IPL 2026: ഐപിഎല്‍ 2021 മുതല്‍ 2025 വരെ രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) നയിച്ച സഞ്ജു സാംസണ്‍ (Sanju Samson) 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് (Chennai Super Kings) വേണ്ടിയാണ് കളിക്കുക. ഈ മാസത്തെ ലേലത്തിന് ശേഷമാണ് ആര്‍ആര്‍ പുതിയ ക്യാപ്റ്റനെ തീരുമാനിക്കുക. റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍, ദ്രുവ് ജുറേല്‍ എന്നിവരാണ് മുന്നില്‍.
സഞ്ജു സാംസണും റിയാന്‍ പരാഗും രാജസ്ഥാന്‍ റോയല്‍സിലെ പരിശീലന സെഷനില്‍. (File)(ഫോട്ടോസ്- Agencies)ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്ലെയര്‍ ട്രേഡിലൂടെ സഞ്ജു ( Sanju Samson) ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറി. ഇതിന് പകരം സിഎസ്‌കെയില്‍ നിന്ന് രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലെത്തി. രാജസ്ഥാനില്‍ ജഡേജയ്ക്ക് ക്യാപ്റ്റന്‍സി ലഭിച്ചേക്കാമെന്ന അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും ലേലത്തിന് ശേഷമാണ് തീരുമാനമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടി റുതുരാജും കോഹ്ലിയും
ഈ മാസം നടക്കുന്ന മിനി താര ലേലത്തില്‍ ക്യാപ്റ്റന്‍സിക്ക് അനുയോജ്യമായ മികച്ച ഇന്ത്യന്‍ താരത്തെ ലഭിക്കാന്‍ സാധ്യതയില്ല. ഐപിഎല്‍ 2025 ല്‍ എട്ട് മത്സരങ്ങളില്‍ ആര്‍ആറിനെ നയിച്ച റിയാന്‍ പരാഗിനാണ് സാധ്യത കൂടുതല്‍. ഇന്ത്യന്‍ ഓപണര്‍ യശസ്വി ജയ്‌സ്വാളിനും വിക്കറ്റ് കീപ്പര്‍ ദ്രുവ് ജുറേലിനും ക്യാപ്റ്റന്‍സി മോഹമുണ്ട്. ജുറേല്‍ അടുത്തിടെ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയെ നയിച്ചു.
ക്യാപ്റ്റന്‍സി സാധ്യതകളെ കുറിച്ച് ആദ്യമായി റിയാന്‍ സംസാരിച്ചു. 'കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ എട്ട് മത്സരങ്ങളില്‍ ഞാന്‍ ക്യാപ്റ്റനായിരുന്നു. ഡ്രസ്സിങ് റൂമില്‍, ഞങ്ങള്‍ തീരുമാനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, ഞാന്‍ കാര്യങ്ങള്‍ 80 മുതല്‍ 85 ശതമാനം വരെ ശരിയായി ചെയ്തിട്ടുണ്ട്'- അദ്ദേഹം സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പറഞ്ഞു.
ഇപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ക്യാപ്റ്റന്‍സി ലേലത്തിന് ശേഷം തീരുമാനിക്കുമെന്ന് മനോജ് ബദാലെ സര്‍ പറഞ്ഞിട്ടുണ്ട്. അനുയോജ്യനാണെന്ന് ടീം മാനേജ്മെന്റ് കരുതുന്നുവെങ്കില്‍, ഞാന്‍ കൈ ഉയര്‍ത്താന്‍ തയ്യാറാണ്. കളിക്കാരന്‍ എന്ന നിലയിലാണ് എനിക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുകയെന്നാണ് അവര്‍ക്ക് തോന്നുന്നതെങ്കില്‍ അതിനും തയ്യാറാണ്.
ക്യാപ്റ്റന്‍സി എളുപ്പമാണെന്ന് എല്ലാവര്‍ക്കും തെറ്റിദ്ധാരണയുണ്ട്. അതില്‍ പ്രശസ്തിയുടെ ഒരു ഘടകമുണ്ട്. പക്ഷേ, വ്യക്തിഗത പ്രകടനത്തെ 20 ശതമാനമായി കുറയ്ക്കുന്നു. ക്യാപ്റ്റന്‍ എല്ലാ മീറ്റിങുകളിലും പങ്കെടുക്കണം, സ്‌പോണ്‍സര്‍ ഷൂട്ടുകളില്‍ പങ്കെടുക്കണം, മാധ്യമങ്ങള്‍ക്ക് ഉത്തരം നല്‍കണം.
സഞ്ജുവിന്റെ അഭാവത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അപ്പോള്‍ എനിക്ക് വിഷമം തോന്നും. ഞാന്‍ ടീമില്‍ വന്നപ്പോള്‍ സഞ്ജു ഭയ്യയുമായി വളരെ അടുപ്പത്തിലായിരുന്നു. അസമില്‍ നിന്നുള്ള 17 അല്ലെങ്കില്‍ 18 വയസ്സുള്ള കുട്ടിയാണ് ഞാന്‍ എന്ന് തോന്നാന്‍ അദ്ദേഹം എന്നെ അനുവദിച്ചില്ല- റിയാന്‍ പരാഗ് പറഞ്ഞു.
ഐപിഎല്‍ 2019 മുതല്‍ ആര്‍ആറിനൊപ്പമുള്ള റിയാന്‍ നായകസ്ഥാനം ഏറ്റെടുക്കാന്‍ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. പരിക്ക് കാരണം സഞ്ജു കളിക്കാതിരുന്ന മത്സരങ്ങളിലാണ് ബാറ്റിങ് ഓള്‍റൗണ്ടര്‍ ആര്‍ആറിനെ നയിച്ചത്. എന്നാല്‍, എട്ട് മല്‍സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ മാത്രമാണ് ലഭിച്ചത്.








English (US) ·