
മോഹൻലാലും സത്യൻ അന്തിക്കാടും സംഗീത് പ്രതാപും 'ഹൃദയപൂർവ്വം' ലൊക്കേഷനിൽ
അപ്‌ഡേറ്റഡായ സത്യന്‍ അന്തിക്കാട്. കണ്ണെടുക്കാതെ കണ്ടിരിക്കാന്‍ തോന്നുന്ന ലാല്‍ ഭാവങ്ങള്‍. കൂട്ടിന് മുന്നിലും പിന്നിലും ഒരുപാട് യുവതീ യുവാക്കളും. ഈ ഓണത്തിന് മനസ്സുനിറയ്ക്കാൻ ഒരു ചിത്രം, 'ഹൃദയപൂര്‍വ്വം'.
സത്യന്‍ അന്തിക്കാടില്‍നിന്ന് പ്രേക്ഷകര്‍ എന്താണോ പ്രതീക്ഷിക്കുന്നത്, അതെല്ലാം ചിത്രത്തിലുണ്ട്. എന്നാല്‍, കാലത്തിനൊത്ത് സത്യന്‍ അന്തിക്കാട് തന്നെ പുതുക്കിയപ്പോള്‍ കണ്ടിരിക്കുന്ന പ്രേക്ഷകന് അതൊരു ബോണസാണ്. നടനായും താരമായും മോഹന്‍ലാലിനെ മുഴച്ചുനില്‍ക്കുന്ന ഒന്നുമില്ലാതെ ഉപയോഗപ്പെടുത്താന്‍ സംവിധായകന് സാധിച്ചതോടെ ഹൃദയം നിറഞ്ഞ് കണ്ടിരിക്കാവുന്ന ചിത്രമായി 'ഹൃദയപൂര്‍വ്വം' മാറുന്നു.
'അച്ഛനെ' തേടിയിറങ്ങുന്ന മകള്‍ എന്ന പ്രമേയത്തില്‍ അടിസ്ഥാനപരമായി സത്യന്‍ അന്തിക്കാടിന്റെ പതിവ് കഥ തന്നെയാണ് ചിത്രം. എന്നാല്‍, കഥ പുതിയ കാലത്തിലേക്കും പുതിയ രീതികളിലേക്കും പറിച്ചുനടുന്നതോടെയാണ് ചിത്രം പ്രേക്ഷകനുമായി കൂടുതല്‍ അടുക്കുന്നത്. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ നായകനെ ദാതാവിന്റെ മകള്‍ തേടിയെത്തുന്നതാണ് കഥ. ഒട്ടും നാടകീയമല്ലാത സ്വാഭാവികമായി ഒഴുകുന്നു എന്നിടത്താണ് സിനിമ വിജയമായി തീരുന്നത്.
സന്ദീപ് ബാലകൃഷ്ണന്‍ എന്ന ക്ലൗഡ് കിച്ചന്‍ ഉടമയായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. അയാളുടെ ഹൃദയശസ്ത്രക്രിയയിലാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീടാണ് സന്ദീപിന്റെ ലോകത്തെ സിനിമയില്‍ പരിചയപ്പെടുത്തുന്നതുപോലും. സന്ദീപിനെ സഹായിക്കാനെത്തുന്ന ഹോം നേഴ്‌സായി ജെറി എത്തുന്നു. സന്ദീപിന്റെ അളിയന്റെ വേഷമാണ് സിദ്ദിഖ് കൈകാര്യംചെയ്യുന്നത്.
മകളുടെ വേഷമാണ് മാളവിക മോഹനന്റേത്. മാളവികയുടെ അമ്മവേഷത്തില്‍ സംഗീത. ജനാര്‍ദ്ദനന്‍, നിഷാന്‍, ലാലു അലക്‌സ്, ബാബുരാജ്, സൗമ്യ, സലിം മറിമായം തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. പുറമേ, പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത മൂന്നോളം അതിഥിവേഷങ്ങളും ചിത്രത്തിലുണ്ട്.
