1934ൽ തുടങ്ങി, ശതാബ്ദി ആഘോഷിക്കാൻ ഒരുങ്ങുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിൽ, ഓരോ സീസണിലും ശരാശരി 500ൽ അധികം താരങ്ങൾ വിവിധ ടീമുകളിലായി കളിക്കുന്നുണ്ട്. എന്നാൽ 90 വർഷം പിന്നിട്ട രഞ്ജി ചരിത്രത്തിൽ ഒരേയൊരു താരം മാത്രമേ 3 ട്രിപ്പിൾ സെഞ്ചറി നേടിയിട്ടുള്ളൂ. ഇതിഹാസ താരങ്ങളായ സുനിൽ ഗാവസ്കറിലും സച്ചിൻ തെൻഡുൽക്കറിലും തുടങ്ങി വിരാട് കോലി വരെയുള്ളവർക്ക് എത്തിപ്പിടിക്കാനാവാത്ത ആ റെക്കോർഡിന്റെ ഉടമ ഗുജറാത്തിൽ നിന്നുള്ള ഒരു ഇടംകൈ ഓൾറൗണ്ടറാണ്; രവീന്ദ്ര ജഡേജ!
റെഡ് ബോൾ ക്രിക്കറ്റിൽ ഇത്രയും മികച്ച ബാറ്റിങ് റെക്കോർഡ് ഉണ്ടായിട്ടും ജഡേജയെ പലപ്പോഴും ഒരു ബോളിങ് ഓൾറൗണ്ടർ ആയി മാത്രമാണ് ടീം ഇന്ത്യ പരിഗണിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ ഇന്ത്യ– ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ മുൻനിര തകർന്നടിഞ്ഞപ്പോൾ ടീമിന് അവസാന നിമിഷംവരെ വിജയപ്രതീക്ഷ നൽകിയത് മുപ്പത്തിയാറുകാരൻ ജഡേജയുടെ ചെറുത്തുനിൽപായിരുന്നു. സമകാലീനരായ രോഹിത് ശർമയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയപ്പോൾ ജഡേജയുടെ വിരമിക്കലിനായി മുറവിളികൾ ഉയർന്നിരുന്നു.
എന്നാൽ 73 വർഷത്തിനിടെ, ലോഡ്സ് ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും അർധ സെഞ്ചറി നേടുന്ന ഏക ഇന്ത്യൻ താരമെന്ന റെക്കോർഡുമായാണ് ജഡേജ അവർക്കു മറുപടി നൽകിയത്. പരമ്പരയിലെ 3 മത്സരങ്ങളിൽ നിന്ന് 109 ശരാശരിയിൽ 327 റൺസുമായി ടോപ് 5 ബാറ്റർമാരുടെ പട്ടികയിൽ ഈ ഇടംകൈ ഓൾറൗണ്ടറുണ്ട്.
∙ ബോൾ ബൈ ബോൾ
ബാറ്റിങ് ശൈലിയിൽ ശുഭ്മൻ ഗില്ലിന്റെയോ കെ.എൽ.രാഹുലിന്റെയോ സാങ്കേതികത്തികവ് ജഡേജയ്ക്കില്ലായിരിക്കാം. എന്നാൽ ബാറ്റിങ് അതീവ ദുഷ്കരമായിരുന്ന ലോഡ്സിലെ പിച്ചിൽ, രണ്ട് ഇന്നിങ്സിലും 100ൽ അധികം പന്തുകൾ നേരിട്ട ഒരേയൊരു താരമാണ് ജഡേജ.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ നിരയിൽ ഒരു ബാറ്റർക്കു പോലും 60 പന്തുകളിൽ കൂടുതൽ ക്രീസിൽ നിലയുറപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ പുറത്താകാതെ 181 പന്തുകളാണ് ജഡേജ പ്രതിരോധിച്ചത്. മറുവശത്ത് ഇംഗ്ലിഷ് നിരയിലും രണ്ടാം ഇന്നിങ്സിൽ ഒരു ബാറ്റർക്കും 100നു മുകളിൽ പന്തുകൾ പിടിച്ചുനിൽക്കാൻ സാധിച്ചില്ല.
