന്നത്. ഇവിടെ സന്നിഹിതരായിരിക്കുന്ന സംവിധായകരും നിർമാതാക്കളും പരി​ഗണിക്കുമല്ലോ! നിങ്ങൾ എല്ലാവരും എന്നെ പരിഗണിക്കണം. ഈ സിനിമയിൽ ഞാൻ തന്നെയാണ് ഡബ് ചെയ്തിരിക്കുന്നതും." വെങ്കിടേഷ് മനസുതുറന്നു.

അനിരുദ്ധ് കൊച്ചിയിൽ സം​ഗീതപരിപാടിയുമായി വന്നപ്പോൾ കാണാൻ പോകാൻ പറ്റിയില്ലെന്ന നിരാശയും പകരം അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനായതിലെ സന്തോഷവും വെങ്കിടേഷ് പങ്കുവെച്ചു. സദസിലുണ്ടായിരുന്ന അനിരുദ്ധിനെ എടുത്തുപറഞ്ഞാണ് ഈ അനുഭവം വെങ്കിടേഷ് പറഞ്ഞത്.

"ഞാൻ തലൈവർ രജിനികാന്തിന്റെ വലിയൊരു ആരാധകനാണ്. എന്റെ അപ്പയും കുടുംബം മൊത്തവും തലൈവരുടെ ആരാധകരാണ്. എന്റെ റിങ്ടോൺ പോലും ‘പോടാ... അന്ത ആണ്ടവനെ നമ്മ പക്കം ഇര്ക്കാ’ എന്നതാണ്. അനിരുദ്ധ് സംഗീതം ചെയ്യുന്ന ഒരു സിനിമയിൽ ഞാൻ അഭിനയിക്കും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. പക്ഷേ, ഒരു ദിവസം എന്റെ സുഹൃത്തുക്കൾ കൊച്ചിയിൽ അനിരുദ്ധ് നയിച്ച സംഗീതപരിപാടി കാണാൻ എന്നെ വിളിച്ചു. പക്ഷേ, എനിക്ക് പോകാൻ കഴിഞ്ഞില്ല. ഒരു രസത്തിന് ഞാൻ അവരോടു പറഞ്ഞു, സാരമില്ല... ഞാൻ അനിരുദ്ധ് സംഗീതം ചെയ്യുന്ന പടത്തിൽ അഭിനയിച്ചോളാം എന്ന്. പക്ഷേ, യഥാർഥത്തിൽ അങ്ങനെ സംഭവിച്ചു. ഇനി തലൈവരുടെ ഡയലോഗിനു ശേഷം അനിരുദ്ധ് എന്റെ കഥാപാത്രത്തിന് നൽകിയ ബിജിഎം ഇടാമല്ലോ! സത്യമായിട്ടും ഞാൻ വലിയ സന്തോഷത്തിലാണ്."

"സിനിമാക്കാർ സ്ഥിരം നേരിടുന്ന ഒരു ചോദ്യമുണ്ട്. സിനിമയൊന്നും ഇല്ലേ? എന്താണിപ്പോൾ സിനിമ ഇല്ലാത്തത്? എന്നോട് ചോദിക്കുന്നവരോട് ഞാൻ പറഞ്ഞു, ഞാനൊരു തമിഴ് സിനിമ ചെയ്തു എന്ന്. അപ്പോൾ അവർ ചോദിക്കും, അപ്പോൾ മലയാളത്തിൽ ഒന്നുമില്ലേ എന്ന്. അടുത്ത സിനിമ ഏതാണെന്നു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, തെലുങ്ക് സിനിമയാണെന്ന്. വിജയ് ദേവരക്കോണ്ടയുടെ സിനിമയാണ് ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ അവർ അമ്പരന്നു. നല്ല സിനിമയാണോ, നല്ല റോൾ ആണോ എന്നായി അടുത്ത ചോദ്യം.

