COOLIE REVIEW | രജനീകാന്തിന് ലോകേഷ് ഒരുക്കിയ ആദരം, ഇത് ഹൈ വോൾട്ടേജ് പവർ ഹൗസ്

5 months ago 5

Coolie

കൂലി എന്ന ചിത്രത്തിൽ രജനീകാന്ത് | ഫോട്ടോ: X

ജനീകാന്ത് ചിത്രങ്ങൾ എന്നും ആരാധകർക്ക് ആവേശമാണ്. വേറെ ഒരു ഇന്ത്യൻ സൂപ്പർതാര ചിത്രത്തിനുവേണ്ടിയും ആരാധകർ ഇത്രമേൽ അക്ഷമരായി കാത്തിരുന്നിട്ടുണ്ടാവില്ല. അമ്പത് വർഷം നീണ്ട സിനിമാ ജീവിതത്തിൽ രജനീകാന്ത് നേടിയ പ്രധാന സമ്പത്ത് ചങ്കുപറിച്ചുകൊടുക്കുന്ന ഈ ആരാധകരാണ്. അവരെ നിരാശപ്പെടുത്താതെ എത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി. അടിമുടി രജനിയിസമാണ് കൂലിയുടെ ഹൈലൈറ്റ് എന്ന് ആദ്യമേ പറയട്ടേ. രജനീകാന്ത് എന്ന നടനില്ലാതെ, ആ സാന്നിധ്യമില്ലാതെ ഒരു ഫ്രെയിമും കൂലിയിൽ ഇല്ല. കരിയറിൽ 50 വർഷം പിന്നിടുന്ന രജനീകാന്ത് എന്ന താരത്തിനും വ്യക്തിപ്രഭാവത്തിനും ലോകേഷ് കനകരാജ് എന്ന സംവിധായകൻ അറിഞ്ഞൊരുക്കിയ സമ്മാനമാണ് കൂലി.

പ്രീതി എന്ന യുവതിയുടെ ജീവിതത്തിൽ ഒരു പ്രതിസന്ധി വരുന്നതും അവരുടെ ജീവിതത്തിലേക്ക് പിതാവിന്റെ സുഹൃത്തായ ദേവ എന്നയാൾ കടന്നുവരുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. ഈ രണ്ട് കഥാപാത്രങ്ങളിലൂടെ സൈമൺ, ദയാൽ, കലീഷ, ദാഹ, രാജശേഖരൻ എന്നിവരിലേക്കാണ് ചിത്രം പിന്നീട് കടന്നുചെല്ലുന്നത്. ഇവർ ഏതെങ്കിലും രീതിയിൽ പരസ്പരം ബന്ധപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ എന്നെല്ലാം ചിത്രം പറയുന്നുണ്ട്. പൊടുന്നനെ കഥയിലേക്ക് കയറാതെ ഓരോ കഥാപാത്രത്തിന്റെയും പശ്ചാത്തലം കൃത്യമായി, അടുക്കും ചിട്ടയോടെയും ഘട്ടം ഘട്ടമായും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ശൈലിയാണ് കൂലിയിൽ ലോകേഷ് കനകരാജ് അവലംബിച്ചിരിക്കുന്നത്. നായകനായ ദേവയെ അവതരിപ്പിച്ചിരിക്കുന്നതും ഇങ്ങനെത്തന്നെ.

ഓരോ രം​ഗത്തും ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നതായി കാണാൻ സാധിക്കും. അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാനാവുന്നത് ചിത്രത്തിലെ താരനിരയാണ്. രജനീകാന്ത് എന്ന സൂപ്പർതാരത്തിനൊപ്പം നാ​ഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ആമിർ ഖാൻ എന്നിവർക്ക് കൃത്യമായ സ്പേസ് നൽകുക എന്നത് ശ്രമകരമായ ദൗത്യമാണ്. ആ ദൗത്യം ലോകേഷ് ഏറ്റെടുത്ത് വിജയിച്ചിരിക്കുന്നു എന്നുവേണം പറയാൻ.

പ്രേക്ഷകർ കാണാനാ​ഗ്രഹിക്കുന്ന രീതിയിലുള്ള രജനീകാന്ത് തന്നെയാണ് കൂലിയിലെ ദേവ. സിനിമയുടെ തുടക്കം മുതൽ പടി പടിയായി വികസിക്കുന്ന കഥാപാത്രസൃഷ്ടിയാണിത്. ദേവ ആരാണെന്ന് പ്രേക്ഷകർ മനസിലാക്കുന്നിടത്താണ് സിനിമയുടെ മർമം ഇരിക്കുന്നത്. തന്റെ തനതായ അഭിനയ-സംഭാഷണശൈലികൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട് അദ്ദേഹം. മാസ്, സ്റ്റൈലിഷ് എന്നതിനപ്പുറം വൈകാരികമായ ഒരു തലംകൂടി ദേവ എന്ന കഥാപാത്രത്തിന് ലോകേഷ് നൽകിയിട്ടുണ്ട്. കബാലിക്ക് ശേഷം രജനീകാന്തിനെ ഇത്രമേൽ ഇമോഷണലായി അവതരിപ്പിച്ച മറ്റൊരു ചിത്രമില്ല എന്നും പറയാം.

