
സാഹസം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook
മലയാള സിനിമാ പ്രേക്ഷകർ ഇടക്കാലത്ത് മറന്നുപോയ ഒരു ജോണറാണ് ആക്ഷൻ കോമഡി. ഒരുപാട് താരങ്ങളും രസകരമായ കഥാ സന്ദർഭങ്ങളും ഇടയ്ക്ക് ചെറിയ പ്രണയവുമൊക്കെയായി മുന്നേറുന്ന അത്യന്തം രസാവഹമായ ചിത്രങ്ങൾ മലയാളത്തിൽ വന്നിട്ട് കുറച്ചായി. ആ പരാതിക്ക് ഫുൾസ്റ്റോപ്പിടുകയാണ് ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സാഹസം. പേരുപോലെ സാഹസിക രംഗങ്ങളാൽ സമ്പന്നമാണ് ഈ സാഹസം. ചിരിയും പ്രണയവും ആട്ടവും പാട്ടും ആക്ഷനും ത്രില്ലുമെല്ലാമായി തിരശ്ശീലയെ ആഘോഷമാക്കുകയാണ് സാഹസം.
ആന്റി നാർക്കോട്ടിക് സംഘം, വളരെ ദുരൂഹത നിറഞ്ഞ രണ്ടുപേർ, ഇവർ മൂവരും തമ്മിലുള്ള കള്ളനും പോലീസും കളിക്കിടയിലേക്ക് വന്നുപെടുന്ന ഒരുപറ്റം ഐടി പ്രൊഫഷണലുകളും മറ്റൊരു സംഘവും. ഇത്രയും പേരാണ് സാഹസം എന്ന ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. സിനിമയുടെ ആദ്യ ഫ്രെയിം മുതൽ അതീവ സാഹസികമായ രംഗങ്ങൾ തന്നെയാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഐടി രംഗത്ത് പ്രവർത്തിക്കുന്ന ജീവൻ, അദ്ദേഹത്തിന്റെ കാമുകി സേറ, സുഹൃത്തുക്കളായ സാം, പപ്പൻ, ഇവർക്കിടയിലേക്കെത്തുന്ന മസ്താൻ ഭായ്, ഒരു പ്രത്യേക ഉദ്ദേശ്യവുമായെത്തുന്ന രാജീവ് എന്ന അന്വേഷണോദ്യോഗസ്ഥൻ എന്നിവരിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.
ജീവന്റെയും സേറയുടേയും സുഹൃത്തുക്കളുടേയും ജീവിതത്തിലേക്ക് മസ്താനും പിന്നാലെ രാജീവും എത്തുന്നതോടെയാണ് കഥ ടോപ്പ് ഗിയറിലാവുന്നത്. ഓരോ നിമിഷവും അടുത്തതെന്ത് എന്ന് പ്രവചിക്കാനാവാത്ത വിധം കയ്യടക്കത്തോടെയും ഒരു സ്ഥലത്തുപോലും ആവേശം കുറയാതെയുമാണ് ചിത്രം ബിബിൻ ഒരുക്കിയിരിക്കുന്നത്. മലയാളികൾ ഇടയ്ക്കെപ്പോഴോ മറന്നുപോയ ഫോർമാറ്റിലാണ് സാഹസം തയ്യാറാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ജീവൻ, സേറ എന്നീ കഥാപാത്രങ്ങളായി റംസാനും ഗൗരി ജി. കിഷനും എത്തുന്നു. ഈ കഥാപാത്രങ്ങളുടെ പ്രണയമാണ് ചിത്രത്തിലെ ശ്രദ്ധേയമായ ഘടകം. ഇവരുടെ പ്രണയത്തിനിടയിലേക്കാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങൾ കടന്നുവരുന്നത്. ഭീഷ്മ പർവം, റൈഫിൾ ക്ലബ് എന്നീ ചിത്രങ്ങളിൽ ചെറുതെങ്കിലും കയ്യടിനേടിയ വേഷമായിരുന്നു റംസാന്റേത്. മുഴുനീള നായകവേഷത്തിൽ റംസാൻ തിളങ്ങുന്നുണ്ട് സാഹസത്തിൽ. ആക്ഷൻ ഹീറോ പരിവേഷത്തിൽ തന്നെയാണ് ബാബു ആന്റണി എത്തിയത്. അദ്ദേഹത്തിന്റെ സംഘട്ടന രംഗങ്ങൾ ആക്ഷൻ പ്രേമികളെ കയ്യടിപ്പിക്കാൻ പോന്നതാണ്. നരേൻ അവതരിപ്പിച്ച പോലീസ് വേഷവും രസകരംതന്നെ.
ശബരീഷ് വർമ, ഭഗത് മാനുവൽ, ബൈജു സന്തോഷ്, സജിൻ ചെറുകയിൽ, കൃഷ്ണ എന്നിവരുടെ രംഗങ്ങൾ ഓർത്ത് ചിരിക്കാൻ വകയുള്ളതാണ്. ഒരുപാട് കഥാപാത്രങ്ങളുണ്ടെങ്കിലും ഓരോരുത്തർക്കും അവരുടേതായ പ്രാധാന്യം ചിത്രത്തിലുണ്ട്. കൃത്യമായ ഇടത്ത് അറിഞ്ഞ് പ്രകടനം നടത്താൻ ഓരോരുത്തർക്കും സ്വാതന്ത്ര്യം നൽകിയതിന്റെ തെളിവ് ചിത്രത്തിലുണ്ട്. ആക്ഷനും സെന്റിമെന്റ്സും ചിരിയുമെല്ലാം പ്രേക്ഷകർ ആഗ്രഹിക്കുന്ന നിമിഷം കൊടുക്കാൻ സാധിക്കുക എന്നത് ചില്ലറക്കാര്യമല്ല. ഇതിൽ രചയിതാവുകൂടിയായ സംവിധായകൻ ബിബിൻ കൃഷ്ണയ്ക്ക് നല്ലൊരു കയ്യടി നൽകാം.
ആൽബിയുടെ ഛായാഗ്രഹണവും ബിബിൻ അശോകിന്റെ സംഗീതവും ചിത്രത്തെ റോളർ കോസ്റ്റ് റൈഡ് എന്നപോലുള്ള അനുഭവമാക്കുന്നുണ്ട്. എല്ലാം മറന്ന് ചിരിക്കാനും കയ്യടിച്ച് ആവേശംകൊള്ളാനും ഇഷ്ടപ്പെടുന്ന ഒരു സിനിമാ പ്രേമിയാണ് നിങ്ങളെങ്കിൽ നിങ്ങൾക്കുള്ളതാണ് സാഹസം എന്ന ഈ ഫൺ റൈഡ്.
Content Highlights: Action, Laughter, and Thrills: Saahasam Reinvigorates Malayalam's Action-Comedy Genre





English (US) ·