Kannappa Review | അചഞ്ചലമായ ഭക്തിയുടെ കഥ, താരനിബിഡം, വെള്ളിത്തിരയിലെ പുത്തൻ ദൃശ്യവിസ്മയം

6 months ago 6

Kannappa

കണ്ണപ്പ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X

ഫാന്റസി ചിത്രങ്ങൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും ഇടക്കാലത്ത് വെള്ളിത്തിരയിൽനിന്ന് അകന്നുനിന്ന ജോണറായിരുന്നു പുരാണവും ഐതിഹ്യവും. അതിൽത്തന്നെ വിശ്വാസികളുടെ മനസിൽ ഇപ്പോഴും നിലനിൽക്കുന്ന ഐതിഹ്യകഥ സിനിമയായിവന്നിട്ട് ഏറെ കാലമായി. ആ ഇടവേളയ്ക്ക് മുകേഷ് കുമാർ സിം​ഗും കൂട്ടരും കണ്ണപ്പ എന്ന ചിത്രത്തിലൂടെ അവസാനമിട്ടിരിക്കുന്നു. സാഹസികതയും പുരാണേതിഹാസങ്ങളുടെ പശ്ചാത്തലവും അതിലേറെ ഭക്തിയും ഇടകലർത്തിയുള്ള വെള്ളിത്തിരയിലെ അനുഭവമാണ് പ്രാഥമികമായി കണ്ണപ്പ.

ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് കണ്ണപ്പ. നായകനായ വിഷ്ണു മഞ്ചുതന്നെയാണ് ടൈറ്റിൽ റോളിൽ എത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള പ്രസിദ്ധമായ ശ്രീകാളഹസ്തീശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് കണ്ണപ്പയുടേയും കഥ. ചെഞ്ചു ​ഗോത്രത്തിൽപ്പിറന്ന, നിരീശ്വരവാദിയായ തിന്നൻ എന്ന യുവയോദ്ധാവ് എങ്ങനെ പരമശിവന്റെ ഭക്തനായിത്തീർന്നു എന്നതാണ് ഐതിഹ്യകഥ. ഇതിന്റെ ചുവടുപിടിച്ചുള്ള ദൃശ്യാവിഷ്കാരമാണ് കണ്ണപ്പ എന്ന ചിത്രം.

തിന്നൻ എന്ന കഥാപാത്രത്തിന്റെ ജീവിതപരിവർത്തനമാണ് കണ്ണപ്പ എന്ന ചിത്രം പറയുന്നത്. തിന്നനെ നിരീശ്വരവാദിയാക്കിയ സംഭവങ്ങളാണ് ചിത്രത്തിന്റെ ആദ്യപകുതി. കൂടാതെ പ്രധാന കഥാപാത്രങ്ങളേയും അവരുടെ പശ്ചാത്തലവും ചിത്രം ചർച്ച ചെയ്യുന്നു. രണ്ടാം പകുതിയിലാണ് വലിയ സംഭവവികാസങ്ങളും ട്വിസ്റ്റുകളും ഇടംപിടിച്ചിട്ടുള്ളത്. നിരീശ്വരവാദി, യോദ്ധാവ്, പരമഭക്തൻ എന്നിങ്ങനെ മൂന്നുഘട്ടങ്ങളാണ് തിന്നന്റെ ജീവിതത്തിലുള്ളത്. ഇതിൽ എന്തെല്ലാം സാഹചര്യങ്ങളാണ് തിന്നനെ കണ്ണപ്പയാക്കി മാറ്റുന്നത് എന്നതിലാണ് സിനിമയിലെ വിഷ്വൽ ട്രീറ്റ് ഒളിഞ്ഞിരിക്കുന്നത്.

താരനിബിഡമാണ് ചിത്രമെന്ന് പറയേണ്ടിയിരിക്കുന്നു. നായകനായ വിഷ്ണു മഞ്ചുവിന് പുറമേ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിവരുടെ സാന്നിധ്യം ചിത്രത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്. മൂവരുടേയും കഥാപാത്രങ്ങൾ നിർണായകമായ ഘട്ടങ്ങളിലാണ് വരുന്നതും. പ്രീതി മുകുന്ദൻ, ഡോ. മോഹൻബാബു, ശരത്കുമാർ, ഐശ്വര്യ, മധുബാല, ബ്രഹ്മാജി, ബ്രഹ്മാനന്ദം, അർപിത് രം​ഗ, സമ്പത്ത് റാം തുടങ്ങിയവരും അവരവരുടെ വേഷങ്ങൾ ഭം​ഗിയാക്കി. സ്റ്റീഫൻ ദേവസി ഒരുക്കിയ​ ഗാനങ്ങളും പശ്ചാത്തലസം​ഗീതവും മികച്ചതായിരുന്നു. ഷെൽഡൻ ഛാവുവിന്റെ ക്യാമറയും കണ്ണപ്പയെ ദൃശ്യവിസ്മയമാക്കുന്നതിൽ പങ്കുവഹിക്കുന്നു.

കാളഹസ്തി ക്ഷേത്രത്തിന്റെ പ്രധാന പ്രതിഷ്ഠയ്ക്ക് വലതുവശത്തായാണ് ഭക്ത കണ്ണപ്പയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു കഥകൂടിയുണ്ട് എന്ന് വിളിച്ചുപറയുകയാണ് ചിത്രം. ഭക്തി അടിസ്ഥാനമാക്കിയുള്ള, ഐതിഹ്യകഥകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ കണ്ണപ്പയ്ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.

Content Highlights: Kannappa: A Cinematic Exploration of Faith, Sacrifice, and the Legend of Kannappa Nayanar

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article