അമ്പതോവര്‍ ക്രിക്കറ്റ് കളിക്കാന്‍ തന്റെ ശരീരം പ്രാപ്തമല്ലെന്ന് പറഞ്ഞുവെച്ചാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏകദിനക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്. വെടിക്കെട്ട് ബാറ്റര്‍മാര്‍ നിറഞ്ഞുനിന്ന ഓസീസ് ക്രിക്കറ്റിന് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നിമിഷങ്ങള്‍ സമ്മാനിച്ചാണ് മടക്കം. 13 വര്‍ഷത്തെ ഏകദിനകരിയറില്‍ ക്രിക്കറ്റ് ലോകത്തെ ഒരു ത്രില്ലര്‍ സിനിമപോലെ മാറ്റിതീര്‍ത്തിട്ടുണ്ട് താരം. ക്ലൈമാക്‌സില്‍ രക്ഷകന്റെ പരിവേഷം അണിഞ്ഞിട്ടുമുണ്ട്. ഒരുവട്ടമല്ല, പലവട്ടം. അപ്രതീക്ഷിതമെങ്കിലും അനിവാര്യമായ ആ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ ആരാധകരുടെ മനസില്‍ രണ്ടുവര്‍ഷം മുമ്പത്തെ ഏകദിനലോകകപ്പ് ചിത്രമായിരിക്കും കടന്നുവരുന്നുണ്ടാകുക. ഒറ്റക്കാലില്‍ സിക്‌സറുകളുടെയും ഫോറുകളുടെയും പെരുമഴകൊണ്ട് ഓസീസിന് അദ്ഭുതജയം സമ്മാനിച്ച ആ മാസ്മരിക ഇന്നിങ്‌സ്.
2023 നവംബർ ഏഴിന് ഏകദിനലോകകപ്പിൽ അഫ്ഗാനെതിരേയാണ് മാക്സവെൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.ആടിയുലഞ്ഞ ഓസീസ് ക്രിക്കറ്റ് ടീമിനെ വേദന സഹിച്ചും ക്ഷമിച്ചും ആഞ്ഞടിച്ചും വിജയതീരത്തെത്തിച്ച കപ്പിത്താനായി മാക്സി മാറി. ഒരു ഘട്ടത്തില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസ്‌ട്രേലിയയെ ഇരട്ട സെഞ്ചുറി നേടി വിജയത്തിലെത്തിച്ച മാക്‌സ്‌വെല്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. കൂട്ടാളികളെല്ലാം മടങ്ങിയപ്പോള്‍ ഒറ്റയാനായി പൊരുതി 128 പന്തില്‍ 201 റണ്‍സുമായി പുറത്താകാതെനിന്ന ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ അതുല്യ ഇന്നിങ്‌സ് ഓസീസിന് സെമി ടിക്കറ്റും നേടിക്കൊടുത്തു.
അഫ്ഗാനെതിരേ തുടക്കം തകർന്നടിഞ്ഞ ഓസീസ് 19-ാം ഓവറിൽ എത്തിനിൽക്കുമ്പോൾ ഏഴിന് 91 എന്ന നിലയിലായിരുന്നു. ലക്ഷ്യം 292 റൺസായിരുന്നു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (18), ട്രാവിസ് ഹെഡ് (0), മൂന്നാമനായ മിച്ചല്‍ മാര്‍ഷ് (24), മാര്‍നസ് ലെബുഷെയ്ന്‍ (14), ജോഷ് ഇംഗ്ലിസ് (0), മാര്‍ക്കസ് സ്റ്റോയ്‌നിസ് (6), മിച്ചല്‍ സ്റ്റാര്‍ക് (3) എന്നിവര്‍ വേഗം കൂടാരം കയറി.നിർണായകമായ പോരാട്ടത്തിൽ മാക്‌സ്‌വെൽ നായകൻ കമ്മിൻസിനെ ഒരുവശത്ത് നിർത്തി പോരാട്ടത്തിന് നാന്ദി കുറിക്കുകയായിരുന്നു. പിന്നെ അഫ്ഗാൻ ബൗളർമാരെ തലങ്ങും വിലങ്ങും താരം പ്രഹരിച്ചു.