കഥയും തിരക്കഥയുമാണ് ചിത്രത്തിന്റെ ശക്തി. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ ടി.പി. സോനു തിരക്കഥ കൈകാര്യംചെയ്യുന്നു. 'നൈറ്റ് കോള്‍' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനാണ് സോനു. ചിത്രത്തിലെ പ്രധാന തിരിവുകളെല്ലാം വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നു എന്നതാണ് തിരക്കഥയുടെ പ്രത്യേകത. മോഹന്‍ലാലിലെ നടന് പൂര്‍ണ്ണതയില്‍ അഴിഞ്ഞാടാനുള്ള വിടവുകള്‍ തിരക്കഥ ഒരുക്കിവെക്കുന്നു. സന്ദീപ് ബാലകൃഷ്ണന്‍- ജെറി കോമ്പിനേഷനിനുള്ള സാധ്യതയെല്ലാം തിരക്കഥ സമര്‍ഥമായി ഉപയോഗിക്കുന്നു. സ്വാഭാവികമായി ഒഴുകുന്ന ഹാസ്യമാണ് ചിത്രത്തിലേക്ക് പ്രേക്ഷകനെ കൂടുതല്‍ അടുപ്പിക്കുന്നത്. പതിവ് വിടാതെ സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ വൈകാരികതകളും തിരക്കഥയില്‍ സ്ഥാനം പിടിക്കുന്നു. ഇവയെല്ലാം ഒരുപടി മുകളില്‍ പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നതില്‍ സംവിധായകന്‍ ജയിക്കുന്നതോടെ ചിത്രം പൂര്‍ണ്ണമാവുന്നു.
ചിത്രത്തിലെ പാട്ടുകളുടേയും പശ്ചാത്തല സംഗീതത്തിന്റേയും പ്ലേസിങ് കൂടുതല്‍ കൈയടി അര്‍ഹിക്കുന്നു. വെള്ളിത്തിരയിലെ വികാരങ്ങളെല്ലാം പ്രേക്ഷകന്റെ കാതുകളിലൂടെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നത് ജസ്റ്റിന്‍ പ്രഭാകറിന്റെ സംഗീതമാണ്. പാട്ടുകള്‍ വന്നുപോകുന്ന ഇടങ്ങളെ മനസ് കുളിര്‍പ്പിക്കുന്നതാണ്. ക്ലൈമാക്‌സിനോട് അടുക്കുമ്പോഴുള്ള ഒരു സീനില്‍ ഊര്‍ന്നിറങ്ങിവരുന്ന ഒരു പാട്ട് മോഹന്‍ലാലിനെ താരത്തിന്റെ മൂല്യത്തെക്കൂടെ മുന്നില്‍ കണ്ടു തയ്യാറാക്കിയതാവണം.
മോഹന്‍ലാലിലെ നടനെ മാത്രം ഉപയോഗപ്പെടുത്തിയ സിനിമ എന്ന് പ്രേക്ഷകര്‍ വിധിയെഴുതാനിരിക്കുന്നിടത്താണ് അയാളിലെ താരത്തെ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഥയുടെ ഒഴുക്കില്‍ അത് സ്വാഭാവികമായി വന്നുചേരുന്നതോടെ കൂടുതല്‍ മികച്ചതാവുന്നു. മോഹന്‍ലാല്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലാല്‍ ഭാവങ്ങളെല്ലാം മനോഹരമാണ്. സംഗീത് പ്രതാപിനോടൊപ്പം ചേരുന്നതോടെ അവ കൂടുതല്‍ മനോഹരമാവുന്നു. മോഹന്‍ലാലിനോട് തട്ടി നില്‍ക്കുന്ന പ്രകടനമാണ് സംഗീതിന്റേത്. പുണെയില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടി കഥാപാത്രത്തില്‍ മാളവികയും കണ്‍വീന്‍സിങ് ആണ്. സംഗീതയുടെ സാന്നിധ്യം തന്നെ കഥയാവശ്യപ്പെടുന്ന കാര്യങ്ങളെ പൂര്‍ണ്ണമാക്കുന്നു.