മറ്റു കഥാപാത്രങ്ങളിലേക്ക് വന്നാൽ സൗബിൻ ഷാഹിർ ചെയ്ത ദയാലിൽനിന്ന് തുടങ്ങാം. സമീപകാലത്ത് ഒരു മലയാളി നടന് ലഭിക്കാവുന്ന ഏറ്റവും മികച്ച വേഷം എന്ന് ഇതിനെ വിശേഷിപ്പിക്കാം. രജനീകാന്തിനൊപ്പമോ, അതിന് മുകളിലോ നിൽക്കുന്ന കഥാപാത്രത്തെ സൗബിൻ ​ഗംഭീരമാക്കിയിട്ടുണ്ട്. അപ്രവചനീയമായ സ്വഭാവമുള്ള, കുറുക്കന്റെ ബുദ്ധികൂർമതയുള്ള ദയാൽ സൗബിനിൽ ഭദ്രമായിരുന്നു. മോണിക്കാ എന്ന ​ഗാനത്തിലും സൗബിന്റെ ആധിപത്യമുണ്ട്. ഒരു തെലുങ്ക് സൂപ്പർതാരം ഒരിക്കലും ചെയ്യാൻ താത്പര്യപ്പെടാത്തതരം വില്ലൻ വേഷം ചെയ്തതിൽ നാ​ഗാർജുനയ്ക്കും കയ്യടി കൊടുക്കാം. ചിലരം​ഗങ്ങളിൽ സൈമൺ എന്ന കഥാപാത്രത്തിന്റെ സ്ക്രീൻ പ്രസൻസ് അതി​ഗംഭീരമായിരുന്നു. കലീഷയായെത്തിയ ഉപേന്ദ്രയ്ക്ക് സ്ക്രീൻ ടൈം അല്പം കുറവാണെങ്കിലും മാസിന് യാതൊരു കുറവും ലോകേഷ് വരുത്തിയിട്ടില്ല. ദാഹയായെത്തിയ ആമിർ ഖാനും മാസിൽ ഒട്ടും മോശമാക്കിയില്ല. രജനിയും ആമിറും തമ്മിലുള്ള രം​ഗങ്ങൾ കയ്യടി ഉയർത്തുന്നതാണ്.

നായികമാരായെത്തിയത് രണ്ടുപേരാണ്, ശ്രുതി ഹാസനും രച്ചിതാ റാമും. മാസ് സിനിമകളിൽ നായിക വേഷങ്ങൾ പേരിനുമാത്രമേ ഉണ്ടാകൂ എന്ന പതിവ് സങ്കൽപം വെട്ടിത്തിരുത്തുന്നുണ്ട് ഇരുവരും. തന്റെ കരിയറിൽ പ്രീതി എന്ന കഥാപാത്രം പോലെ മറ്റൊന്ന് ശ്രുതി ഹാസൻ ചെയ്തിട്ടില്ല എന്ന നിസ്സംശയം പറയാം. ആശയക്കുഴപ്പം, ധൈര്യം, ഭയം, പക, പ്രതീക്ഷ തുടങ്ങി ഒരുപാട് അവസ്ഥകളിലൂടെ ശ്രുതി അവതരിപ്പിച്ച പ്രീതി കടന്നുപോകുന്നുണ്ട്. കന്നഡയിൽ റൊമാന്റിക് വേഷങ്ങൾ മാത്രം ചെയ്തിട്ടുള്ള രച്ചിതാ റാമിന്റേതും പുതിയൊരു മുഖമായിരുന്നു. കന്ന രവി, ചാർളി, സത്യരാജ് എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

നിർണായക ഘട്ടങ്ങളിലെല്ലാം കയ്യടി വീഴാൻ കാരണക്കാരനായ മറ്റൊരാൾ സം​ഗീതസംവിധായകനായ അനിരുദ്ധ് ആണ്. ​ഗിരീഷ് ​ഗം​ഗാധരന്റെ ക്യാമറയും ഫിലോമിൻ രാജിന്റെ എഡിറ്റിങ്ങും, അൻബറിവിന്റെ സംഘട്ടനരം​ഗങ്ങളുമെല്ലാം കൂലിക്ക് മികച്ച പിന്തുണയേകുന്നു. അടിമുടി രജനിയിസം നിറഞ്ഞ ഒരു ചിത്രം കാണാനാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ കൂലിക്ക് ടിക്കറ്റെടുക്കാം.

Content Highlights: Rajinikanth delivers a power-packed show successful Lokesh Kanagaraj`s Coolie

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article