Swasika struggles: അച്ഛനോടും അമ്മാവനോടും വഴക്കിട്ട് അമ്മയും ഞാനും ചെന്നൈയിലെത്തി, അവിടെ പലരും പറ്റിച്ചു; തുറന്ന് പറഞ്ഞ് സ്വാസിക

1 week ago 3
ഇന്ന് സ്വാസിക തമിഴകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ്. ഏത് വേഷം കൊടുത്താലും ചെയ്യും എന്ന ധൈര്യം സംവിധായകര്‍ക്കുമുണ്ട്. പക്ഷേ ഇവിടെ വരെയുള്ള സ്വാസികയുടെ ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് പറ്റിക്കപ്പെട്ടു, കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഇവിടെ നില്‍ക്കുന്നത്. ഇപ്പോള്‍ ഒരു സര്‍ക്കിള്‍ പൂര്‍ത്തിയാവുന്നു എന്ന ഫീലുണ്ട് എന്ന് സ്വാസിക പറയുന്നു. ജെഎഫ്ഡബ്ല്യുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി

പതിനാറ്, പതിനേഴ് വയസ്സില്‍ തുടങ്ങിയതാണ് ഈ യാത്ര. ആ പ്രായത്തില്‍ ഇതെല്ലാം മനസ്സിലാക്കാനും അറിയാനുമുള്ള പക്വത എനിക്കുണ്ടായിരുന്നില്ല. ആദ്യത്തെ തമിഴ് സിനിമയുടെ ഓഡിഷന് പങ്കെടുത്തപ്പോള്‍ തന്നെ ഞാന്‍ സെലക്ടായി. അപ്പോള്‍ എനിക്ക് ഒരു വാവു ഫീല്‍ ആയിരുന്നു. ഇത്രയേയുള്ളോ, റിജക്ഷന്‍സ് ഒന്നുമില്ലല്ലോ, എല്ലാം സൂപ്പറായി പോകുന്നു എന്നായിരുന്നു എന്റെ ധാരണ. സിനിമ റിലീസ് ആവുകയും ചെയ്തു. പക്ഷേ വലിയ രീതിയില്‍ അത് റീച്ചായില്ല, അത്രയധിരം റെക്കഗനേഷനും എനിക്ക് കിട്ടിയില്ല.

Also Read: ഇതുപോലുള്ള സാരിയൊക്കെ ഉടുത്തൂടെ, കറുപ്പ് നിറത്തെക്കാള്‍ ചേരുന്നുണ്ട്; രാജകുമാരിയെ പോലെ ശ്രുതി ഹാസന്‍

അപ്പോഴാണ് എന്തോ ശരിയില്ല എന്ന തോന്നല്‍ എനിക്കുണ്ടായത്. ആ പ്രായത്തില്‍ അത് എനിക്ക് വലിയ വിഷമം ആയിരുന്നു. കാരണം എന്റെ പഠനം പാതി വഴിയില്‍ ഇട്ടിട്ട്, എല്ലാവരോടും വഴക്കിട്ടാണ് ചെന്നൈയിലേക്ക് വന്നത്. എനിക്ക് വേണ്ടി അമ്മയും സംസാരിച്ചു. അച്ഛന് ഞാന്‍ അഭിനയിക്കുന്നതില്‍ അന്ന് താത്പര്യമില്ലായിരുന്നു. ഞാന്‍ പഠിച്ച് എന്തെങ്കിലും നല്ല നിലയില്‍ എത്തണം എന്നാണ് അച്ഛന്‍ ആഗ്രഹിച്ചത്. പക്ഷേ എനിക്ക് പഠനത്തോട് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല, ഒന്നുകില്‍ സിനിമ, അല്ലെങ്കില്‍ ക്ലാസിക്കല്‍ ഡാന്‍സ് എന്നതായിരുന്നു എന്റെ ചിന്ത