നമുക്ക് ചുറ്റിലുമുള്ളവര്‍ തന്നെ സ്‌ക്രീനില്‍ വന്നുപോകുമ്പോള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. അത്തരം പല കഥാപാത്രങ്ങളും തിരക്കഥയിലുണ്ട്. സന്ദീപിന്റെ അളിയനായെത്തുന്ന സിദ്ദിഖിന്റേത് അത്തരം ഒരു കഥാപാത്രമാണ്. അത് അതിമനോഹരമായി സിദ്ദിഖ് പകര്‍ന്നാടുന്നുണ്ട്.
അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കഥാപശ്ചാത്തലത്തിന്റെ ഭംഗി ചിത്രം ആവശ്യപ്പെടുന്നതുപോലെ മാത്രം പകര്‍ത്തിവെക്കാന്‍ അനുവിന് സാധിക്കുന്നുണ്ട്. കഥ ആവശ്യപ്പെടുന്ന വൈകാരികത ഉണര്‍ത്തുന്നതില്‍ ഒരോ അവസരത്തിലും സിനിമറ്റോഗ്രാഫര്‍ വഹിക്കുന്ന പങ്ക് വലുതാണ്. കെ. രാജഗോപാലിന്റെ എഡിറ്റിങ്ങും പ്രശംസ അര്‍ഹിക്കുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും പ്രശാന്ത് നാരായണന്റെ കലാസംവിധാനവും ഏച്ചുകെട്ടലുകള്‍ ഇല്ലാത്തതും ചിത്രത്തിന്റെ നിറവിന്യാസത്തെ കൂടുതല്‍ ഉയര്‍ത്തുന്നതുമാണ്. മനു മഞ്ജിത്തിന്റെ വരികള്‍ ജസ്റ്റിന്റെ പാട്ടുകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുമ്പോള്‍ തന്നെ കഥയോട് ഒട്ടിനില്‍ക്കുകയും ചെയ്യുന്നു.
മലയാളികള്‍ക്ക് പ്രിയ്യപ്പെട്ട നായക- സംവിധായക കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- സന്ത്യന്‍ അന്തിക്കാട്. ഒരുപിടി ചിത്രങ്ങളാണ് മലയാളികള്‍ക്ക് ആസ്വദിക്കാനും ചിന്തിക്കാനും ഇരുവരും തന്നിട്ടുള്ളത്. ഈ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രം 'എന്നും എപ്പോഴു'മാണ്. 'ഹൃദയപൂര്‍വ്വ'ത്തിലേക്ക് എത്തുമ്പോള്‍ രണ്ടുചിത്രങ്ങള്‍ തമ്മിലെ ദൂരം 10 വര്‍ഷം. ഇത്തവണ തന്റെ പതിവ് ട്രാക്കില്‍, എന്നാല്‍ കാലത്തിനൊത്ത് പുതുക്കിയാണ് സത്യന്‍ അന്തിക്കാട് 'ഹൃദയപൂര്‍വ്വ'ത്തില്‍ കഥപറയുന്നത്. 2025 രണ്ട് വന്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാലിലെ നടനും താരവും ഹൃദയപൂര്‍വ്വത്തിലെ ഒരുകാര്യം കൂടെ അടിവരയിടുന്നുണ്ട്, കഴിഞ്ഞ നാല്‍പ്പത്തേഴുവര്‍ഷമെന്ന പോലെ ഇതും തന്റെ കാലം തന്നെയാണെന്ന്.
Content Highlights: Mohanlal shines successful Sathyan Anthikad heartwarming `Hridayapoorvam`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·