Narivetta Review | ടൊവിനോ എന്തൊരു നടനാണ് നിങ്ങൾ! ഉള്ളുലയ്ക്കും വേട്ടയാടും; മസ്റ്റ് വാച്ചാണ് നരിവേട്ട

8 months ago 10

Narivetta

നരിവേട്ട എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook

ണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളിലേക്ക് മൂർച്ചയേറിയ ആയുധംപോലെ തുളഞ്ഞുകയറുന്ന ചില ചിത്രങ്ങളുണ്ട്. പറയുന്ന വിഷയംകൊണ്ടും അവതരണരീതികൊണ്ടും ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്നവയായിരിക്കും അത്തരം ചിത്രങ്ങൾ. പ്രേക്ഷകനെ ദിവസങ്ങളോളം മാനസികമായി വേട്ടയാടുകയും ചെയ്യുന്നവയും ഇക്കൂട്ടത്തിലുണ്ടാവും. അങ്ങനെയൊരു ചിത്രമാണ് അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട.

യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് പല സിനിമകളുടേയും ടാ​ഗ് ലൈനായി കാണാറുണ്ട്. നരിവേട്ട സംസാരിക്കുന്നത് ഒന്നിലധികം യഥാർത്ഥ സംഭവങ്ങളാണ്. വർ​ഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്രയാണ് ഒരർത്ഥത്തിൽ നരിവേട്ട എന്ന ചിത്രം. പിഎസ്‌സി വഴി ലഭിച്ച പോലീസ് കോൺസ്റ്റബിൾ ജോലിയിലേക്ക് ഒട്ടും ഇഷ്ടമില്ലാതെ പ്രവേശിക്കേണ്ടിവരുന്ന വർ​ഗീസ് പീറ്ററാണ് ചിത്രത്തിലെ നായകൻ. ഇദ്ദേഹത്തിന് ചീയമ്പം എന്ന സ്ഥലത്ത് നടക്കുന്ന ഒരു ആദിവാസി ഭൂസമരത്തിന് ഡ്യൂട്ടിക്ക് പോകേണ്ടിവരുന്നു. തുടർന്ന് ഈ കഥാപാത്രം കൺമുന്നിൽ കാണുന്ന സംഭവങ്ങളാണ് നരിവേട്ട എന്ന ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.

നരിവേട്ട എന്ന ചിത്രം സംസാരിക്കുന്ന കാര്യങ്ങൾ ഒരിക്കലും പ്രേക്ഷകർക്ക് അപരിചിതമല്ല. ആദിവാസികൾ നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് ചിത്രത്തിന്റെ തുടക്കംമുതൽ കാണാനാവുക. പൊതുസമൂഹം ഇവരെ എങ്ങനെയാണ് കാണുന്നതെന്നുള്ള പൊള്ളുന്ന യാഥാർത്ഥ്യം ഉറക്കെ വിളിച്ചുപറയുന്നുണ്ട് നരിവേട്ട. ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ മാത്രമല്ല, ജനങ്ങൾ ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും സിനിമയുടെ പലയിടത്തായി വന്നുപോകുന്നുണ്ട്. ചിത്രം രാഷ്ട്രീയം സംസാരിക്കുന്നുണ്ടോ എന്നുചോദിച്ചാൽ ഉണ്ടെന്ന് പറയാം. അതുപക്ഷേ ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ അനുകൂലിച്ചോ കുറ്റപ്പെടുത്തിയോ അല്ലെന്നതും ശ്രദ്ധേയമാണ്. കേരളത്തെ ഞെട്ടിച്ച ഒരു സംഭവത്തിൽനിന്ന് പ്രചോദനംകൊണ്ട് പുതിയൊരു കഥാപരിസരത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നതിൽ നരിവേട്ടയുടെ അണിയറപ്രവർത്തകർക്ക് സാധിച്ചു എന്ന് നിസ്സംശയം പറയാം.

സർക്കാർ സംവിധാനങ്ങൾ ആദിവാസികളെ എങ്ങനെ പരി​ഗണിക്കുന്നു എന്നതാണ് നരിവേട്ട ചർച്ച ചെയ്യുന്ന പ്രധാന വസ്തുതകളിൽ ഒന്ന്. ആദിവാസികൾ മുഖ്യധാരാ സമൂഹത്തിനുമുന്നിൽ എങ്ങനെ ചിത്രീകരിക്കപ്പെടുന്നുവെന്നും അതിനുപിന്നിൽ പോലീസിനും രാഷ്ട്രീയക്കാർക്കുമുള്ള പങ്കാണ് മറ്റൊന്ന്. പോലീസിലെ മേലധികാരികൾ തങ്ങളുടെ താഴേക്കിടയിലുള്ളവരെ എങ്ങനെ സ്വന്തം വരുതിക്കുകൊണ്ടുവരുന്നു എന്നതും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഇത്തരം സംഭവങ്ങളെ പ്രേക്ഷകന്റെ നെഞ്ചുപിടയ്ക്കുംവിധം അവതരിപ്പിച്ചു എന്നിടത്താണ് അബിൻ ജോസഫ് എന്ന തിരക്കഥാകൃത്തും അനുരാജ് മനോഹർ എന്ന സംവിധായകനും വിജയിക്കുന്നതും കയ്യടി നേടുന്നതും.