22-ാം ഓവറില്‍ അഫ്ഗാനിസ്താന്റെ എല്‍.ബി. അപ്പീലില്‍ മാക്‌സ്വെല്ലിന്റെ ഔട്ട് വിളിച്ചിരുന്നു. എന്നാല്‍ റിവ്യൂവിലൂടെ തിരിച്ചുവന്നു. അതേ ഓവറില്‍ ഒരു ക്യാച്ച് അവസരത്തില്‍നിന്നും രക്ഷപ്പെട്ടു. പിന്നീട് തിരിഞ്ഞുനോക്കിയില്ല. ലോക ക്രിക്കറ്റില്‍ ഓപ്പണര്‍ അല്ലാത്ത ബാറ്ററുടെ ഉയര്‍ന്ന സ്‌കോറും ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കാരന്റെ ഉയര്‍ന്ന സ്‌കോറിലേക്കുമുള്ള കുതിപ്പായിരുന്നു കണ്ടത്. 37 ഓവര്‍ കഴിഞ്ഞപ്പോള്‍ പേശിവലിവിനെത്തുടര്‍ന്ന് ഓടാന്‍ ബുദ്ധിമുട്ടിയ മാക്‌സ്വെല്‍ പിന്നീട് ബൗണ്ടറികളില്‍ ഊന്നി. അതിന് അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു കമിന്‍സിന്റെ ദൗത്യം. കഷ്ടപ്പെട്ടാണെങ്കിലും ഇടയ്ക്ക് സിംഗിളുകളും എടുത്തു.
അവസാന നാല് ഓവറില്‍ ഓസ്‌ട്രേലിക്ക് ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ 47-ാം ഓവറിലെ ആദ്യ രണ്ടു പന്തും സിക്‌സും മൂന്നാം പന്ത് ഫോറും നാലാം പന്ത് വീണ്ടും സിക്‌സുമടിച്ച് മാക്‌സ്‌വെല്‍ ചരിത്രവിജയത്തിന് അടിവരയിട്ടു. നാലാം സിക്സോടെ ഇരട്ടസെഞ്ചുറി കുറിച്ചത് ആ ഇന്നിങ്‌സിന് ചേര്‍ന്ന ഉപസംഹാരമായി. 19-ാം ഓവറില്‍ ഒന്നിച്ച മാക്‌സ്വെല്‍-കമിന്‍സ് സഖ്യം 47-ാം ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ച് മടങ്ങിയപ്പോള്‍ ലോക ക്രിക്കറ്റില്‍ അവിസ്മരണീയമായ ഒരധ്യായമാണ് പിറവിയെടുത്തത്. സഖ്യം 170 പന്തില്‍ 202 റണ്‍സെടുത്തപ്പോള്‍ അതില്‍ 179 റണ്‍സും മാക്‌സ്വെല്ലിന്റെ ബാറ്റില്‍നിന്നായിരുന്നു.
മാക്‌സ്‌വെല്ലിന്റെ ഈ പ്രകടനത്തിന്റെ കരുത്തില്‍ നിരവധി റെക്കോഡുകളും തകര്‍ന്നുവീണു. ലോകകപ്പിന്റെ ചരിത്രത്തില്‍ ചേസിങ്ങില്‍ ആദ്യമായാണ് ഒരു താരം ഇരട്ടസെഞ്ചുറി നേടുന്നത്. ഇതിനുമുന്‍പ് 2011 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ ആന്‍ഡ്രൂ സ്‌ട്രോസ് നേടിയ 158 ആയിരുന്നു ചേസിങ്ങിലെ ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന വലിയൊരു റെക്കോഡും മാക്‌സ്‌വെല്‍ സ്വന്തമാക്കി. 185 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണിന്റെ റെക്കോഡ് മാക്‌സ്‌വെല്‍ തകര്‍ത്തു. ലോകകപ്പില്‍ ഇരട്ടസെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം താരമായി അന്ന് മാക്‌സ്‌വെല്‍. ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ എന്നിവരാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
ഗപ്റ്റില്‍ 2015-ല്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ 237 റണ്‍സെടുത്തു. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. ലോകകപ്പില്‍ ആദ്യമായി സെഞ്ചുറി നേടിയത് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലാണ്. 2015-ല്‍ തന്നെയാണ് താരവും ഈ നേട്ടത്തിലെത്തിയത്. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ താരം 215 റണ്‍സാണ് അടിച്ചെടുത്തത്. ഏകദിനത്തില്‍ ആദ്യമായി ഇരട്ടസെഞ്ചുറി നേടുന്ന ഓപ്പണറല്ലാത്ത താരം എന്ന റെക്കോഡും താരം സ്വന്തം പേരില്‍ കുറിച്ചു. അങ്ങനെ ഒരുപിടി റെക്കോഡുകൾ കുറിച്ചാണ് അന്ന് മാക്‌സ്‌വെൽ മടങ്ങിയത്.
Content Highlights: unthinkable innings by glenn maxwell against afghanistan odi satellite cup








English (US) ·