IPL 2026 Auction: സഞ്ജുവും റുതുരാജും ഓപണര്‍മാര്‍, മൂന്നാം നമ്പറില്‍ 18കാരന്‍; സിഎസ്‌കെയുടെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ച് മുന്‍ കോച്ച്

1 month ago 2

Authored by: നിഷാദ് അമീന്‍|Samayam Malayalam14 Dec 2025, 4:21 p.m. IST

IPL 2026 Auction: ഐപിഎല്‍ 2026 മിനി താര ലേലം ഡിസംബര്‍ 16 ചൊവ്വാഴ്ച നടക്കാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലെയിങ് ഇലവനെ കുറിച്ച് സംസാരിച്ച് മുന്‍ ഐപിഎല്‍ കോച്ച്. ലേലത്തില്‍ വാങ്ങേണ്ട താരങ്ങളെയും അദ്ദേഹം നിര്‍ദേശിച്ചു.

ഹൈലൈറ്റ്:

  • മൂന്നാമനായി ആയുഷിനെ സ്ഥിരമാക്കാം
  • നാലാം നമ്പറിലേക്ക് ആളെ വേണം
  • രണ്ട് താരങ്ങളെ നിര്‍ദേശിച്ച് ബംഗാര്‍

Ayush Mhatreആയുഷ് മാത്രെ(ഫോട്ടോസ്- Agencies)
ഐപിഎല്‍ 2026 മിനി താര ലേലം ഡിസംബര്‍ 16 ചൊവ്വാഴ്ച അബുദാബിയില്‍ നടക്കും. കഴിഞ്ഞ സീസണില്‍ ദയനീയ പ്രകടനം കാഴ്ചവച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ശ്രമത്തിലാണ്. ലേലത്തിന് മുമ്പ് തന്നെ പ്ലെയര്‍ ട്രേഡിലൂടെ സഞ്ജു സാംസണിനെ ടീമിലെത്തിച്ച സിഎസ്‌കെ റിട്ടന്‍ഷന് ശേഷം ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് കളിക്കാരെ തേടുകയാണ്. നാല് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പരമാവധി ഒമ്പത് കളിക്കാരുടെ ഒഴിവാണ് സിഎസ്‌കെയിലുള്ളത്. ഇതിനായി 43.40 കോടി രൂപ നീക്കിയിരിപ്പുണ്ട്. സിഎസ്‌കെയുടെ നിലവിലെ പ്ലെയിങ് ഇലവനെ കുറിച്ചും ലേലത്തില്‍ നോട്ടമിടേണ്ട താരങ്ങളെ കുറിച്ചും മുന്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) പരിശീലകന്‍ സഞ്ജയ് ബംഗാര്‍ തന്റെ അഭിപ്രായം പങ്കുവച്ചു.

സഞ്ജുവിന് ആവശ്യത്തിന് അവസരം നല്‍കിയിട്ടുണ്ട്; പുതിയ പ്രസ്താവനയുമായി സൂര്യ കുമാര്‍ യാദവ്


വരുന്ന സീസണില്‍ സിഎസ്‌കെയുടെ ഓപണറായി സഞ്ജു സാംസണും റുതുരാജ് ഗെയ്ക്‌വാദും ഇറങ്ങണമെന്ന് സഞ്ജയ് ബംഗാര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ സംവാദത്തിനിടെ നിര്‍ദേശിച്ചു. മൂന്നാം നമ്പറില്‍ 18കാരന്‍ ആയുഷ് മാത്രെയെ പ്ലെയിങ് ഇലവനില്‍ സ്ഥിരപ്പെടുത്തണമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു നിര്‍ദേശം. അണ്ടര്‍-19 ഏഷ്യ കപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചുവരികയാണ് ആയുഷ്. യൂത്ത് ക്രിക്കറ്റില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിവരുന്നു.

