'BELIEVE'; ഓവലില്‍ സിറാജിനെ വീരനായകനാക്കിയ ആ ക്രിസ്റ്റ്യാനോ വാള്‍പേപ്പര്‍

5 months ago 5

04 August 2025, 10:44 PM IST

siraj-ronaldo-wallpaper-oval-victory

Photo: ANI

ലണ്ടനില്‍ തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് പതിവിലും രണ്ടു മണിക്കൂര്‍ നേരത്തേ ഉണര്‍ന്നു. എന്നിട്ട് ആദ്യം ചെയ്തത് തന്റെ മൊബൈല്‍ ഫോണിനായി ഒരു വാള്‍പേപ്പര്‍ തിരയുകയായിരുന്നു. തന്നെ പ്രചോദിപ്പിക്കുന്ന, തന്നിലെ പോരാളിയെ ഉണര്‍ത്തുന്ന ഒന്ന്. തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു ചിത്രമാണ് അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ തടഞ്ഞത്. അതില്‍ 'വിശ്വസിക്കൂ' (BELIEVE) എന്ന വാക്ക് ആലേഖനം ചെയ്തിരുന്നു. ഓവലില്‍ ആന്‍ഡേഴ്സന്‍ - തെണ്ടുല്‍ക്കര്‍ ട്രോഫിയുടെ അവസാന സെഷനില്‍ കളിക്കളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹത്തിന് അത് ആവശ്യമായിരുന്നു.

സിറാജ് കിടക്കയിലിരുന്ന് കണ്ടതുപോലെ ഓവലില്‍ അവസാന ദിനം അദ്ദേഹം ഇന്ത്യയുടെ നായകനായി മാറി. ആറു റണ്‍സിന്റെ ആവേശ ജയം ഇന്ത്യ സ്വന്തമാക്കുമ്പോള്‍ അതില്‍ അയാളുടെ 'പന്തൊപ്പുണ്ടായിരുന്നു'. നാലാം ദിനം പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ഹാരി ബ്രൂക്കിന്റെ നിര്‍ണായക ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു സിറാജ്. ഒരു പക്ഷേ മത്സരത്തിന്റെ തന്നെ ഗതി മാറ്റുമായിരുന്ന വിക്കറ്റ്. ഓവലില്‍ ഇന്ത്യ തോറ്റിരുന്നെങ്കില്‍ പരമ്പരയില്‍ ഇത്രയും നാള്‍ അയാള്‍ ചെയ്തതിനൊപ്പം ഫലമില്ലാതെ പോകുമായിരുന്നു. കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ആരാധകര്‍ അയാളെ സോഷ്യല്‍ മീഡിയയില്‍ വലിച്ചുകീറുമായിരുന്നു. അവിടെയാണ് അയാള്‍ക്ക് അഞ്ചാം ദിനത്തില്‍ തന്നിലെ പോരാളിയെ ഉണര്‍ത്തേണ്ടത് ആവശ്യമായി വന്നത്.

ഓവലില്‍ അവസാന ദിനം അയാള്‍ പന്തെറിഞ്ഞത് ഹൃദയം കൊണ്ടായിരുന്നു. 78-ാം ഓവറില്‍ അയാള്‍ ജാമി സ്മിത്തിനെ വീഴ്ത്തുമ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുടെ ഇത്തിരിവെട്ടം തുറന്നുകിട്ടി. പിന്നാലെ 80-ാം ഓവറില്‍ ജാമി ഓവര്‍ട്ടണെ അയാള്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ തിരിച്ചറിഞ്ഞു, തങ്ങളുടെ പ്രതീക്ഷ അയാളിലാണെന്ന്. 83-ാം ഓവറില്‍ ജോഷ് ടങ്ങിനെ പ്രസിദ്ധ് വീഴ്ത്തുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 17 റണ്‍സായിരുന്നു. പൊട്ടിയ തോള്‍ ബാന്‍ഡേജ് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി ക്രിസ് വോക്‌സ് ഡ്രസ്സിങ് റൂമിന്റെ പടിയിറങ്ങുമ്പോള്‍ ഓവല്‍ മൈതാനം കൈയടികളാല്‍ മുഖരിതമായി. പിന്നീട് ഇന്ത്യന്‍ ആരാധകരുടെ മനസില്‍ തീകോരിയിട്ട് വോക്‌സിനെ ഒരറ്റത്ത് സംരക്ഷിച്ചു നിര്‍ത്തി ഗസ് ആറ്റ്കിന്‍സണ്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ തുടങ്ങി. സിറാജ് എറിഞ്ഞ 84-ാം ഓവറിലെ രണ്ടാം പന്ത് ആറ്റ്കിന്‍സണ്‍ സിക്‌സറിന് പറത്തി. ബൗണ്ടറിക്കരികില്‍ പന്തുപിടിക്കാനുള്ള ആകാശ് ദീപിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. ആകാശിന്റെ കൈയില്‍ തട്ടി പന്ത് ബൗണ്ടറിക്കുള്ളില്‍. 86-ാം ഓവറില്‍ സിറാജ് പന്തെടുക്കുമ്പോള്‍ ഇംഗ്ലണ്ടിനും വിജയത്തിനും ഇടയില്‍ ഏഴു റണ്‍സിന്റെ അകലെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇനി വൈകിക്കൂടെന്ന് അയാള്‍ക്കറിയാമായിരുന്നു. 143 കി.മീ വേഗത്തിലെത്തിയ ഒരു യോര്‍ക്കര്‍ ആറ്റ്കിന്‍സന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ച ശേഷം അയാള്‍ ക്രിസ്റ്റ്യാനോയുടെ ആ തനത് ഗോളാഘോഷം പതിവുപോലെ അനുകരിക്കുകയും ചെയ്തു.

രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ തന്റെ ഫോണിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആ വാള്‍പേപ്പര്‍ സിറാജ് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുന്നുണ്ടായിരുന്നു.

Content Highlights: Discover however Cristiano Ronaldo`s `Believe` wallpaper inspired Mohammed Siraj`s heroic performance

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article