Thalavara Review | മായ്ക്കുംതോറും ചോര പൊടിയുന്ന പാടുകൾ; ഒടുവിൽ തെളിയുന്ന, ഉള്ളിൽ തൊടുന്ന 'തലവര'

5 months ago 6

ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാതാവ്. പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടിയ സിനികളുടെ സംവിധായകനും നിര്‍മാണത്തില്‍ പങ്കാളി. ആദ്യചിത്രത്തില്‍ തന്നെ അടയാളപ്പെടുത്തിയ സംവിധായകന്‍. ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'തലവര'യ്ക്ക് ടിക്കറ്റെടുക്കാന്‍ കാരണങ്ങള്‍ ഏറെയായിരുന്നു. കാത്തിരിപ്പിന് അതിന്റെ മൂല്യം തിരിച്ചുനല്‍കിയ ചിത്രമായി മാറുന്നു ഒടുവില്‍ സ്‌ക്രീനില്‍ തെളിഞ്ഞ 'തലവര'.

സിനിമകളുടെ സമവാക്യത്തിലെ വാണിജ്യമൂല്യത്തിന്റേയും കലാമൂല്യത്തിന്റേയും പേരില്‍ ആഘോഷിക്കപ്പെട്ട അണിയറക്കാരുടെ കൂടിച്ചേരല്‍ എന്നതിനൊപ്പം അര്‍ജുന്‍ അശോകന്റെ ഗെറ്റപ്പും വലിയ ആകാംക്ഷ വര്‍ധിപ്പിച്ചിരുന്നു. മുഖത്തും ശരീരത്തിലും വെള്ളപ്പാടുള്ള, അത് മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന യുവാവിന്റെ വേഷം മികച്ചതായി തന്നെ അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന്റെ കാഴ്ചയിലെ, വലുതൊന്നും ആഗ്രഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍നിന്ന് വരുന്ന യുവാവിന് തന്റെ സ്വപ്‌നത്തിലേക്ക് എത്തിച്ചേരാന്‍ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ അവസ്ഥകളിലൂടെ കടന്നുപോകുന്ന യുവാവ് അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ വിശ്വസനീയമായി അവതരിപ്പിക്കാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ട്.

വെള്ളപ്പാണ്ടുള്ള ജ്യോതിഷ് എന്ന കഥാപാത്രമായാണ് അര്‍ജുന്‍ അശോകന്‍ 'തലവര'യില്‍ എത്തുന്നത്. വെള്ളപ്പാണ്ട് എന്ന അവസ്ഥ അയാള്‍ തന്നേയും സമൂഹവും അയാളുടെ വൈകല്യമായി അടിച്ചേല്‍പ്പിക്കുന്നു. ലോകത്തെ അഭിമുഖീകരിക്കാന്‍ മടിക്കുന്ന ജ്യോതിഷിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്നുചേരുന്ന പ്രണയവും അത് തലയുയര്‍ത്തി നില്‍ക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കണ്ടുശീലിച്ച കഥകളും ഒഴുക്കുമാണെങ്കിലും പുതിയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നത് ചിത്രത്തിന് പുതുമ നല്‍കുന്നുണ്ട്. പൊതുവെ അടുത്ത കാലത്ത് മലയാളം ചിത്രങ്ങളില്‍ കാണാത്ത പാലക്കാടിന്റെ ഒരു ഭാഗമാണ് ചിത്രത്തില്‍ കഥപറയാനായി ഉപയോഗിച്ചിരിക്കുന്ന ഭൂമിക. കുടുംബപശ്ചാത്തലത്തിന് പുറമേ സമൂഹം പരിമിതിയായി കരുതുന്ന സാഹചര്യവും കൂടെ നരകമാക്കുന്ന ജീവിതത്തില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള ജ്യോതിഷ് എന്ന കഥാപാത്രത്തിന്റെ ശ്രമമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. തലവരയില്‍ ഒരു രംഗത്തില്‍ കാണിക്കുന്നതുപോലെ, തന്റെ പാടുകള്‍ ഓരോന്നും മായ്ക്കാന്‍ വിഫലശ്രമം നടത്തുമ്പോള്‍ അത് വലിയ മുറിവുകളായി മാറുകയും ചോരപൊടിയുകയുംചെയ്യുന്നു. ഒടുവില്‍ അയാള്‍ മുന്നോട്ടുപോകുമ്പോള്‍, പാടുകള്‍ മായ്ക്കാതെ തന്നെ തനിക്ക് തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയും എന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരുന്നു. ഇത് സമര്‍ഥമായി തിരക്കഥയാക്കാനും സ്‌ക്രീനില്‍ പ്രതിഫലിപ്പിക്കാന്‍ തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകനും സാധിക്കുന്നുണ്ട്.