∙ ‘ഇടതു’ ബദൽ
വളരെ പരിമിതമായ ഷോട്ടുകൾ മാത്രം കയ്യിലുള്ള ബാറ്ററാണ് ജഡേജ. പൊതുവേ ഇടംകൈ ബാറ്റമാർ മനോഹരമായി കളിക്കുന്ന കവർ ഡ്രൈവോ ഓഫ് ഡ്രൈവുകളോ ജഡേജയുടെ ഇന്നിങ്സിൽ കാണാൻ സാധിക്കില്ല. ഫ്രണ്ട് ഫൂട്ടിൽ ഊന്നിയ, ഓപ്പൺ ബാറ്റിങ് സ്റ്റാൻഡ്സുമായി കളിക്കുന്ന ജഡേജയുടെ പ്രധാന സ്കോറിങ് ഏരിയ ലെഗ് സൈഡാണ്.
വിക്കറ്റ് ടു വിക്കറ്റോ ബോഡി ലൈനിലോ വരുന്ന പന്തുകൾ തന്റെ കൈക്കുഴയുടെ കരുത്തിൽ അനായാസം ജഡേജ ലെഗ് സൈഡിലേക്കു തിരിച്ചുവിടുന്നു. ലോഡ്സ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ജഡേജ നേടിയ റൺസിന്റെ 74 ശതമാനവും ലെഗ് സൈഡിലായിരുന്നു. തന്റെ ഓഫ് സൈഡ് പരിമിതിയെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള താരം ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തുകളെ ഒരിക്കൽപോലും ഏന്തിവലിഞ്ഞ് കളിക്കാൻ ശ്രമിക്കാറില്ല.
∙ കപിലിനൊപ്പം ജഡേജ
രാജ്യാന്തര ക്രിക്കറ്റിൽ 7000 റൺസും 600 വിക്കറ്റും നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി രവീന്ദ്ര ജഡേജ. 7018 റൺസും 611 വിക്കറ്റുമാണ് ജഡേജയുടെ ഇതുവരെയുള്ള നേട്ടം. 9031 റൺസും 687 വിക്കറ്റുമുള്ള കപിൽ ദേവാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ ഇന്ത്യക്കാരൻ. ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ, ദക്ഷിണാഫ്രിക്കയുടെ ഷോൺ പൊള്ളോക്ക് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങൾ.
∙ പ്രതിരോധം പ്രധാനം
മൂന്നാം ടെസ്റ്റിൽ ഏറെ ചർച്ചയായത് ജഡേജയുടെ ഡിഫൻസ് ടെക്നിക്കായിരുന്നു. സ്വിങ്ങും പേസും ലോ ബൗൺസുമുള്ള പിച്ചിൽ ഇത്രയേറെ പന്തുകൾ ജഡേജ എങ്ങനെ അതിജീവിച്ചു എന്നതായിരുന്നു പലർക്കും അദ്ഭുതം. ബാറ്റും പാഡും ഒരേസമയം സമാന്തരമായി മുന്നോട്ടാഞ്ഞ് പന്തിനെ പ്രതിരോധിക്കുന്ന ക്ലാസിക്കൽ രീതിയല്ല ജഡേജയുടേത്.
പകരം ബാറ്റിന്റെ പാതി ഭാഗം പാഡിനെ കവർ ചെയ്തുകൊണ്ടാണ് ജഡേജ ഫ്രണ്ട് ഫൂട്ട് ഡിഫൻസിനു ശ്രമിക്കാറുള്ളത്. ഇതുവഴി എൽബിഡബ്ല്യു ആകാനുള്ള സാധ്യത പരമാവധി ഒഴിവാക്കാൻ കഴിയും. ബാക്ക് ഫൂട്ട് ഡിഫൻസിലേക്കു വരുമ്പോൾ ബാറ്റും ശരീരവും പന്തിന്റെ ലൈനിലേക്കു കൊണ്ടുവരാനും സോഫ്റ്റ് ഹാൻഡ്സ് ഉപയോഗിച്ച് പരമാവധി വൈകി പന്തിനെ നേരിടാനും ജഡേജ ശ്രദ്ധിക്കുന്നു.
English Summary:








English (US) ·