90 മീറ്റർ അകലെ നിന്ന് 9 ടച്ചുകളുമായി കുതിച്ച് ടോട്ടനം താരം, 9 സെക്കൻഡിൽ‌ സൂപ്പർ സോളോ ഗോൾ!

2 months ago 3

മനോരമ ലേഖകൻ

Published: November 06, 2025 01:58 PM IST

1 minute Read

സോളോ 
ഗോൾ 
നേടിയ 
ടോട്ടനം താരം ഫാൻ ഡെ ഫെന്നിന്റെ ആഹ്ലാദം.
സോളോ ഗോൾ നേടിയ ടോട്ടനം താരം ഫാൻ ഡെ ഫെന്നിന്റെ ആഹ്ലാദം.

ലണ്ടൻ ∙ ടോട്ടനം ഹോട്സ്പർ സെൻട്രൽ ഡിഫൻഡർ മിക്കി ഫാൻ ഡെ ഫെനിന്റെ കാലിൽ പന്തു കിട്ടുമ്പോൾ കോപ്പൻഹേഗൻ ഗോൾപോസ്റ്റ് 90 മീറ്റർ ദൂരെയായിരുന്നു. സ്വന്തം ഗോൾപോസ്റ്റിൽനിന്ന് അവിടേക്കുള്ള ദൂരം ഒറ്റയ്ക്കു പന്തുമായി മുന്നേറാൻ ഇരുപത്തിനാലുകാരൻ ഡച്ച് താരത്തിനു വേണ്ടിവന്നതു വെറും 9 സെക്കൻഡ്. ഇതിനിടെ, വെറും 9 ടച്ചുകൾ. 10–ാം ടച്ചിൽ ഈ സീസണിൽ ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായൊരു സോളോ ഗോൾ പിറന്നു!

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലിഷ് ക്ലബ് ടോട്ടനവും ഡെന്മാർക്ക് ക്ലബ് എഫ്സി കോപ്പൻഹേഗനും തമ്മിലുള്ള മത്സരമായിരുന്നു വേദി. 90 മീറ്റർ ദൂരം പന്തുമായി ഒറ്റയ്ക്കോടി ഫാൻ ഡെ ഫെൻ നേടിയ ഗോൾ ചാംപ്യൻസ് ലീഗ് ചരിത്രത്തിലെ മികച്ച സോളോ ഗോളുകളുടെ പട്ടികയിൽ ഇടംനേടിക്കഴിഞ്ഞു. 64–ാം മിനിറ്റിൽ ‌‌ടോട്ടനത്തിന്റെ ഗോൾ ഏരിയയിൽ കോപ്പൻഹേഗൻ താരത്തിന്റെ കാലിൽനിന്നു പന്തു റാഞ്ചിയെടുത്താണ് ഫാൻ ഡെ ഫെൻ കുതിപ്പു തുടങ്ങിയത്. മധ്യവര വരെ എതിരാളികളില്ലാതെ ഓടിയ ഫാൻ ഡെ ഫെന്നിനു പിന്നീടും കോപ്പൻഹേഗൻ ഡിഫൻഡർമാർ കാര്യമായ വെല്ലുവിളി സൃഷ്ടിച്ചില്ല. കോപ്പൻഹേഗൻ ബോക്സിനുള്ളിലേക്കു കയറിയ ഉടൻ ഗോൾകീപ്പർ ഡൊമിനിക് കൊടാർസ്കിയെ കാഴ്ചക്കാരനാക്കി ഫാൻ ഡെ ഫെന്നിന്റെ ബുള്ളറ്റ് ഷോട്ട്!

മത്സരം 4–0ന് ജയിച്ച ടോട്ടനം 8 പോയിന്റുമായി ടോപ് 8ൽ എത്തി. ബ്രണ്ണൻ ജോൺസൺ (19), വിൽസൺ ഒഡോബെർട്ട് (51), പകരക്കാരൻ ജോവ പൗളിഞ്ഞോ എന്നിവരാണ് ടോട്ടനത്തിന്റെ മറ്റു ഗോൾ സ്കോറർമാർ.

038

English Summary:

Van de Ven's Solo Masterpiece: Tottenham Defender Nets Goal of the Season Contender

Read Entire Article