
'ഡിറ്റക്ടീവ് ഉജ്ജ്വലൻ' പോസ്റ്ററുകൾ | Photos: facebook.com/DhyanSreenivasanOfficial
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പതിവായൊരു വിജയഫോര്‍മുലയുണ്ട്. അത് പിന്തുടര്‍ന്നുകൊണ്ട് വിജയം കൊയ്‌തെടുത്ത ഒട്ടേറെ ചലച്ചിത്രങ്ങള്‍ നമ്മള്‍ കണ്ടതാണ്. എന്നാല്‍ പതിവുവഴികളില്‍ നിന്ന് മാറിസഞ്ചരിച്ചാല്‍ ഒരു കുറ്റാന്വേഷണ സിനിമയ്ക്ക് വിജയം നേടാന്‍ കഴിയുമോ? കഴിയും എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രധാനവേഷത്തിലെത്തിയ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്ന ചിത്രം പറയുന്നത്.
വല്ലപ്പോഴും നടക്കുന്ന ചെറിയ മോഷണങ്ങളല്ലാതെ കഴിഞ്ഞ 50 വര്‍ഷമായി കുറ്റകൃത്യങ്ങളൊന്നും നടക്കാത്ത പ്ലാച്ചിക്കാവെന്ന കൊച്ചു ഗ്രാമം. പൊടുന്നനെ ഒരുദിവസം അവിടെയൊരു ക്രൂരമായ കൊലപാതകം നടക്കുന്നു. എന്തുചെയ്യണമെന്നറിയാതെ നാട്ടുകാരും പോലീസുകാരും പകച്ചുനില്‍ക്കുന്നു. തങ്ങളുടെ കാണാതാകുന്ന സാധനങ്ങള്‍ ഡിറ്റക്ടീവിന്റെ കൂര്‍മ്മബുദ്ധിയിലൂടെ അന്വേഷിച്ച് കണ്ടെത്തുന്ന നാട്ടുകാരനായ ഉജ്ജ്വലനെ തന്നെ ജനങ്ങള്‍ ആശ്രയിക്കുന്നു. ചെറിയ കേസുകള്‍ അന്വേഷിച്ച് മടുത്ത ഉജ്ജ്വലന്‍ ആത്മവിശ്വാസത്തോടെ തന്നെ കേസ് ഏറ്റെടുക്കുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് വലിയ പ്രതിസന്ധികളാണ് ഉജ്ജ്വലനെ കാത്തിരുന്നത്.
നമ്മള്‍ സാധാരണയായി കണ്ടുശീലിച്ച ഗൗരവം നിറഞ്ഞ സിനിമയാകും ഇത്തരമൊരു പ്ലോട്ടില്‍ സംഭവിക്കുക എന്നാണ് പെട്ടെന്ന് തോന്നുക. എന്നാല്‍ സീരിയല്‍ കില്ലിങ്ങിന്റെ അന്വേഷണം നര്‍മ്മത്തില്‍ പൊതിഞ്ഞുള്ള, കൃത്യമായി പറഞ്ഞാല്‍ ഡാര്‍ക്ക് ഹ്യൂമറിന്റെ മേമ്പൊടിയിലാണ് ഉജ്ജ്വലന്റെ അന്വേഷണം മുന്നോട്ടുനീങ്ങുന്നത്. അതേസമയം അവസാനം വരെ ഉദ്വേഗം നിലനിര്‍ത്താനും സംവിധായകര്‍ക്ക് കഴിയുന്നിടത്താണ് ഉജ്ജ്വലന്റെ വിജയഫോര്‍മുലയുള്ളത്. ഒപ്പം വൈകാരികമായ ചില മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. ഇക്കാര്യത്തില്‍ കൂടുതലെന്തെങ്കിലും പറയുന്നത് സ്‌പോയിലറാകുമെന്നതിനാല്‍ ഇവിടെ നിര്‍ത്തുന്നു. ബാക്കി തിയേറ്ററുകളില്‍ നിന്ന് തന്നെ കണ്ട് ആസ്വദിക്കേണ്ടതാണ്.
വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍. ആദ്യചിത്രമായ മിന്നല്‍ മുരളിയില്‍ നിന്ന് തികച്ചും വേറിട്ട ചിത്രമായാണ് സോഫിയാ പോള്‍ ഡിറ്റക്ടീവ് ഉജ്ജ്വലനെ അവതരിപ്പിക്കുന്നത്. ക്ലൈമാക്‌സും ടെയില്‍ എന്‍ഡും കഴിഞ്ഞ് എന്‍ഡ് ക്രെഡിറ്റ് പൂര്‍ണമായി കാണിച്ചുകഴിഞ്ഞശേഷം യൂണിവേഴ്‌സിലെ അടുത്ത ചിത്രത്തിലേക്കുള്ള വമ്പനൊരു സൂചന ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. അണിയറക്കാര്‍ അഭ്യര്‍ഥിച്ചതുപോലെ സിനിമ അവസാനിച്ചാലും എന്‍ഡ് ക്രെഡിറ്റ് കഴിയുന്നതുവരെ തിയേറ്ററില്‍ തുടര്‍ന്നില്ലെങ്കില്‍ ഇത് നഷ്ടമാകും.
ഡിറ്റക്ടീവ് ഉജ്ജ്വലനായി ടൈറ്റില്‍ റോളില്‍ ധ്യാന്‍ ശ്രീനിവാസന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നായകനായെത്തിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നുവെന്ന ചീത്തപ്പേര് ധ്യാന്‍ ഉജ്ജ്വലനിലൂടെ തിരുത്തിയെഴുതുകയാണ്. ധ്യാനിനൊപ്പം കട്ടയ്ക്കുനിന്ന ശംഭു മഹാദേവ് എന്ന പോലീസ് ഉദ്യോഗസ്ഥനായി സിജു വില്‍സണും തന്റെ വേഷം ഗംഭീരമാക്കി. റോണി ഡേവിഡ്, കോട്ടയം നസീര്‍, കലാഭവന്‍ നവാസ്, നിര്‍മല്‍ പാലാഴി, സീമ ജി. നായര്‍ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കുദോസ് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ നാല് പുതുമുഖ താരങ്ങളുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. അമീന്‍, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷഹുബാസ് എന്നീ നാലുപേരും തങ്ങളുടെ വേഷങ്ങള്‍ നന്നായി തന്നെ കൈകാര്യം ചെയ്തു. ഇവര്‍ക്ക് കൂടുതല്‍ ഇടംകൊടുക്കാമായിരുന്നു എന്ന അഭിപ്രായമുണ്ട്.
തങ്ങളുടെ ആദ്യചിത്രം കൈയടക്കമുള്ളൊരു 'നാടൻ' കോമഡി-ഇന്‍വെസ്റ്റിഗേഷന്‍-ത്രില്ലറാക്കി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സംവിധായകരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണനും രാഹുലിനും സന്തോഷിക്കാം. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ ചിത്രത്തിനായി കാത്തിരിക്കാമെന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ഡിറ്റക്ടീവ് ഉജ്ജ്വലന് കഴിഞ്ഞിട്ടുണ്ട്.
Content Highlights: Detective Ujjwalan: Malayalam movie review
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·