
'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യുടെ പോസ്റ്റർ | ഫോട്ടോ: Facebook
ഫീൽഗുഡ് ചിത്രങ്ങൾ എന്നുകേൾക്കുമ്പോൾ പൊതുവേ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് വരുന്ന പൊതുവായ ഒരു ചിത്രമുണ്ട്. നന്മ നിറഞ്ഞ, നന്മ ചെയ്യുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളും കഥാപശ്ചാത്തലവുമെല്ലാമായിരിക്കും അതിൽ ഉൾപ്പെടുന്നത്. എന്നാൽ നന്മയും തിന്മയും അല്ലെങ്കിൽ സമൂഹത്തിലെ കറുപ്പും വെളുപ്പും ഒരുപോലെ തുറന്നുകാണിച്ചുകൊണ്ട് സമകാലിക പ്രസക്തമായ വിഷയം ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രത്തിലൂടെ സംവിധായകൻ അരുൺ വൈഗ.
കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മൂന്നാം മുന്നണി നേതാവും സംയുക്തമായി ഒരു വാർത്താസമ്മേളനം വിളിക്കുന്നു. അതെന്തിനാണെന്ന ചോദ്യം നിലനിർത്തിക്കൊണ്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഈ സംഭവവും ഐഇഎൽടിഎസിന് പഠിച്ച് യുകെയ്ക്ക് പോകാനൊരുങ്ങുന്ന ടോണി എന്ന ചെറുപ്പക്കാരന്റെ ജീവിതവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ ആകെത്തുക. ടോണി എന്ന ഈ ചെറുപ്പക്കാരന്റെ ജീവിതവുമായി കൂട്ടിയിണക്കിയാണ് അരുൺ വൈഗയും കൂട്ടരും കാലികപ്രസക്തമായ വിഷയം പറയുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും.
കേരളത്തിൽ സർക്കാർ ജോലി ലഭിക്കുന്നവരാണോ അതോ പഠനം കഴിഞ്ഞ് വിദേശത്തേക്ക് ചേക്കേറുന്നവരാണോ എണ്ണത്തിൽക്കൂടുതൽ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. വിദേശത്തേക്ക് പോകുന്ന ഉദ്യോഗാർത്ഥികൾ അല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിച്ചതുപോലൊരു ജീവിതം അവിടെ ലഭിക്കുന്നുണ്ടോ? അതിന് കാരണം നാട്ടിൽ അർഹിച്ച രീതിയിലുള്ള ജോലി ലഭിക്കാഞ്ഞിട്ടാണോ? വിദേശജോലി ഉപേക്ഷിച്ച് നാട്ടിൽത്തന്നെ എന്തെങ്കിലും സംരംഭം തുടങ്ങാമെന്നുവെച്ചാൽ അതിന് സർക്കാർ സംവിധാനങ്ങളോ എന്തിന് സ്വന്തം കുടുംബം പോലും പിന്തുണ നൽകാറുണ്ടോ? ഇതിനെല്ലാത്തിനുംമേലെ ഇപ്പറഞ്ഞ പ്രശ്നങ്ങൾ എത്തേണ്ട കാതുകളിൽ എത്തുന്നുണ്ടോ എന്നെല്ലാമാണ് ചിത്രം ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾ.
രഞ്ജിത് സജീവ് അവതരിപ്പിച്ച ടോണി, ജോണി ആന്റണി അവതരിപ്പിച്ച ടോണിയുടെ പിതാവ് റോയ് എന്നിവരിലൂടെയാണ് ചിത്രം മുന്നോട്ടുനീങ്ങുന്നത്. മകനെ ഏതുവിധേനയും യുകെയിൽ എത്തിക്കണമെന്ന വാശിയുള്ള സാധാരണക്കാരനാണ് റോയ്. എന്നാൽ നാട്ടിൽത്തന്നെ നിൽക്കണമെന്നാണ് ടോണിക്ക്. അവരവരുടെ കഥാപാത്രങ്ങൾ ഇരുവരും ഭംഗിയാക്കിയിട്ടുണ്ട്. സാധാരണക്കാരനായ കുടുംബസ്ഥന്റെ വേഷങ്ങൾ ആലോചിക്കുമ്പോൾ തിരക്കഥാകൃത്തുക്കൾക്ക് ജോണി ആന്റണിയുടെ മുഖം പ്രഥമ പരിഗണനയിലേക്ക് വരുന്നുവെന്നാണ് റോയ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം തെളിയിക്കുന്നത്. നിസ്സഹായതയും വാശിയും ഒരുമിക്കുന്നതായിരുന്നു രഞ്ജിത് സജീവിന്റെ ടോണി എന്ന കഥാപാത്രം.
സംഗീത, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, മഞ്ജു പിള്ള, ഡോ.റോണി, നായിക സാരംഗി ശ്യാം എന്നിവരും കഥാഗതിക്കനുസരിച്ച് മികച്ച പ്രകടനംതന്നെ പുറത്തെടുത്തു. സംവിധായകൻ അൽഫോൺസ് പുത്രന്റെ സാന്നിധ്യം സർപ്രൈസ് ആയിരുന്നു. കഥാഗതിയിൽ നിർണായക വഴിത്തിരിവുണ്ടാക്കാൻ ക്ലീഷേ സമ്പ്രദായങ്ങൾ മാറ്റി, ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരാളെ തിരഞ്ഞെടുത്തതിന് അരുൺ വൈഗ കയ്യടിയർഹിക്കുന്നു. രാജേഷ് മുരുകേശന്റെ സംഗീതം ചിത്രത്തിന് ജീവനേകുന്നതായിരുന്നു. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും എന്നത് ശ്രദ്ധേയമാണ്.
സാധാരണ ഫീൽഗുഡ് ചിത്രങ്ങളിൽനിന്ന് അല്പം മാറി, അതീവ ഗുരുതരമായൊരു വിഷയം ഗിമ്മിക്കുകളില്ലാതെ അവതരിപ്പിച്ചു എന്നിടത്താണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രം വിജയിക്കുന്നത്. സമകാലീന് കേരളം അഭിമുഖീകരിക്കാൻ പോകുന്ന അല്ലെങ്കിൽ നിലവിൽ അനുഭവിച്ചുതുടങ്ങിയ ഒരു പ്രശ്നത്തെ കല്ലുകടിയില്ലാതെ അവതരിപ്പിക്കുന്നതിലും സംവിധായകൻ വിജയം കണ്ടിരിക്കുന്നു. കാണേണ്ട ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള.
Content Highlights: UKOK, A thought-provoking Malayalam movie exploring Kerala`s younker exodus & societal issues.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·