വിജയ് ദേവരകൊണ്ട എന്ന പേര് ഞാൻ പറഞ്ഞപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ ഭാവത്തിൽ താങ്കളുടെ വർക്കിന് പിന്നിലുള്ള കഠിനാധ്വാനവും ആത്മസമർപ്പണവും എനിക്ക് ബോധ്യപ്പെട്ടു. ഇങ്ങനെ പ്രേക്ഷകരുടെ കയ്യടിയും സ്നേഹവും നേടിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. താങ്കൾ അതു നേടിക്കഴിഞ്ഞു. ഇന്നലെ എന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ആയി. അത് താങ്കൾ സ്റ്റോറി ആക്കി. എന്നെക്കുറിച്ച് ഒരുപാടു നല്ല വാക്കുകൾ കുറിച്ചു. അതുപോലെ നിരവധി പേർ എന്റെ പോസ്റ്റർ സ്റ്റോറി ആക്കി. ഞാനിതു വരെ ചെയ്ത സിനിമകളിൽ നിന്നു കിട്ടിയ പ്രതികരണത്തേക്കാൾ വലിയ സ്വീകാര്യതയാണ് ആ ക്യാരക്ടർ പോസ്റ്ററിലൂടെ എനിക്ക് ലഭിച്ചത്.

വിജയ് ദേവരകൊണ്ട വേദിയിലേക്ക് വന്നപ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. താങ്കളുടെ അമ്മ അവിടെ ഇരുന്ന് ഉമ്മകൾ വാരി വിതറുകയായിരുന്നു. വീട്ടിൽ ഞാൻ ഈ സിനിമയുടെ ട്രെയിലർ വച്ചപ്പോൾ എന്റെ അമ്മ ഇരുന്ന് കയ്യടിക്കുകയായിരുന്നു. അവരുടെ പേര് താര എന്നാണ്. അവരാണ് എന്റെ ആദ്യ ആരാധിക. ഞാൻ ഈ സിനിമ എന്റെ അമ്മയ്ക്കായി സമർപ്പിക്കുന്നു. ഒപ്പം എന്റെ അപ്പയ്ക്കും. അദ്ദേഹം ഇപ്പോൾ ഞങ്ങൾക്കൊപ്പമില്ല. പക്ഷേ, അപ്പയാണ് എന്നെ ഒരു തലൈവർ ആരാധകനാക്കിയത്. ഞാനെന്തെങ്കിലും സങ്കടത്തിൽ ഇരിക്കുകയാണെങ്കിൽ തലൈവരുടെ ഒരു പ്രസംഗം കേട്ടാൽ മതി, ഞാൻ വീണ്ടും ഉഷാറാകും." വെങ്കിടേഷ് കൂട്ടിച്ചേർത്തു.

ചിത്രത്തിലെ സഹതാരങ്ങളായ സത്യദേവ്, നായിക ഭാ​ഗ്യശ്രീ ബോർസെ, ഛായാ​ഗ്രാഹകരായ ജോമോൻ ടി. ജോൺ, ​ഗിരീഷ് ​ഗം​ഗാധരൻ സംവിധായകൻ ​ഗൗതം തിന്നനൂരി എന്നിവരേയും വെങ്കിടേഷ് എടുത്തുപറഞ്ഞു. ചിത്രം നിർമിച്ച സിതാര എന്റർടെയ്ൻമെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ട്രെൻഡിങ് സ്പീച്ചെന്നാണ് ഒരാളുടെ പ്രതികരണം. പറയുന്ന ഓരോ വാക്കും ആസ്വദിച്ചാണ് വെങ്കിടേഷ് പറയുന്നത്. അനിരുദ്ധിനെ കാണാൻ വന്നിട്ട് സിലബസിലില്ലാത്ത ഒരാളെ കണ്ട് അമ്പരന്നു എന്നെല്ലാമാണ് വന്നിരിക്കുന്ന മറ്റു പ്രതികരണങ്ങൾ.

Content Highlights: From Kerala to 'Kingdom': Actor Venkatesh's Inspiring Telugu Cinema Debut

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article