അംപയർ ഔട്ട് നൽകാതിരുന്നിട്ടും മടങ്ങിയ ഗിൽക്രിസ്റ്റും സച്ചിനും, പുറത്തായവരെ തിരിച്ചുവിളിച്ച സ്റ്റീവ് വോയും ധോണിയും; ‘ഫെയർ ആൻഡ് ലൗലി’ ക്രിക്കറ്റ്

6 months ago 6

ക്രിക്കറ്റ് ‘മാന്യന്മാരുടെ കളി’യായി വിശേഷിക്കപ്പെടുന്നു. ആവേശത്തിനും വിജയതൃഷ്ണയ്ക്കുമൊപ്പം പരസ്പര ബഹുമാനവും മാന്യതയും കൂടിയാകുമ്പോഴേ ക്രിക്കറ്റ് പൂർണമാകൂ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബുലവായോയിൽ സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ബാറ്റർ വിയാൻ മൾഡർ കാണിച്ചുതന്നത്.

വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ റെക്കോർഡ് സ്കോർ (400*) കൈയെത്തും ദൂരെയായപ്പോൾ ക്യാപ്റ്റൻ കൂടിയായ മൾഡർ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ക്രിക്കറ്റ് ലോകത്തെ ഞെ‌ട്ടിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന ആ റെക്കോർഡ് സൂപ്പർതാരം ലാറയ്ക്ക് അർഹതപ്പെട്ടതാണെന്നും അത് അങ്ങനെ തുടരുന്നതാണ് തനിക്കിഷ്ടമെന്നുമാണ് മൾഡർ പറഞ്ഞത്. മാന്യതയിലൂടെ ക്രിക്കറ്റിനെ മനോഹരമാക്കിയ സന്ദർഭങ്ങൾ ഇനിയുമേറെയുണ്ട് ഈ ഗെയിമിൽ.

സ്റ്റീവ് വോ1999ലെ ഓസ്ട്രേലിയ– വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഓസീസ് താരം ബ്രണ്ടൻ ജൂലിയനുമായി കൂട്ടിയിടിച്ച് പിച്ചിന് നടുവിൽ വീണ വിൻഡീസ് ബാറ്റർ ഷെർവിൻ ക്യാംബെൽ റണ്ണൗട്ടായി. കാണികളുടെ പ്രതിഷേധത്തിനിടെ ക്യാംബെലിനെ തിരിച്ചുവിളിക്കാൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് വോ മുൻകൈയെടുത്തു. തിരിച്ചെത്തിയ ക്യാംെബലിന്റെ ബാറ്റിങ് മികവിൽ വിൻഡീസ് മത്സരം ജയിച്ചു. ക്യാംബെലിന്റെ തിരിച്ചുവിളിക്കാനുള്ള സ്റ്റീവ് വോയുടെ തീരുമാനം അന്ന് ക്രിക്കറ്റ് ആരാധകർക്കിടയിൽ വാഴ്ത്തപ്പെട്ടു.

കോട്നി വാൽഷ്1987 ലോകകപ്പ് പ്രാഥമിക റൗണ്ട്. ലഹോറിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ അവസാന പന്തിന് മുൻപ് 9ന് 215ൽ. അവസാന പന്തെറിയാൻ കോട്നി വാൽഷ് ഓടിയെത്തിയപ്പോൾ നോൺ സ്ട്രൈക്കർ സലിം ജാഫർ ക്രീസിനു പുറത്തായിരുന്നു. ജാഫറിനെ റണ്ണൗട്ടാക്കി മത്സരം ജയിക്കാൻ അവസരം ഉണ്ടായിട്ടും പാക്ക് ബാറ്ററോട് ക്രീസിൽ കയറി നിൽക്കാൻ നിർദേശിച്ച ശേഷമാണ് വാൽഷ് പന്തെറിഞ്ഞത്. അവസാന പന്തിൽ രണ്ടു റൺസ് നേടി പാക്കിസ്ഥാൻ ജയിച്ചു.

ആഡം ഗിൽക്രിസ്‌റ്റ്

2003 ഏകദിന ലോകകപ്പ് സെമിഫൈനലിൽ ശ്രീലങ്കയും ഓസ്ട്രേലിയയും നേർക്കുനേർ. 22 റൺസുമായി ക്രീസിൽ നിന്ന ഓസ്‌ട്രേലിയയുടെ ആഡം ഗിൽക്രിസ്‌റ്റിന്റെ ബാറ്റിൽ ഉരസി പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിൽ. ലങ്കൻ ടീം അപ്പീൽ ചെയ്തെങ്കിലും അംപയർ നിരസിച്ചു. എന്നാൽ ഗിൽക്രിസ്‌റ്റ് സ്വമേധയാ ഡ്രെസിങ് റൂമിലേക്കു മടങ്ങി. ഗിൽക്രിസ്റ്റിന്റെ സത്യസന്ധത അന്ന് ക്രിക്കറ്റ് ലോകത്ത് ചർച്ചയായി. പിന്നീട് സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെ പല ബാറ്റർമാരും ഗിൽക്രിസ്റ്റിന്റെ മാതൃക പിന്തുടർന്നു. 2011 ലോകകപ്പിൽ ചെന്നൈയിൽ വെസ്‌റ്റിൻഡീസിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയാണ് അംപയർ ‘നോട്ടൗട്ട്’ വിധിച്ചിട്ടും സച്ചിൻ ക്രീസ് വിട്ടത്.

എം.എസ്.ധോണി2019ലെ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം. ചായയ്‌ക്കു പിരിയുന്നതിനു തൊട്ടുമുൻപുള്ള ഓവറിന്റെ അവസാന പന്ത് ഇംഗ്ലിഷ് ബാറ്റർ ഇയാൻ ബെൽ ബൗണ്ടറിയിലേക്കു പായിച്ചു. പന്ത് അതിർത്തി കടന്നെന്ന ധാരണയിൽ ചായയ്‌ക്കു പിരിയാൻ ബെൽ ക്രീസ് വിട്ടു. അംപയർ ബൗണ്ടറി വിളിക്കുകയോ, ചായയ്‌ക്കു പിരിയുകയാണെന്ന് അറിയിക്കുകയോ ചെയ്യുന്നതിനു മുൻപേ തന്നെ ബെൽ പുറത്തേക്കുപോയി.

ഇതിനിടെ, ഫീൽഡ് ചെയ്ത പ്രവീൺകുമാർ നൽകിയ പന്ത് എം.എസ്.ധോണി വിക്കറ്റിന് അടുത്തുനിന്ന അഭിനവ് മുകുന്ദിനു നൽകുകയും അഭിനവ് ബെയ്‌ൽസ് തെറിപ്പിക്കുകയും ചെയ്തു. തേഡ് അംപയറുടെ പുനഃപരിശോധനയിൽ ബെൽ ഔട്ട്. എന്നാൽ ചായ സമയത്ത് ടീം അംഗങ്ങളുമായി ചർച്ച ചെയ്‌ത് ഇന്ത്യൻ നായകൻ ധോണി റണ്ണൗട്ട് അപ്പീൽ പിൻവലിച്ച് ബെല്ലിനെ തിരിച്ചു വിളിച്ചു.

English Summary:

Cricket's Finest Moments: Tales of Sportsmanship and Integrity

Read Entire Article