
ക്രിസ്റ്റ്യാനോ റൊണാൾഡോ, Photo:AFP
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോനി ക്യാപ്റ്റന്‍ കൂള്‍ എന്ന പേരിന് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കാനൊരുങ്ങുന്നതായി വാര്‍ത്ത പുറത്തുവന്നത്. ക്യാപ്റ്റന്‍ കൂള്‍ എന്ന പേരിന് ധോനി അപേക്ഷ സമര്‍പ്പിച്ചതായും ഇത് അംഗീകരിച്ചെന്നുമാണ് ട്രേഡ്മാര്‍ക്ക്‌സ് രജിസ്ട്രി പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇത് ഒഫീഷ്യല്‍ ട്രേഡ്മാര്‍ക്ക് ജേണലില്‍ ജൂണ്‍ 16 ന് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നാലുമാസത്തിനകം ആളുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഉന്നയിക്കാം. എതിര്‍പ്പുകളൊന്നും ഉന്നയിക്കപ്പെട്ടില്ലെങ്കില്‍ പേര് ഉപയോഗിക്കാനുള്ള അവകാശം ധോനിക്ക് ലഭിക്കും. സ്‌പോര്‍ട്‌സ് ട്രെയിനിങ് സെന്ററുകള്‍, കോച്ചിങ് സര്‍വീസുകള്‍, മറ്റു പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് ധോനിക്ക് ഉപയോഗിക്കാനാകും.
ഇതിന് മുമ്പ് ഒട്ടേറെ കായികതാരങ്ങൾ ഇത്തരത്തിൽ തങ്ങളുടെ വിളിപ്പേരിന് ട്രേഡ് മാർക്ക് സ്വന്തമാക്കിയിട്ടുണ്ട്. ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, ബാസ്ക്കറ്റ്ബോൾ ഇതിഹാസങ്ങളായ മൈക്കേൽ ജോർദാൻ, ലെബ്രോൺ ജെയിംസ് എന്നിവരും ഇക്കൂട്ടത്തിലുണ്ട്.
ധോനി ട്രേഡ്മാര്‍ക്കിനായി അപേക്ഷസമര്‍പ്പിച്ച ഘട്ടത്തില്‍ രജിസ്ട്രിയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതായി ധോനിയുടെ അഭിഭാഷക മാനസി അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു. ട്രേഡ്മാര്‍ക്‌സ് ആക്ടിലെ സെക്ഷന്‍ 11(1) പ്രകാരമാണ് എതിര്‍പ്പുന്നയിച്ചത്. ഈ പേരിന് സമാനമായ വിശേഷണങ്ങള്‍ നിലവിലുണ്ടെന്നും അത് അളുകളെ ആശയക്കുഴപ്പത്തിലാക്കുമെന്നുമാണ് അധികൃതര്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം ധോനിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും പൊതുഇടങ്ങളില്‍ താരം ഇത്തരത്തില്‍ അറിയപ്പെടാറുണ്ടെന്നും ധോനിയുടെ അഭിഭാഷകര്‍ വാദിച്ചു. അതിന് പിന്നാലെ ഇത് രജിസ്ട്രി അംഗീകരിക്കുകയായിരുന്നു.
പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ CR7 എന്ന വിളിപ്പേരിന് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയിട്ടുണ്ട്. പെര്‍ഫ്യൂമുകളും ഷര്‍ട്ടുകളും ഉള്‍പ്പെടെ വിവിധ ഉത്പന്നങ്ങള്‍ ഈ പേരിലുള്ള ബ്രാന്‍ഡ് പുറത്തിറക്കുന്നുണ്ട്. മെസ്സി(MESSI) എന്ന പേരിനാണ് അര്‍ജന്റൈന്‍ നായകന്‍ ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് മാര്‍ക്കില്‍ ഇത് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. സ്പാനിഷ് സൈക്ലിങ് ബ്രാന്‍ഡ് ആയ MASSI യുമായി നിയമപോരാട്ടം നടത്തിയാണ് മെസ്സി ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയത്.
ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം ലെബ്രോണ്‍ ജെയിംസ് ഒട്ടേറെ ട്രേഡ് മാര്‍ക്കുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. എല്‍ബിജെ, എല്‍എല്‍സി എന്നീ പേരുകള്‍ക്ക് ട്രേഡ് മാര്‍ക്കുണ്ട്. "More Than An Athlete", "Strive 4 Greatness" എന്നിവയ്ക്കും താരം ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയിട്ടുണ്ട്.മൈക്കേല്‍ ജോര്‍ദാന്‍ തന്റെ പേരിനും "Jumpman" ലോഗോയ്ക്കുമാണ് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയിട്ടുള്ളത്. ബില്ല്യണ്‍ ഡോളർ വരുമാനമാണ് ഈ ബ്രാന്‍ഡിലൂടെ താരത്തിന് ലഭിക്കുന്നത്. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ "RF" എന്ന പേരിനാണ് ട്രേഡ് മാർക്ക് സ്വന്തമാക്കിയത്. വനിതാ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ് "Aneres" എന്ന പേരിനും ട്രേഡ് മാർക്ക് സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: MS Dhoni cristiano messi Sportspersons Who Trademarked Their Names








English (US) ·