താരപ്രകടനങ്ങളിലേക്കുവന്നാൽ വർ​ഗീസ് പീറ്ററായെത്തിയ ടൊവിനോയിൽനിന്ന് തുടങ്ങാം. ഇഷ്ടമില്ലാതെ പോലീസിൽ ചേരേണ്ടിവന്ന വർ​ഗീസിനെ ​ഗംഭീരമാക്കിയിട്ടുണ്ട് ടൊവിനോ. ജീവിതത്തിലും ജോലിയിലും നിസ്സഹായനാവുന്ന വർ​ഗീസ് പീറ്റർ ടൊവിനോയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷമെന്ന് നിസ്സംശയം പറയാം. പ്രണയത്തിൽപ്പോലും നിസ്സഹായനായ വർ​ഗീസിൽ നിന്ന് മേലധികാരികളുടെ ആജ്ഞകൾക്കമുന്നിൽ നിസ്സഹായാനാവുന്ന വർ​ഗീസിലേക്ക് അനായാസമായിരുന്നു ടൊവിനോയുടെ ട്രാൻസ്ഫർമേഷൻ. ഇതിനൊപ്പം പറയേണ്ട കഥാപാത്രമാണ് ചേരൻ അവതരിപ്പിച്ച രഘുറാം. ഒരുപക്ഷേ യുദ്ധം സെയ് എന്ന ചിത്രത്തിനുശേഷം ഇത്രയും വ്യത്യസ്തമായ ഒരു പോലീസ് വേഷം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടാവില്ല. ഓട്ടോ​ഗ്രാഫ്, പൊക്കിഷം തുടങ്ങിയ ചിത്രങ്ങൾ ചെയ്ത അതേയാൾ തന്നെയാണോ എന്ന് തോന്നിക്കുംവിധം രഘുറാമിനെ ചേരൻ ​മികച്ചതാക്കി.

ശാന്തി എന്ന ​ഗോത്രസഭാ നേതാവിന്റെ വേഷം ആര്യാ സലീമിൽ ഭദ്രമായിരുന്നു. ആദിവാസി വിഭാ​ഗത്തിന്റെ ഭാഷ അവർ കൈകാര്യം ചെയ്തിരിക്കുന്നതും അഭിനന്ദനാർഹം തന്നെയാണ്. സുരാജ് വെഞ്ഞാറമ്മൂടിന്റെ ബഷീർ സാർ തിയേറ്റർ വിട്ടിറങ്ങിയാലും കൂടെപ്പോരും. താമി എന്ന ആദിവാസി ചെറുപ്പക്കാരനെ അവതരിപ്പിച്ച പ്രണവ് എന്ന നവാ​ഗതന്റെ പ്രകടനവും കയ്യടിപ്പിക്കുന്നതാണ്. പ്രിയംവദ കൃഷ്ണൻ, കാതൽ സുധി, നന്ദു, കൃഷ്ണൻ എന്നിവരും മികച്ചുനിന്നു.

ജേക്സ് ബിജോയിയുടെ പശ്ചാത്തലസം​ഗീതത്തെക്കുറിച്ച് പറയാതെ നരിവേട്ടയെക്കുറിച്ചുള്ള ആസ്വാദനം പൂർത്തിയാവില്ല. അബിന്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഭൂസമര രം​ഗങ്ങൾക്ക് ജേക്സിന്റെ സം​ഗീതവും പശ്ചാത്തലസം​ഗീതവും നൽകുന്ന ബലം ചെറുതൊന്നുമല്ല. ഒരേസമയം ആവേശംകൊള്ളിക്കുന്നതും കണ്ണുനിറയ്ക്കുന്നതുമാണ് അദ്ദേഹത്തിന്റെ സം​ഗീതവിഭാ​ഗം. ഒരു പക്കാ കൊമേഴ്സ്യൽ സിനിമയായും ശക്തമായ രാഷ്ട്രീയം പറയുന്ന കാര്യ​ഗൗരവമാർന്ന സിനിമയായും നരിവേട്ടയെ സമീപിക്കാം. മസ്റ്റ് വാച്ചാണ് നരിവേട്ട.

Content Highlights: Nariveṭṭa: A Gripping Cinematic Exploration of Adivasi Struggles successful Kerala

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article