
സെഞ്ച്വറി നേടിയ അഭിഷേക് ശർമ| ഫോട്ടോ:എ.എഫ്.പി
ന്യൂഡല്‍ഹി: 2025-26 വര്‍ഷത്തെ ബിസിസിഐ യുടെ വാര്‍ഷിക കരാറില്‍ പുതുമുഖങ്ങള്‍ ഇടംപിടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവര്‍ കരാറില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് ക്രിക്ക്ബസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ എ പ്ലസ് കാറ്റഗറിയില്‍ തന്നെ തുടര്‍ന്നേക്കും. പുതുക്കിയ കരാര്‍ ഈ ആഴ്ച തന്നെ പുറത്തുവന്നേക്കും.
കരാറില്‍ ഉള്‍പ്പെടാന്‍ ഏറ്റവുമധികം സാധ്യതകല്‍പ്പിക്കുന്ന താരം അഭിഷേക് ശര്‍മയാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യക്കായി 17 ടി20 മത്സരങ്ങള്‍ അഭിഷേക് കളിച്ചിട്ടുണ്ട്. ബിസിസിഐ പരിഗണിക്കുന്ന ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 12 ടി20 മത്സരങ്ങള്‍ യുവതാരം കളിച്ചു. ക്രിക്കറ്റ് ബോര്‍ഡിന്റെ സ്റ്റാന്‍ഡേര്‍ഡ് പോളിസി പ്രകാരം ഗ്രേഡ് സി കരാറില്‍ ഉള്‍പ്പെടുത്തണമെങ്കില്‍, പരിഗണിക്കുന്ന കാലയളവില്‍ കുറഞ്ഞത് 10, ടി20 അന്താരാഷ്ട്രമത്സരങ്ങള്‍, 8 ഏകദിനം അല്ലെങ്കില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ എന്നിവ താരങ്ങള്‍ കളിച്ചിരിക്കണം.
നിതീഷ് കുമാര്‍ റെഡ്ഡിയാണ് സാധ്യതകല്‍പ്പിക്കപ്പെടുന്ന മറ്റൊരു താരം. 21-കാരനായ നിതീഷ് ഇതിനോടകം അഞ്ച് ടെസ്റ്റുകളും നാല് ടി20 കളും കളിച്ചിട്ടുണ്ട്. കളിച്ച അഞ്ച് ടെസ്റ്റുകളും കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മത്സരങ്ങളാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം തുടരുന്ന താരം ബിസിസിഐ കരാറില്‍ ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
കൊല്‍ക്കത്ത താരങ്ങളായ ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയുമാണ് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റുതാരങ്ങള്‍. അതേസമയം ബിസിസിഐയുടെ മാനദണ്ഡങ്ങള്‍ ഹര്‍ഷിത് റാണയെ സംബന്ധിച്ച് പാലിക്കപ്പെട്ടിട്ടില്ല. രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ടി20 യും മാത്രമാണ് താരം കളിച്ചത്. എങ്കിലും റാണ കരാറില്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത കാലത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും കഴിഞ്ഞവര്‍ഷം കരാറില്‍ നിന്ന് പുറത്തായ ശ്രേയസ്സ് അയ്യരും കരാറില്‍ ഉള്‍പ്പെട്ടേക്കും.
Content Highlights: Abhishek Sharma Nitish Reddy Harshit Rana apt to get BCCIs cardinal declaration report








English (US) ·