Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•19 Jan 2026, 5:57 p.m. IST
IPL 2026: രാജസ്ഥാൻ റോയൽസ് ഇത്തവണത്തെ സീസണിന് മുമ്പ് നിർണ്ണായക നീക്കമാണ് നടത്തിയിരിക്കുന്നത്. ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണെ ഒഴിവാക്കി പകരം ചെന്നെെ സൂപ്പർ കിങ്സിൽ നിന്ന് രവീന്ദ്ര ജഡേജയെയും സാം കറെനെയും സ്വന്തമാക്കി. എന്നാൽ സമീപകാലത്തെ ജഡേജയുടെ പ്രകടനം ടീമിന് വലിയ തലവേദന സൃഷ്ടിക്കുകയാണ്. ആരാധകരും നിരാശയാണ് പങ്കുവെക്കുന്നത്.
ഹൈലൈറ്റ്:
- രാജസ്ഥാൻ റോയൽസിന് മുന്നിൽ വലിയ ആശങ്ക
- രവീന്ദ്ര ജഡേജയെ ടീമിലേക്കെത്തിച്ച് രാജസ്ഥാൻ
- രാജസ്ഥാന് മുന്നിൽ പരിക്കും വെല്ലുവിളി ഉയർത്തുന്നു
സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ(ഫോട്ടോസ്- Getty Images)ശ്രേയസ് അയ്യര്‍ സൂര്യയുടെ പിന്‍ഗാമിയാകുമോ? സാധ്യതകള്‍ ഇങ്ങനെ
സഞ്ജുവിനെ കെെവിട്ട് പകരം ജഡേജയെ കൊണ്ടുവന്നപ്പോൾ രാജസ്ഥാന് വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ ജഡേജക്ക് സാധിച്ചിട്ടില്ലെന്നത് നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഇത്തവണത്തെ ഐപിഎല്ലിൽ മധ്യനിരയിൽ നിർണ്ണായക സ്ഥാനം ജഡേജക്ക് നൽകിയേക്കും. അതിവേഗം റൺസുയർത്തുകയും മധ്യ ഓവറുകളിൽ വിക്കറ്റ് നേടുകയും ചെയ്ത് ജഡേജ മാച്ച് വിന്നറാവുമെന്നാണ് രാജസ്ഥാന്റെ പ്രതീക്ഷ.
എന്നാൽ സമീപകാലത്തൊന്നും താരത്തിന് തിളങ്ങാനാവാത്തത് രാജസ്ഥാന് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പരിശീലകൻ കുമാർ സങ്കക്കാരയുടെ കണക്കുകൂട്ടൽ തെറ്റിക്കുന്ന പ്രകടനമാണ് ഇപ്പോൾ ജഡേജ കാഴ്ചവെക്കുന്നത്. ഇത് രാജസ്ഥാന്റെ ഐപിഎൽ പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണെന്ന് നിസംശയം പറയാം. ഇനി ടി20 ലോകകപ്പാണ് നടക്കാനുള്ളത്.
ഇതിനോടകം ടി20യിൽ നിന്ന് വിരമിച്ച ജഡേജക്ക് ടി20 ലോകകപ്പിൽ സീറ്റില്ല. അതുകൊണ്ടുതന്നെ ഇടവേളക്ക് ശേഷമാവും ജഡേജ ഐപിഎൽ കളിക്കാനെത്തുക. ഇത് താരത്തിന്റെ ഫോമിനെ വീണ്ടും പിന്നോട്ടടിക്കാൻ സാധ്യത കൂടുതലാണ്. ജഡേജയുടെ മോശം ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് രാജസ്ഥാൻ റോയൽസിന്റെ ആരാധകർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ജഡേജ ഈ കളിയാണ് പുറത്തെടുക്കുന്നതെങ്കിൽ അത് ടീമിനെ പിന്നോട്ടടിക്കുമെന്നുറപ്പാണ്.
ചെന്നെെ സൂപ്പർ കിങ്സ് രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ കൃത്യമായ നീക്കമാണ് സിഎസ്കെ നടത്തിയതെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്. ഒരു കാലത്ത് ജഡേജ മാച്ച് വിന്നറായിരുന്നു. എന്നാൽ ഇതേ മികവ് ഇപ്പോൾ കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ജഡേജ രാജസ്ഥാന് ബാധ്യതയായി മാറാനുള്ള സാധ്യതയാണ് കൂടുതൽ.
IND vs NZ: പരമ്പര തോറ്റു, പക്ഷെ ഇന്ത്യ നിരാശപ്പെടേണ്ട! മൂന്ന് കാര്യങ്ങൾ സന്തോഷിക്കാനുണ്ട്; ലോകകപ്പിന് മുമ്പ് കരുത്ത് പകരുന്നു
രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് മറ്റൊരു തിരിച്ചടികൂടിയുണ്ട്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറായ ഡൊനോവൻ ഫെരേര പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ഇത്തവണത്തെ ഐപിഎല്ലിൽ ഫെരേര കളിക്കാൻ സാധ്യതയില്ലെന്ന് തന്നെ പറയാം. സൗത്താഫ്രിക്ക20 ലീഗിനിടെ പരിക്കേറ്റ താരത്തിന് ടി20 ലോകകപ്പും ഐപിഎല്ലും നഷ്ടമാകുമെന്നാണ് വിവരം.
അങ്ങനെയാണെങ്കിൽ രാജസ്ഥാൻ റോയൽസിനൊപ്പം ഇത്തവണത്തെ ഐപിഎൽ കളിക്കാൻ ഡൊനോവൻ ഫെരേര ഉണ്ടാകില്ല. ഇതും രാജസ്ഥാനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള കാര്യമാണ്. സഞ്ജു സാംസണിന്റെ അഭാവത്തിലും തങ്ങൾക്ക് കരുത്തുണ്ടെന്ന് തെളിയിക്കാനുറച്ചാണ് രാജസ്ഥാൻ പടയൊരുക്കം നടത്തുന്നത്. എന്നാൽ നിലവിലെ സാഹചര്യം ടീമിന് തിരിച്ചടിക്കുള്ള സാധ്യതകൾ ഉയർത്തുന്നതാണെന്ന് നിസംശയം പറയാം.









English (US) ·