
സംശയം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook
ഉള്ളിൽത്തോന്നിയ സംശയത്തിന് ഉത്തരം തേടി സാധാരണക്കാരൻ ഇറങ്ങിത്തിരിച്ചാൽ എന്തുസംഭവിക്കും? അതാണ് നവാഗതനായ രാജേഷ് രവി സംവിധാനംചെയ്ത സംശയം എന്ന ചിത്രം സംസാരിക്കുന്ന വിഷയം. സംവിധായകന്റേതുതന്നെയാണ് തിരക്കഥ. 1895 സ്റ്റുഡിയോസിന്റെ ബാനറില്‍ സുരാജ് പി.എസ്., ഡിക്‌സണ്‍ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മനീഷ് മാധവന്‍ ഛായാഗ്രഹണവും ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
കോഴിക്കോടാണ് കഥയുടെ പശ്ചാത്തലം. ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരനായ മനോജനും ഭാര്യ വിമലയും ഒരുഭാഗത്ത്. ഹാരിസ്-ഫൈസ ദമ്പതികൾ മറുവശത്ത്. ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകമുണ്ട്. അതാണ് സംശയം എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. വിവാഹശേഷം നാലുവർഷത്തോളം കാത്തിരുന്നാണ് മനോജനും വിമലയ്ക്കും കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞ് ജനിക്കാത്തതിന് കുടുംബത്തിൽനിന്ന് കുത്തുവാക്കുകൾ കേട്ടുകൊണ്ടാണ് വിമലയും മനോജനും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാൽ കുഞ്ഞുജനിച്ചശേഷം സ്ഥിതിഗതികൾ പതിയെ മാറാൻ തുടങ്ങുന്നു. എന്നാൽ പെട്ടന്നൊരു ദിവസം വിമല മനോജനോട് ചോദിക്കുന്ന ഒരു സംശയത്തിലൂടെ ചിത്രം പതിയെ ട്രാക്ക് മാറ്റുന്നു.
വിമല ഉന്നയിക്കുന്ന സംശയത്തിന്റെ നിവാരണത്തിനായി മനോജൻ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ നല്ലൊരുപങ്കും. ഈ അന്വേഷണത്തിനൊടുവിൽ മനോജൻ കണ്ടെത്തുന്ന വസ്തുതകളാണ് ചിത്രത്തെ സംഘർഷഭരിതമാക്കുന്നത്. മനോജന്റെ അന്വേഷണത്തിൽ അദ്ദേഹം കണ്ടുമുട്ടുന്ന ദമ്പതിമാരാണ് ഹാരിസും ഫൈസയും. ഇവർ മനോജന്റെ ജീവിതത്തേയും മനോജൻ അവരുടെ ജീവിതത്തേയും എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് ചിത്രം തുടർന്ന് ചർച്ച ചെയ്യുന്നത്.
കല്യാണം കഴിഞ്ഞ് അധികം താമസിയാതെ തന്നെ നവദമ്പതികൾ കേൾക്കുന്ന ചോദ്യമാണ് കുട്ടികളൊന്നും ആയില്ലേ? ശ്രമിക്കുന്നില്ലേ? എന്തേ ആവാത്തത് എന്നെല്ലാം. സംശയത്തിൽ വിമലയ്ക്കാണ് ഈ ചോദ്യം ഏറെയും നേരിടേണ്ടിവരുന്നത്. അതും മനോജന്റെ അച്ഛനിൽനിന്ന്. ഇങ്ങനെ ചോദിക്കുന്നതിൽനിന്ന് അച്ഛനെ തടയാനാവാതെ നിസ്സഹായനാണ് മനോജൻ. പ്രായമുള്ള അളല്ലേ, അങ്ങനെയൊക്കെ ചോദിക്കും എന്നാണ് ഇതിന് പ്രതികരണമായി മനോജൻ വിമലയെ സമാധാനിപ്പിക്കുന്നത്. സ്വന്തം വീട്ടിൽത്തന്നെ സംശയമുനകൾ നേരിടുന്നുണ്ട് ഇരുവരും. പുറത്തിറങ്ങിയാൽ വേറെയും. ഒരാൾ ഡിപ്രഷൻ അനുഭവിക്കുകയും അതിന് ചികിത്സ തേടുകയും ചെയ്താൽ അയാൾക്ക്\ അവൾക്ക് ഭ്രാന്താണെന്ന് പറഞ്ഞുപരത്തുന്നവരും, ജനിക്കുന്ന കുട്ടിയുടെ നിറത്തിനുപോലും വിലയിടുന്നവരും ഈ സമൂഹത്തിലുണ്ടെന്ന് ചിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്.
മനോജന്റെയും വിമലയുടേയും ജീവിത സാഹചര്യങ്ങൾക്ക് വിപരീതമാണ് ഹാരിസിന്റെയും ഫൈസയുടേയും ജീവിതം. ഇവരും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെപ്പോലെ സംശയങ്ങൾക്ക് നടുവിലാണ് ജീവിക്കുന്നത്. സംശയം എന്ന ഘടകത്തെ ഇത്തരത്തിൽ ഓരോ രംഗത്തും കൊണ്ടുവരുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. വിമലയും മനോജനുമായി ലിജോ മോളും വിനയ് ഫോർട്ടും എത്തിയിരിക്കുന്നു. വടകര സംസാരശൈലി പിടിച്ച് കഥാപാത്രം വ്യത്യസ്തമാക്കാൻ ഇരുവരും ശ്രമിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ധർമസങ്കടത്തിലായ ഹാരിസ്, ഫൈസ എന്നിവരെ ഷറഫുദ്ദീനും പ്രിയംവദ കൃഷ്ണനും മനോഹരമാക്കിയിട്ടുണ്ട്. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം പി.പി കുഞ്ഞിക്കൃഷ്ണന്റെ അച്ഛൻ വേഷമാണ്. വെറൈറ്റി എന്നേ ഇതിനെ പറയാനുള്ളൂ. സിദ്ദിഖ് ആണ് മറ്റൊരു വേഷത്തിൽ. സിബി തോമസ്, പി. ശിവദാസ്, രാജേഷ് അഴീക്കോടൻ എന്നിവരും മികച്ച പ്രകടനംതന്നെ പുറത്തെടുത്തു.
സമൂഹത്തിൽ സാധാരണമെന്നുതോന്നിക്കുന്ന എന്നാൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം കയ്യടക്കത്തോടെ അവതരിപ്പിക്കുന്നതിൽ സംശയം എന്ന ചിത്രവും അണിയറപ്രവർത്തകരും വിജയിച്ചിട്ടുണ്ട്. സകുടുംബം കാണേണ്ട ചിത്രമാണ് സംശയം.
Content Highlights: Samshayam movie exploring societal doubts & marital issues, starring Lijomol Jose and Vinay Forrt
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·