04 July 2025, 01:59 PM IST

1. ബിടിഎസ്, 2. പ്രതീകാത്മക ചിത്രം, 3. ടെയ്‍ലർ സ്വിഫ്റ്റ് | Photos: instagram, AI Generated, AFP
ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള ഗായകരാണ് ടെയ്‌ലര്‍ സ്വിഫ്റ്റും ബില്ലി എയ്‌ലിഷും ദി വീക്ക്ന്‍ഡും കൊറിയയില്‍ നിന്നുള്ള ബിടിഎസ്സുമെല്ലാം. ഗ്രാമി പുരസ്‌കാര ജേതാവായ ടെയ്‌ലര്‍ സ്വിഫ്റ്റായിരുന്നു ഇക്കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. പ്രമുഖ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയില്‍ 13.9 കോടിയിലേറെ പേരാണ് താരത്തെ പിന്തുടരുന്നത്. എന്നാല്‍ ഇപ്പോള്‍ ടെയ്‌ലര്‍ സ്വിഫ്റ്റിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ ഗായകന്‍.
ഹിന്ദി ഗായകനും സംഗീതസംവിധായകനുമായ അര്‍ജിത് സിങ്ങാണ് ടെയ്‌ലര്‍ സ്വിഫ്റ്റിനെ മറികടന്ന് സ്‌പോട്ടിഫൈയില്‍ ഒന്നാമതെത്തിയത്. 2024-ല്‍ 11.8 കോടി ഫോളോവര്‍മാര്‍ ഉണ്ടായിരുന്ന അര്‍ജിത് സിങ്ങിനെ ജൂലായ് ഒന്നിലെ കണക്കുകള്‍ പ്രകാരം 15.1 കോടി പേരാണ് സ്‌പോട്ടിഫൈയില്‍ പിന്തുടരുന്നത്. തും ഹി ഹോ, കേസരിയാ, തും ക്യാ മിലേ എന്നിവയാണ് 2024-ലെ അര്‍ജിതിന്റെ ഹിറ്റ് ചാര്‍ട്ടില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. 2025-ല്‍ സൈയാര എന്ന ചിത്രത്തിലെ ധുന്‍, ഛാവയിലെ ജാനേ തു എന്നിവ ഉള്‍പ്പെടെയുള്ള അര്‍ജിതിന്റെ പാട്ടുകളാണ് ഏറ്റവും കൂടുതല്‍ കേള്‍ക്കപ്പെട്ടത്.
2024-ലാണ് അര്‍ജിത്തിന് 10 കോടി ഫോളോവര്‍മാര്‍ തികഞ്ഞത്. ആ വര്‍ഷം സ്‌പോട്ടിഫൈയില്‍ 12.1 കോടി പേര്‍ പിന്തുടരുന്ന എഡ് ഷീറന്‍, 11.4 കോടി ഫോളോവര്‍മാരുള്ള ബില്ലി എയ്‌ലിഷ്, 10.72 കോടി ഫോളോവര്‍മാരുള്ള ദി വീക്ക്ന്‍ഡ് എന്നിവരെ അര്‍ജിത് സിങ് മറികടന്നു. ബിടിഎസ്സിന് നിലവില്‍ എട്ട് കോടി ഫോളോവര്‍മാരാണുള്ളത്. അരിയാന ഗ്രാന്‍ഡെ (10.58 കോടി), എമിനെം (10.17 കോടി) എന്നിവരെ താരം ഈ വര്‍ഷമാണ് മറികടന്നത്.
അര്‍ജിത് സിങ് കഴിഞ്ഞാല്‍ എ.ആര്‍. റഹ്‌മാനാണ് ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള ഇന്ത്യന്‍ താരം. 4.9 കോടി ഫോളോവര്‍മാരുള്ള എആര്‍ആര്‍ ടോപ്പ് 20 ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധരാജ്യങ്ങളിലായി തുടര്‍ച്ചയായ ഒട്ടേറെ സംഗീതപരിപാടികളുമായി മുന്നോട്ടുപോകുകയാണ് അര്‍ജിത് സിങ്.
Content Highlights: Indian vocalist Arijit Singh with 15.1 crore Spotify followers beats Taylor Swift, BTS to go no. 1
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·