RCB vs PBKS IPL 2025 Final: മൂന്നല്ല, നാല് ഫൈനലുകളില്‍ തോറ്റ ആര്‍സിബി; പഞ്ചാബിന്‍റെ പഞ്ച് തടുക്കാനാകുമോ വിരാട് കോഹ്ലിയുടെ ചുവപ്പന്‍ പടക്ക്?

7 months ago 7
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL 2025) പുതിയ സീസണില്‍ ഇതുവരെ കിരീടം നേടാത്ത രണ്ട് ടീമുകള്‍ ഫൈനലില്‍ പ്രവേശിച്ചതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞ 18 വര്‍ഷമായി ഐപിഎല്‍ കളിച്ചിട്ടും കിരീടത്തില്‍ മുത്തമിടാന്‍ കഴിയാത്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവും പഞ്ചാബ് കിങ്സും ഇത്തവണ കിടിലന്‍ ഫോമിലാണ്. ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ തകര്‍ത്തുവിട്ടതിന്‍റെ ആത്മവിശ്വാസത്തിലാണ് ആര്‍സിബി. ഒന്നാം ക്വാളിഫയറില്‍ തോറ്റിട്ടും മുംബെെ ഇന്ത്യന്‍സിനെതിരെ ശക്തമായി തിരിച്ചെത്താന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസം പഞ്ചാബ് കിങ്സിനുമുണ്ട്.

മൂന്നല്ല, നാല് ഫൈനലുകള്‍ ആര്‍സിബി തോറ്റു

ആര്‍സിബിയെ സംബന്ധിച്ച് ഇത് നാലാമത്തെ ഐപിഎല്‍ ഫൈനലാണ് അവര്‍ കളിക്കുന്നത്. ഇത്രയും അവസരങ്ങള്‍ കിട്ടിയിട്ടും കപ്പ് നേടാനാകാത്തതിന്‍റെ നിരാശകളെല്ലാം ഇത്തവണ ഇല്ലാതാക്കാമെന്നാണ് ആരാധകരുടെയും പ്രതീക്ഷ. മൂന്ന് ഐപിഎല്‍ ഫൈനലുകള്‍ പരാജയപ്പെട്ടതിന് പുറമേ, ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലും ആര്‍സിബി പരാജയപ്പെട്ടിട്ടുണ്ട്. ഫൈനലുകളിലെ ആര്‍സിബിയുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ എങ്ങനെയായിരുന്നു എന്നാണ് ഇവിടെ വിശദീകരിക്കുന്നത്.

ആര്‍സിബി ജേതാക്കളായാല്‍ അദ്ദേഹത്തെ 'സഹിക്കാനാവില്ല'; കളത്തിന് പുറത്തെ താരത്തെ കുറിച്ച് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

ചാര്‍ജായ ഡെക്കാന്‍, ഒന്നാം ആര്‍സിബി തോല്‍വി

ഐപിഎല്‍ ആരംഭിച്ച് രണ്ടാം സീസണില്‍ തന്നെ ഫൈനലില്‍ എത്താന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു. 2009 ഐപിഎല്‍ ഫൈനലില്‍ ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് നായകനായ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ ആറ് റണ്‍സിനായിരുന്നു ആര്‍സിബിയുടെ തോല്‍വി. അനില്‍ കുംബ്ലെ ആയിരുന്നു ആര്‍സിബിയുടെ ക്യാപ്റ്റന്‍. ജോഹന്നാസ്ബര്‍ഗിലെ ദി വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ ചാര്‍ജേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി.

4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അനില്‍ കുംബ്ലെ ആര്‍സിബി നിരയില്‍ തിളങ്ങി. ഡെക്കാന്‍ ചാര്‍ജേഴ്സ് ബോളര്‍മാരും തിരിച്ചടിച്ചതോടെ ആര്‍സിബിയുടെ മറുപടി 137-9 (20) എന്ന നിലയില്‍ അവസാനിച്ചു. ഈ സീസണിലും ആര്‍സിബിയുടെ താരമായ വിരാട് കോഹ്ലി അന്ന് 8 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായിരുന്നു. ആര്‍സിബിയുടെ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ മാന്‍ ഓഫ് ദി മാച്ച് ആയെങ്കിലും കപ്പ് ഡെക്കാന്‍ ചാര്‍ജേഴ്സ് കയ്യിലാക്കി.