അച്ഛനോടും, അമ്മാവനോടും എല്ലാം വഴക്കിട്ടിട്ടാണ് അമ്മ എനിക്കൊപ്പം വന്നത്. ഇത്രയും കഷ്ടപ്പെട്ട് വന്നിട്ട് എന്തോ തെറ്റ് ചെയ്‌തോ എന്നൊരു തോന്നല്‍ പിന്നീടുണ്ടായി. തിരിച്ചു പോയാല്‍ എന്താവും എന്നറിയാതെ ദിവസവും രാത്രി ഇരുന്ന് കരഞ്ഞ കാലമായിരുന്നു അത്. ഡിപ്രഷന്‍ എന്നതിനപ്പുറം, ആ അവസ്ഥ എന്താണ് എന്ന് തിരിച്ചറിയാന്‍ പോലും പറ്റിയിരുന്നില്ല.


അവസാനം കാണുന്ന ഓഡിഷന് എല്ലാം പോകാന്‍ തീരുമാനിച്ചു. പല മാനേജേഴ്‌സും ഞങ്ങലെ പറ്റിച്ചു, ഇന്ന സംവിധായകരെ കാണാം, അവിടെ പോകാം ഇവിടെ പോകാം എന്ന് പറഞ്ഞ് പല ഇടങ്ങളിലും കൂട്ടിക്കൊണ്ടു പോയി. ഒരു ഓഡിഷന് പോയ സ്ഥലം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയാവുന്നു. മുരുഗദോസ് സാറിനെ കാണാന്‍ പോകണം എന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ ചോദിച്ചു, അമ്മയുടെ സ്വര്‍ണം വിറ്റ് കാശ് കൊടുക്കേണ്ട അവസ്ഥവന്നു. ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ മാനേജര്‍ ഇല്ല, അവസാനം ആ ഹോട്ടല്‍ ബില്ലും ഞങ്ങള്‍ അടക്കേണ്ടി വന്നു. എല്ലാമായപ്പോള്‍ അമ്മയ്ക്ക് പേടി വന്നു തുടങ്ങി.

പക്ഷേ തോറ്റു കൊടുക്കാന്‍ എനിക്ക് മനസ്സ് വന്നില്ല. ഏതെങ്കിലും ഒരു തരത്തില്‍ ഞാന്‍ ഈ നിലയിലേക്ക് എത്തും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. തിരിച്ച് നാട്ടിലെത്തി സീരിയലുകളില്‍ ശ്രദ്ധിച്ചു. ചെറിയ ചെറിയ വേഷങ്ങള്‍ സിനിമകളില്‍ ചെയ്തു. സ്‌റ്റേജ് ഹോസ്റ്റ് ചെയ്തു, ആങ്കറിങ് ചെയ്തു, എന്റെ അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നു. അത് പതിനഞ്ച് വര്‍ഷത്തോളം നീണ്ടു നിന്നു.

അവസാനം അത് സംഭവിച്ചു. ഇന്ന് വലിയൊരു സ്‌റ്റേജില്‍ എആര്‍ മുരുഗദാസ് സാറിനെ പോലൊരാള്‍ എന്റെ അഭിനയത്തെ പ്രശംസിക്കുമ്പോള്‍ ആ ഒരു സര്‍ക്കിള്‍ പൂര്‍ത്തിയായ ഫീലാണ് എനിക്ക്. അന്നാദ്യമായി ഞാന്‍ എന്നോട് തന്നെ താങ്ക്‌സ് പറഞ്ഞു, പരാജയപ്പെട്ട് പിന്നോട്ടു പോകാതെ കരുത്തോടെ മുന്നോട്ട് പോയതിന്. ദൈവം സഹായിച്ച് കാശ് മാത്രമേ നഷ്ടപ്പെട്ടുള്ളൂ, മറ്റൊന്നും നഷ്ടപ്പെട്ടില്ല- സ്വാസിക പറഞ്ഞു.
Read Entire Article