‘JSK’ സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിയുടെ മുന്നിൽ, ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ച

6 months ago 6

JSK

ജെഎസ്കെ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook

കൊച്ചി: ‘ജെ.എസ്‌.കെ.-ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് നിർമാതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റി വ്യാഴാഴ്ച ചിത്രം വീണ്ടും കണ്ട് വിലയിരുത്താൻ തീരുമാനിച്ചത് കണക്കിലെടുത്താണിത്. റിവൈസിങ് കമ്മിറ്റിയുടെ തീരുമാനം അറിയിക്കണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് നിർദേശിച്ചു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ചിത്രത്തിന്റെ നിർമാതാക്കളായ കോസ്‌മോ എന്റർറ്റേനിങ് ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജൂൺ 12-ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ജാനകി എന്നായതാണ് സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ കാരണമെന്നാണ് അനൗദ്യോഗിക അറിയിപ്പ്.

നേരത്തെ, സ്‌ക്രീനിങ് കമ്മിറ്റി ചിത്രം കണ്ടിരുന്നു. ചിത്രത്തിന്റെ ടീസറിന് മൂന്നുമാസംമുമ്പ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. എന്നാല്‍, ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു.

സാധാരണയായി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കപ്പെടുകയും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യുകയാണ് പതിവെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ചില സാഹചര്യങ്ങളില്‍ ചെയര്‍മാന്‍ സ്വമേധയാ പ്രത്യേകം രൂപവത്കരിച്ച റിവൈസിങ് കമ്മിറ്റിക്ക് കൈമാറും. എന്നാല്‍, തങ്ങളുടെ ചിത്രം ചൊവ്വാഴ്ച മാത്രമാണ് റിവൈസിങ് കമ്മിറ്റിക്ക് വിട്ടതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകരായ അനന്ദ് ബി. മേനോന്‍, ഹാരിസ് ബീരാന്‍, അസര്‍ അസീസ്, നബീല്‍ ഖാദര്‍ എന്നിവര്‍ മുഖേനയാണ് നിര്‍മാതാക്കള്‍ ഹര്‍ജി നല്‍കിയത്.

Content Highlights: Kerala High Court to determine connected the censorship certificate for the movie `JSK'

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article