04 August 2025, 07:34 AM IST

സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
തിരുവനന്തപുരം: സിനിമാ കോൺക്ലേവ് നടത്തുന്നത് വെറുതേ റിപ്പോർട്ട് തയ്യാറാക്കാനാണോയെന്ന് സംശയിക്കാമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമർശം. ചലച്ചിത്രമേഖലയെപ്പറ്റി താനുൾപ്പെട്ട സമിതി വർഷങ്ങൾക്കുമുൻപ് നൽകിയ റിപ്പോർട്ടിലെ ഒരു ശുപാർശപോലും നടപ്പാക്കിയില്ലെന്നും അടൂർ വിമർശിച്ചു.
സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും സിനിമാമേഖലയും ഉൾപ്പെട്ട റെഗുലേറ്ററി കൗൺസിൽ വേണം, ഇ-ടിക്കറ്റിങ് നടപ്പാക്കണം തുടങ്ങിയ ശുപാർശ അതിലുണ്ടായിരുന്നു. ചില തിയേറ്റർ ഉടമകൾ ചിലരുടെ സിനിമ കാണിക്കില്ലെന്നു തീരുമാനിക്കാൻ അവർ ആരാണെന്ന് അടൂർ ചോദിച്ചു. ഇക്കാര്യങ്ങളിലൊക്കെ ഇടപെടാനാണ് നിയമപരമായ അധികാരമുള്ള റെഗുലേറ്ററി കൗൺസിൽ വേണമെന്നു പറഞ്ഞത്. പുതിയ റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ ദയവായി പഴയതുകൂടി വായിക്കണം.
200 കോടി ക്ലബ്ബിൽ കയറിയ സിനിമയെടുത്തവർ ജൂനിയർ ആർട്ടിസ്റ്റിന് വേതനം കൊടുത്തില്ലെന്നാണ് പരാതി. ഇതൊന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. രാജ്യത്ത് ഒന്നാമതെത്തുമായിരുന്ന കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ വൃത്തികെട്ട സമരം തകർത്തെന്നും അടൂർ കുറ്റപ്പെടുത്തി. ദേശീയപുരസ്കാരം കിട്ടിയ ഉള്ളൊഴുക്ക് സിനിമയെ ചലച്ചിത്ര പുരസ്കാരത്തിലും ചലച്ചിത്രമേളയിലും കേരളം തഴഞ്ഞതിനെയും അടൂർ വിമർശിച്ചു.
Content Highlights: Adoor Gopalakrishnan Critiques Kerala Cinema Conclave, Calls for Regulatory Council
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·