സംവിധായകന്‍ അഖില്‍ അനില്‍കുമാറിന്റേതാണ് കഥ. ഇത് അപ്പു അസ്ലമും ചേര്‍ന്ന് തിരക്കഥയാക്കിയിരിക്കുന്നു. ഏച്ചുകെട്ടലിലാത്ത പാലക്കാടന്‍ ജീവിതങ്ങളെ, ചിത്രത്തിലെ നാടകീയതകങ്ങളെ പ്രേക്ഷകര്‍ക്ക് മികച്ചതായി അനുഭവിപ്പിക്കാന്‍ അനിരുധ് അനീഷിന്റെ ഛായാഗ്രഹണത്തിന് സാധിക്കുന്നുണ്ട്. ടൈറ്റില്‍ കാര്‍ഡ് മുതല്‍ പ്രേക്ഷകനെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നതാണ് ഇലക്ട്രോണിക് കിളിയുടെ സംഗീതം. ചിത്രം പുരോഗമിക്കുമ്പോള്‍ ഓരോ മൂഡും പ്രേക്ഷകനിലേക്ക് കിനിഞ്ഞിറങ്ങുന്നത് ഇലക്ട്രോണിക് കിളിയുടെ സംഗീത്തിലൂടെയാണ്. വന്നുപോകുന്ന പാട്ടുകള്‍ ഇതിനോടകം തന്നെ ശ്രദ്ധനേടിയവയാണ്. ഒട്ടും മുഴച്ചുനില്‍ക്കാതെ അത് ചിത്രത്തില്‍ കൊരുത്തിരിക്കുന്നു. കലാസംവിധായകന്‍ മിഥുന്‍ ചാലിശ്ശേരിയും വസ്ത്രാലങ്കാരം നിര്‍വഹിച്ച അക്ഷയാ പ്രസന്നനും മേക്കപ്പ് നിര്‍വഹിച്ച രഞ്ജിത്ത് അമ്പാടിയും എല്ലാത്തിനും ഉപരിയായി എഡിറ്റര്‍ രാഹുല്‍ രാധാകൃഷ്ണനും തങ്ങളുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു.

ചെറുതും വലുതുമായ വേഷങ്ങളിലെത്തിയ എല്ലാ അഭിനേതാക്കളുടേയും പ്രകടനം എടുത്തുപറയേണ്ടതാണ്. ഗെറ്റപ്പിനപ്പുറം തന്റെ പ്രകടനംകൊണ്ടുതന്നെയാണ് അര്‍ജുന്‍ പ്രേക്ഷകനെ പിടിച്ചിരിത്തുന്നത്. അര്‍ജുന്റെ നായികയായി എത്തിയ രേവതി ശര്‍മ തന്റെ ഭാഗം മികച്ചതായി തന്നെ അവതരിപ്പിച്ചു. തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് രേവതി ശര്‍മയെത്തുന്നത്. ചിത്രത്തില്‍ എടുത്തുപറയേണ്ട കഥാപാത്രം അശോകന്റെ കണ്ണപ്പന്‍ എന്നതാണ്. സിനിമാ പ്രേമം മൂത്ത് അധ്വാനിച്ചുണ്ടാക്കി പണമെല്ലാം നഷ്ടപ്പെട്ട, എല്ലാ പുതിയ റിലീസിനും ഭാര്യയുടെ പണത്തിന് തീയേറ്ററില്‍ പോകുന്ന, അര്‍ജുന്‍ അശോകന്റെ അച്ഛന്‍ കഥാപാത്രത്തെയാണ് അശോകന്‍ അവതരിപ്പിക്കുന്നത്. അമ്മ വേഷത്തിലെത്തിയ ദേവദര്‍ശിനി ചേതന്‍, അളിയന്‍ കഥാപാത്രമായി എത്തിയ ശരത് സഭ, സഹോദരിയായെത്തിയ ആതിര മറിയം, സംവിധാനസഹായി വേഷത്തിലെ അഭിറാം രാധാകൃഷ്ണന്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ് എന്നിവരുടെ പ്രകടനം ശ്രദ്ധേയമാണ്. ചെറുവേഷങ്ങളിലെത്തിയ മറ്റ് അഭിനേതാക്കളും അവരുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

നാടകീയതകള്‍ നിറഞ്ഞതാണ് 'തലവര'. അത് വിശ്വസനീയമായി അവതരിപ്പിക്കാന്‍ തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്തുംവിധം അത് വെള്ളിത്തിരയിലേക്ക് പകര്‍ത്തിവെക്കുന്നുമുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ഏറിയും കുറഞ്ഞും ഓരോ പ്രേക്ഷകനുമായി കണക്ടാവുന്നതാണ്. അര്‍ജുന്‍ അശോകന്റെ കഥാപാത്രത്തിന്റെ പശ്ചാത്തലം മാറ്റിയാല്‍, അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളോട് ഏറേയും യുവപ്രേക്ഷകര്‍ക്ക് ഒരുപക്ഷേ താദാത്മ്യപ്പെടുത്താന്‍ സാധിച്ചേക്കും. കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടമാവാന്‍ സാധ്യതയുള്ളതാണ് ചിത്രം.

Content Highlights: Arjun Ashokan shines successful Thalavara, a poignant communicative astir a young antheral with vitiligo navigating life`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article