19 September 2025, 02:24 PM IST

യുഎഇയ്ക്കെതിരായ മത്സരത്തിൽ പാകിസ്താൻ ടീം ലിസ്റ്റ് മാച്ച് റഫറി ആൻഡി പൈക്രോഫ്‌റ്റിന്‌കൈമാറുന്ന ക്യാപ്‌റ്റൻ സൽമാൻ ആഗ | AP
ദുബായ്; ഏഷ്യാകപ്പില്‍ മത്സരശേഷം പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ താരങ്ങള്‍ കൈകൊടുക്കാതിരുന്ന സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് കടുത്ത നിലപാട് സ്വീകരിച്ചത്. ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് പൈക്രോഫ്റ്റ് പാക് നായകന്‍ സല്‍മാന്‍ ആഗയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പാക് ബോര്‍ഡ് ഐസിസിക്ക് പരാതിയും നല്‍കി. ഇപ്പോഴിതാ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയാണ്.
ടോസിടുന്നതിന് വെറും നാലുമിനിറ്റ് മാത്രം മുമ്പാണ് ഹസ്തദാനം ചെയ്യില്ലെന്ന സന്ദേശം മാച്ച് റഫറിയായ പൈക്രോഫ്റ്റിന് ലഭിക്കുന്നതെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൈക്രോഫ്റ്റ് മൈതാനത്ത് പ്രവേശിക്കുന്നതിന് മുമ്പായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വെന്യു മാനേജറാണ് ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുന്നത്. ബിസിസിഐയില്‍ നിന്ന് ലഭിച്ച അറിയിപ്പിന് പിന്നാലെയാണ് വെന്യു മാനേജര്‍ മാച്ച് റഫറിക്ക് ഈ സന്ദേശം കൈമാറുന്നത്. ബിസിസിഐയുടെ ഈ തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യം പൈക്രോഫ്റ്റിന് ഐസിസിയെ അറിയിക്കാമായിരുന്നുവെന്നാണ് നേരത്തേ പാകിസ്താന്‍ ആരോപിച്ചിരുന്നത്. എന്നാല്‍ പൈക്രോഫ്റ്റിന് വേണ്ടത്ര സമയം ലഭിച്ചില്ല. അതിനാല്‍ ഐസിസിയെ അറിയിക്കാനുമായില്ല. വിവാദത്തിൽ പൈക്രോഫ്റ്റിന് ചെറിയൊരു പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ടോസ് സമയത്ത് ഒരു ക്യാപ്റ്റൻ മറ്റേയാൾക്ക് ഹസ്തദാനം നൽകാൻ വിസമ്മതിക്കുന്നത് വഴിയുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ പാകിസ്താൻ നായകന് ഒരു സന്ദേശം നൽകുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നുമാണ് ഐസിസി വിലയിരുത്തിയത്. പ്രഥമദൃഷ്ട്യാ അദ്ദേഹത്തിന് കാര്യമായ പങ്കില്ലാതിരിക്കെ മാച്ച് ഒഫീഷ്യലിനെ മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഐസിസി വിലയിരുത്തി. തുടർന്നാണ് പാകിസ്താന്റെ പരാതി തള്ളിയത്.
നടപടിയെടുക്കില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നിലപാടെടുത്തതോടെ കഴിഞ്ഞദിവസം യുഎഇ ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ ഭീഷണി മുഴക്കിയിരുന്നു. പിന്നീട് കളിക്കാനിറങ്ങിയെങ്കിലും ടീം ഗ്രൗണ്ടിലെത്താൻ ഒരുമണിക്കൂറോളം വൈകിയതിനാൽ കളി തുടങ്ങാനും വൈകി. ഇത് അന്താരാഷ്ട്ര മത്സരനിയമങ്ങളുടെ ലംഘനമാണമെന്ന് ഐസിസി സിഇഒ സൻജോങ് ഗുപ്ത പാക് ക്രിക്കറ്റ് ബോർഡിന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൈക്രോഫ്റ്റ്, പാക് ക്രിക്കറ്റ് കോച്ചും ക്യാപ്റ്റനുമായി നടത്തിയ ചർച്ച പാക് ടീമിന്റെ മീഡിയാ മാനേജർ വീഡിയോയിൽ പകർത്തിയതും ചർച്ചയായിട്ടുണ്ട്. ഇതും നിയമത്തിനെതിരാണ്. അതിനാൽ പാക് ക്രിക്കറ്റ് ടീമിനെതിരേ നടപടി വന്നേക്കും.
Content Highlights: 4 Minutes Before India vs Pak Toss Match Referee Received BCCIs Message








English (US) ·