അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ അംപയർമാരുമായി ഇടഞ്ഞ് ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ. മത്സരത്തിനിടെ രണ്ടു തവണയാണ് ഗിൽ അംപയർമാരുമായി വാക്പോരിനു മുതിർന്നത്. അർധസെഞ്ചറിയുമായി ടീമിന്റെ വിജയശിൽപിയായതിനു പിന്നാലെ വിവാദച്ചുവയുള്ള തീരുമാനത്തിലൂടെ റണ്ണൗട്ടാണെന്ന് വിധിച്ചപ്പോഴാണ് ഗിൽ ആദ്യം അംപയറുമായി കോർത്തത്. പിന്നീട് എതിർ ടീമിന്റെ ബാറ്റിങ്ങിനിടെ ഗുജറാത്ത് നൽകിയ ഡിആർഎസ് തള്ളിയപ്പോഴും ഗിൽ അംപയറുമായി ഇടഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
മത്സരത്തിൽ സൺറൈസേഴ്സിനെ 38 റൺസിന് തകർത്ത് ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് കയറിയിരുന്നു. ഗുജറാത്ത് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന്റെ പോരാട്ടം 186ൽ അവസാനിച്ചു. തോൽവിയോടെ ഗുജറാത്ത് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ, ഹൈദരാബാദിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഏറക്കുറെ അസ്തമിക്കുകയും ചെയ്തു.
ഗുജറാത്ത് ഇന്നിങ്സിലെ 13–ാം ഓവറിലാണ് വിവാദപരമായ തീരുമാനത്തിലൂടെ തേഡ് അംപയർ ഗിൽ റണ്ണൗട്ടാണെന്ന് വിധിച്ചത്. സീഷൻ അൻസാരി ബോൾ ചെയ്ത ഓവറിലെ അവസാന പന്തു നേരിട്ടത് ജോസ് ബട്‍ലർ. ലെഗ് സൈഡിലേക്ക് കളിക്കാൻ ശ്രമിച്ച ബട്‍ലറിന് പാളിയെങ്കിലും ഇൻസൈഡ് എഡ്ജായ പന്ത് ഷോർട്ട് ഫൈൻ ലെഗിലേക്ക്. സിംഗിളിനായി ബട്‍ലറും ഗില്ലും ശ്രമിക്കുന്നതിനിടെ ഹർഷൽ പട്ടേലിന്റെ ത്രോ വിക്കറ്റ് കീപ്പർ ഹെൻറിച് ക്ലാസന്റെ കൈകളിലേക്ക്.
സ്റ്റംപ് ഇളകുന്ന സമയത്ത് ഗിൽ ക്രീസിൽനിന്ന് ഏറെ ദൂരത്തായിരുന്നെങ്കിലും, സ്റ്റംപിൽ തട്ടിയത് ക്ലാസന്റെ ഗ്ലൗസാണോ അതോ പന്താണോ എന്നതിലായിരുന്നു സംശയം. രണ്ടു സാധ്യതകളും സജീവമായിരുന്നതിനാൽ, ദീർഘനേരം ദൃശ്യങ്ങൾ പരിശോധിച്ച തേഡ് അംപയർ, ഗിൽ ഔട്ടാണെന്നു വിധിച്ചു. അതൃപ്തിയോടെ പവലിയനിലേക്ക് മടങ്ങിയ ഗിൽ, ഗ്രൗണ്ടിനു പുറത്തുണ്ടായിരുന്ന തേഡ് അംപയർ മൈക്കൽ ഗഫിനോട് കയർത്തു സംസാരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പിന്നീട് ഗുജറാത്ത് ബോൾ ചെയ്യുന്ന സമയത്തും ഗിൽ അംപയർമാരുമായി ഇടഞ്ഞു. ഇത്തവണ സണ്‍റൈസേഴ്സ് ഇന്നിങ്സിലെ 14–ാം ഓവറിലായിരുന്നു സംഭവം. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ഈ ഓവറിലെ നാലാം പന്ത് നേരിട്ടത് അഭിഷേക് ശർമ. യോർക്കൽ ലെങ്തിലെത്തിയ പ്രസിദ്ധിന്റെ പന്ത് അഭിഷേകിന്റെ പ്രതിരോധം തകർത്ത് പാഡിലാണ് തട്ടിയത്. ഗുജറാത്ത് താരങ്ങളുടെ അപ്പീൽ അംപയർ തള്ളിയതോടെ ഗിൽ ഡിആർഎസ് ആവശ്യപ്പെട്ടു.
റീപ്ലേകളിൽ ബോൾ ട്രാക്കിങ് പരിശോധിച്ചപ്പോൾ അത് അംപയേഴ്സ് കോളായതോടെ ഗുജറാത്തിന് ഡിആർഎസ് നഷ്ടമായില്ലെങ്കിലും അഭിഷേക് നോട്ടൗട്ടാണെന്ന് അംപയർ വിധിച്ചു. ഇതോടെ ഓൺഫീൽഡ് അംപയർമാരുടെ അടുത്തെത്തിയ ഗിൽ തന്റെ അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു. അംപയർമാർ ഗില്ലിനെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും താരം വഴങ്ങിയില്ല. പിന്നീട് അഭിഷേക് ശർമയും രംഗത്തെത്തി ഗില്ലിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും വിഫലമായി. പന്ത് പിച്ച് ചെയ്തത് എവിടെയാണെന്ന് ബോൾ ട്രാക്കിങ്ങിൽ വ്യക്തമാകാത്തതായിരുന്നു ഗില്ലിന്റെ അതൃപ്തിക്കു പിന്നിൽ.
41 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 74 റൺസെടുത്ത അഭിഷേക് ശർമയെ പിന്നീട് ഇഷാന്ത് ശർമ മുഹമ്മദ് സിറാജിന്റെ കൈകളിൽ എത്തിച്ചതോടെ ഗുജറാത്ത് മത്സരം സ്വന്തമാക്കുകയും ചെയ്തു. ഹെൻറിച് ക്ലാസനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ടുമായി അഭിഷേക് മത്സരം സൺറൈസേഴ്സിന് അനുകൂലമാക്കി തിരിക്കുന്നതിനിടെയായിരുന്നു ഇഷാന്ത് താരത്തെ പുറത്താക്കി ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.
English Summary:








English (US) ·