ഇങ്ങനൊന്ന് ഐപിഎല്ലിൽ തന്നെ ഇതാദ്യം; ശ്രേയസ് സ്വന്തമാക്കിയത് ആർക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത നേട്ടം; ഐപിഎല്ലിൽ പുതു ചരിത്രം കുറിച്ച് പഞ്ചാബ് നായകൻ

ധോണിയുടെ ചെന്നെെ, നിലംപരിശായ ആര്‍സിബി

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2011-ല്‍ വീണ്ടും ആര്‍സിബി ഐപിഎല്‍ ഫൈനല്‍ കളിച്ചു. 2008-ലെ റണ്ണേഴ്സ് അപ്പും 2010-ലെ ചാമ്പ്യന്‍മാരുമായ ചെന്നെെ സൂപ്പര്‍ കിങ്സായിരുന്നു ആര്‍സിബിയുടെ ഫൈനലിലെ എതിരാളികള്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നെെ ആര്‍സിബി ബോളര്‍മാരെ അടിച്ചൊതുക്കി. ഓപ്പണര്‍മാരായ മൈക്ക് ഹസ്സിയും മുരളി വിജയുമാണ് അതിന് നേതൃത്വം നല്‍കിയത്.

20 ഓവര്‍ അവസാനിക്കുമ്പോള്‍ അ‍ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലേക്ക് ചെന്നെെ എത്തിയിരുന്നു. മൈക്ക് ഹസ്സി 45 പന്തില്‍ 63 റണ്‍സും മുരളി വിജയ് 52 പന്തില്‍ 95 റണ്‍സും നേടി. മറുപടി ബാറ്റിങിനിറങ്ങിയ ബെംഗളുരുവിനെ രവിചന്ദ്ര അശ്വിന്‍റെ നേതൃത്വത്തില്‍ ചെന്നെെ ബോളര്‍മാര്‍ പിടിച്ചുകെട്ടി. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 എന്ന സ്കോറില്‍ ആര്‍സിബിയുടെ ബാറ്റിങ് അവസാനിച്ചു. വിരാട് കോഹ്ലി 32 പന്തില്‍ 35 റണ്‍സാണ് ഈ മത്സരത്തില്‍ നേടിയത്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നെെയുടെ രണ്ടാം കിരീടമായിരുന്നു ഇത്. ന്യൂസിലന്‍ഡ് ഇതിഹാസ താരം ഡാനിയല്‍ വെറ്റോറിയായിരുന്നു അന്ന് ആര്‍സിയുടെ ക്യാപ്റ്റന്‍

ആര്‍സിബിയെ തകര്‍ത്ത സണ്‍റൈസേഴ്സ്

2016-ലാണ് അതിന് ശേഷം ആര്‍സിബി ഐപിഎല്‍ ഫൈനല്‍ കളിക്കുന്നത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ക്രിസ് ഗെയിലും എബി ഡിവില്ലിയേഴ്സും ഷെയ്ന്‍ വാട്സണും കെഎല്‍ രാഹുലുമടങ്ങുന്ന ശക്തമായ ടീമായിരുന്നു ആര്‍സിബിയുടേത്. എന്നാല്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 8 റണ്‍സിന് ആര്‍സിബി പരാജയപ്പെട്ടു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയപ്പോള്‍ ആര്‍സിബിയുടെ മറുപടി 200 റണ്‍സില്‍ അവസാനിച്ചു.

RCB vs PBKS IPL 2025 Final: മൂന്നല്ല, നാല് ഫൈനലുകളില്‍ തോറ്റ ആര്‍സിബി; പഞ്ചാബിന്‍റെ പഞ്ച് തടുക്കാനാകുമോ വിരാട് കോഹ്ലിയുടെ ചുവപ്പന്‍ പടക്ക്?