Samayam MalayalamIPL 2026: കേരളം തിളങ്ങുമോ? വിഗ്‌നേഷ്, ഏദന്‍, രോഹന്‍, സല്‍മാന്‍, ആസിഫ്...; അന്തിമ ലേല പട്ടികയില്‍ 11 മലയാളികള്‍; സച്ചിന്‍ ബേബി ഇല്ല
ഇന്ന് പാകിസ്താനെതിരേ അണ്ടര്‍-19 ഏഷ്യ കപ്പില്‍ ആയുഷ് ഓപണര്‍ സ്ഥാനത്ത് 25 പന്തില്‍ മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളും സഹിതം 38 റണ്‍സ് നേടി. ഐപിഎല്‍ 2025 ല്‍ പരിക്കേറ്റ റുതുരാജിന് പകരക്കാരനായി ആയുഷിനെ സിഎസ്‌കെ കളിപ്പിക്കുകയും 2026 ലേലത്തിന് മുമ്പായി ടീമില്‍ നിലനിര്‍ത്തുകയുമായിരുന്നു.

Samayam MalayalamIPL 2026: ലേലത്തിനെത്തുന്ന മലയാളി താരങ്ങളുടെ സമ്പൂര്‍ണ വിവരം; ഇതുവരെയുള്ള പ്രകടനവും ലേല സാധ്യതകളും
ഐപിഎല്ലില്‍ ഏഴ് മല്‍സരങ്ങളില്‍ കളിച്ച ആയുഷിന് മികച്ച റെക്കോഡാണുള്ളത്. 127 പന്തുകളില്‍ 240 റണ്‍സ് നേടി. 188.98 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റുമുണ്ട്. 94 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ സീസണില്‍ പ്ലേഓഫിലേക്ക് എത്താന്‍ അവസരമില്ലെന്ന് കണ്ടപ്പോള്‍ തന്നെ സിഎസ്‌കെ ടീമില്‍ അഴിച്ചുപണി നീക്കം ആരംഭിച്ചുവെന്നതിന്റെ തെളിവാണ് ആയുഷിന്റെ റിട്ടന്‍ഷന്‍ തെളിയിക്കുന്നതെന്ന് ബംഗാര്‍ ചൂണ്ടിക്കാട്ടി.

നാലാം നമ്പറില്‍ സിഎസ്‌കെ ലേലത്തിലൂടെ മികച്ച താരത്തെ കണ്ടെത്തണം. പരിചയസമ്പന്നനായ ഒരു വിദേശ ബാറ്റ്‌സ്മാനെ വാങ്ങാം. കാമറൂണ്‍ ഗ്രീനിനെയും ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരാണ് ലഭ്യമായവരില്‍ ഏറ്റവും അനുയോജ്യം. ശിവം ദുബെയും ഡെവാള്‍ഡ് ബ്രെവിസും യഥാക്രമം അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.

ശിവം ദുബെ 14 ഇന്നിങ്‌സുകളില്‍ നിന്ന് 132.22 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 357 റണ്‍സ് നേടി ഐപിഎല്‍ 2025 ല്‍ സിഎസ്‌കെയുടെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു. ബ്രെവിസ് ഈ വര്‍ഷം ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 180.00 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 225 റണ്‍സ് നേടി.

സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ നഥാന്‍ എല്ലിസ് ഉള്‍പ്പെടുമെന്നും സഞ്ജയ് ബംഗാര്‍ അഭിപ്രായപ്പെട്ടു. ന്യൂ ബോള്‍ ഉപയോഗിച്ച് നന്നായി പന്തെറിയുന്ന അദ്ദേഹം വളരെ നല്ല ഫീല്‍ഡറാണ്. ജാമി ഓവര്‍ട്ടണെ കളിപ്പിക്കുന്നത് സാഹചര്യങ്ങള്‍ കൂടി നോക്കിയാവാം. ലിവിങ്സ്റ്റണിന് ഇരുവശത്തേക്കും പന്ത് സ്പിന്‍ ചെയ്യിക്കാന്‍ കഴിവുണ്ട്. ബ്രെവിസിന് ഫോം നഷ്ടപ്പെട്ടാല്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ക്ക് ഫിനിഷറുടെ റോളും വഹിക്കാന്‍ കഴിയുമെന്നും സഞ്ജയ് ബംഗാര്‍ എടുത്തുപറഞ്ഞു.
നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക

Read Entire Article