Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•24 Mar 2026, 2:09 p.m. IST
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്നത് വിവിധ ടീമുകളുടെ പ്ലേയിങ് ഇലവന്‍ സാധ്യതകളാണ്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ചെന്നെെ സൂപ്പര്‍ കിങ്സിന്‍റെ പ്ലേയിങ് ഇലവന്‍ സാധ്യതകള്‍ പ്രവചിച്ചിരിക്കുകയാണ്. സഞ്ജു സാംസണ്‍ ചെന്നെെ സൂപ്പര്‍ കിങ്സിന്‍റെ റണ്‍വേട്ടക്കാരനായി മാറുമെന്നും ആകാശ് ചോപ്ര പ്രവചിക്കുന്നുണ്ട്.
ഹൈലൈറ്റ്:
- ചെന്നെെ പ്ലെയിങ് ഇലവനില്‍ 3 വിദേശ താരങ്ങള്‍ മാത്രമോ?
- ചെന്നെെയുടെ റണ്‍വേട്ടക്കാരന്‍ സഞ്ജു സാംസണ്‍ തന്നെയെന്ന് പ്രവചനം
- മാര്‍ച്ച് 28-നാണ് 2026 ഐപിഎല്‍ സീസണ് തുടക്കമാകുന്നത്
ചെന്നെെ സൂപ്പര്‍ കിങ്സ് ടീം(ഫോട്ടോസ്- Getty Images)"സഞ്ജു സാംസണും ആയുഷ് മാത്രേയുമായിരിക്കും ചെന്നെെയുടെ ഓപ്പണര്‍മാര്‍, റുതുരാജ് ഗെയ്ക്വാദ് മൂന്നാം നമ്പറിലും ഡ്യുവാള്‍ഡ് ബ്രെവിസ് നാലാം നമ്പറിലും കളിക്കും, ബ്രെവിസ് കിടിലന്‍ താരമാണ്, ടീം അദ്ദേഹത്തെ നന്നായി ആശ്രയിക്കും, പിന്നെ ശിവം ദുബെ വരും, അടുത്തതായി ഒന്നുകില്‍ കാര്‍ത്തിക് ശര്‍മ അല്ലെങ്കില്‍ പ്രശാന്ത് വീര്‍, അതുമല്ലെങ്കില്‍ രണ്ട് പേരും കളിച്ചേക്കും, പിന്നെ തീര്‍ച്ചയായും എംഎസ് ധോണി" - ആകാശ് ചോപ്ര പറഞ്ഞു.
"നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മാറ്റ് ഹെന്‍റി എന്നിവരായിരിക്കും ചെന്നെെ ടീമിന്‍റെ മൂന്ന് ബോളര്‍മാര്‍, ഇംപാക്ട് പ്ലെയറായി രാഹുല്‍ ചഹര്‍ അല്ലെങ്കില്‍ ശ്രേയസ് ഗോപാല്‍, രാമകൃഷ്ണ ഘോഷും മികച്ച ഫോമിലാണ്, അവനെയും കളിപ്പിക്കാം, ഇങ്ങനെയൊരു പ്ലെയിങ് ഇലവനെയാണ് ഞാന്‍ ഉറ്റുനോക്കുന്നത്" - ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. 2026 ഐപിഎല്‍ താരലേലത്തിന് മുമ്പ് 15 താരങ്ങളെ നിലനിര്‍ത്തിയ ചെന്നെെ സൂപ്പര്‍ കിങ്സ് ട്രേഡിലൂടെ സഞ്ജു സാംസണെ സ്വന്താക്കി. ഐപിഎല്‍ താരലേലത്തിലൂടെ 9 താരങ്ങളെയും ചെന്നെെ ടീമിലെത്തിച്ചു.
ധോണിക്കൊപ്പം സഞ്ജു; ചെപ്പോക്കിനെ ഇളക്കിമറിച്ച് 'ബ്ലോക്ക്ബസ്റ്റർ' എൻട്രി
ഇത്തവണ സഞ്ജു സാംസണ്‍ ചെന്നെെ സൂപ്പര്‍ കിങ്സിന്‍റെ മികച്ച റണ്‍വേട്ടക്കാരനായി മാറുമെന്നാണ് ആകാശ് ചോപ്ര പ്രവചിക്കുന്നത്. "ഇക്കുറി ചെന്നെെയുടെ മികച്ച റണ്‍വേട്ടക്കാരനായി സഞ്ജുവിനെയാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്, ഒരുപക്ഷേ, ഓറഞ്ച് ക്യാപ്പും സഞ്ജു സാംസണ്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ട്, ചെന്നെെയുടെ മികച്ച വിക്കറ്റ് വേട്ടക്കാരനായി മാറാനുള്ള സാധ്യത നൂര്‍ അഹമ്മദിനാണ്, എല്ലാ മത്സരവും കളിക്കുകയാണെങ്കില്‍ ആ സ്ഥാനം എന്തായാലും നൂര്‍ അഹമ്മദിനായിരിക്കും" - ആകാശ് ചോപ്ര വ്യക്തമാക്കി.
ആകാശ് ചോപ്ര പ്രവചിക്കുന്ന ചെന്നെെ പ്ലേയിങ് ഇലവന്‍: ആയുഷ് മാത്രേ, സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്വാദ്, ഡ്യുവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍, എംഎസ് ധോണി, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മാറ്റ് ഹെന്‍റി









English (US) ·