ഓപ്പണര്‍മാരായ ക്രിസ് ഗെയ്ലും വിരാട് കോഹ്ലിയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികള്‍ നേടിയിട്ടും മധ്യനിരയിലെ തകര്‍ച്ച ബെംഗളുരുവിന് തിരിച്ചടിയായി. കോഹ്ലി 35 പന്തില്‍ 54 റണ്‍സും ഗെയില്‍ 38 പന്തില്‍ 76 റണ്‍സുമാണ് സ്വന്തം പേരില്‍ കുറിച്ചത്. ബാറ്റിങിലും ബോളിങിലും ഒരുപോലെ തിളങ്ങിയ ബെന്‍ കട്ടിങ് ആയിരുന്നു മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്.

ചാമ്പ്യന്‍സ് ലീഗ് ടി20യില്‍ പണി പറ്റിച്ചത് മുംബെെ

2011-ലായിരുന്നു ആര്‍സിബിയുടെ ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലെ പരാജയം. ചെന്നെെയില്‍ വെച്ച് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബെെ ഇന്ത്യന്‍സിനെ ആര്‍സിബി ബോളര്‍മാര്‍ വിറപ്പിച്ചു. 20 ഓവറില്‍ 139 റണ്‍സിന് മുംബെെ ഓള്‍ ഔട്ടായി. രാജു ഭട്കല്‍ മൂന്ന് വിക്കറ്റുകളും ഡാനിയല്‍ വെറ്റോറി 2 വിക്കറ്റുകളും നേടി. എന്നാല്‍ മുംബെെയേക്കാള്‍ വലിയ തകര്‍ച്ചയാണ് ആര്‍സിബി ഏറ്റുവാങ്ങിയത്. 19.2 ഓവറില്‍ 108 റണ്‍സിന് ആര്‍സിബി ഓള്‍ഔട്ടായതോടെ മുംബെെ 31 റണ്‍സിന് വിജയിച്ചു. 19 പന്തില്‍ 11 റണ്‍സായിരുന്നു അന്ന് കോഹ്ലിയുടെ സമ്പാദ്യം.

ഇനിയൊന്നും നോക്കാനില്ല, കിരീടം തന്നെ ലക്ഷ്യം

ഐപിഎല്ലും ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പടെ നാല് ഫൈനലുകള്‍ തോറ്റ ചരിത്രവുമായാണ് ആര്‍സിബി പഞ്ചാബ് കിങ്സിനെ നേരിടാന്‍ ഒരുങ്ങുന്നത്. മറുവശത്ത് പഞ്ചാബ് തങ്ങളുടെ രണ്ടാം ഐപിഎല്‍ ഫൈനലാണ് കളിക്കുന്നത്. 2014-ലെ ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മൂന്ന് വിക്കറ്റുകള്‍ പഞ്ചാബ് പരാജയപ്പെടുകയായിരുന്നു.

എന്തായാലും ഇത്തവണത്തെ ഫൈനല്‍ രണ്ട് ടീമുകളെ സംബന്ധിച്ചും സുപ്രധാനമാണ്. ഐപിഎല്‍ ഫൈനലുകളില്‍ നാലും പിഴക്കുന്ന ടീമായി ആര്‍സിബി മാറുമോ അതോ 18ാം സീസണില്‍ കോഹ്ലിയുടെ 18-ന്‍റെ ഭാഗ്യത്തില്‍ കപ്പടിച്ച് കയറുമോ എന്ന കാര്യം അറിയാനായി ജൂണ്‍ 3 വരെ കാത്തിരിക്കാം. അവസാന മത്സരത്തില്‍ പഞ്ചാബിനെ ആര്‍സിബി മുട്ടുകുത്തിച്ച അതേ പ്രകടനം പുറത്തെടുക്കാനായാല്‍ ആര്‍സിബിക്ക് കാര്യങ്ങള്‍ എളുപ്പമാകും. എന്നാല്‍ പഞ്ചാബിന്‍റെ തിരിച്ചുവരവിനെ നിസ്സാരമായി കാണാന്‍ കഴിയില്ല.

Read Entire Article