അഞ്ചാം വയസ്സിൽ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. തൊട്ടുപിന്നാലെ അമ്മയെയും. ഒഡീഷയിലെ ആദിവാസി ഊരിൽ നിന്ന് ബ്ലൈൻഡ് ക്രിക്കറ്റ് ദേശീയ വനിതാ ടീമിലെത്താൻ ഫുല സരൺ നേരിടേണ്ടിവന്നത് പരിമിതികളില്ലാത്ത കഷ്ടപ്പാടുകളും ചോദ്യങ്ങളുമാണ്. ‘നിനക്ക് ഇതിനൊക്കെ കഴിയുമോ’ എന്ന കാഴ്ചയുള്ളവരുടെ ചോദ്യത്തിനു മുന്നിൽ, വനിതാ ബ്ലൈൻഡ് ക്രിക്കറ്റിലെ പ്രഥമ ട്വന്റി20 ലോകകിരീടം ചേർത്തുപിടിച്ച് ഫുല മറുപടി പറഞ്ഞു; ‘എനിക്കും കഴിയും’.
ആക്രമിച്ചുകളിക്കാൻ ഇഷ്ടമുള്ള ഫുല ഫൈനലിൽ പന്ത് 4 പ്രാവശ്യം ബൗണ്ടറി കടത്തിയാണ് 27 ബോളിൽ 44 റൺസ് നേടിയത്. ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ചായ പതിനെട്ടുകാരി ഫുലയുടെ ഓൾറൗണ്ടർ മികവും ക്യാപ്റ്റൻ ടി.സി.ദീപികയുടെ നേതൃപാടവവും ബാക്കി ടീം അംഗങ്ങളുടെ കഠിനാധ്വാനവും കൂടിയായപ്പോൾ കാഴ്ചപരിമിതിയുള്ള വനിതകളും ഇന്ത്യൻ ക്രിക്കറ്റ് ജഴ്സിയിൽ ലോകകപ്പ് വിജയമാഘോഷിച്ചു. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ജേതാക്കളായി 3 ആഴ്ചയുടെ ഇടവേളയിലാണ് ഈ നേട്ടവും.
ഇന്ത്യയെക്കൂടാതെ നേപ്പാൾ, ഓസ്ട്രേലിയ, യുഎസ്എ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളാണ് ലോകകപ്പിൽ പങ്കെടുത്തത്. ന്യൂഡൽഹിയിലും ബെംഗളൂരുവിലുമായിരുന്നു ആദ്യ റൗണ്ട് മത്സരങ്ങൾ. നോക്കൗട്ട് റൗണ്ട് ശ്രീലങ്കയിൽ.
ഫൈനലിൽ നേപ്പാളിനെതിരെ 7 വിക്കറ്റ് വിജയത്തോടെയാണ് ഇന്ത്യൻ വനിതകൾ കിരീടത്തിൽ മുത്തമിട്ടത്. ഗ്രൂപ്പ് ഘട്ടത്തിലെ 5 മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമിയിൽ ഓസ്ട്രേലിയയെ നേരിട്ടത്.
16 അംഗ ഇന്ത്യൻ ടീമിലുള്ള താരങ്ങൾക്കു കാഴ്ചയ്ക്കൊപ്പം ഭാഷയുടെ വെല്ലുവിളിയെയും നേരിടേണ്ടി വന്നിരുന്നു. കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഉള്ളവരായിരുന്നു താരങ്ങൾ. ഉൾഗ്രാമങ്ങളിൽ നിന്നുള്ള ഇവരിൽ പലർക്കും ഹിന്ദിയും ഇംഗ്ലിഷും വഴങ്ങില്ല. ടീം അംഗങ്ങളുമായി ആശയവിനിമയം നടത്താനും ടീം മാനേജ്മെന്റിനു കളിയുടെ നിയമവശങ്ങൾ ഇവരെ പരിചയപ്പെടുത്താനും പ്രയാസം നേരിട്ടു. എന്നാൽ പലരുടെയും സംശയങ്ങളെയും പരിഹാസങ്ങളെയും അതിജീവിക്കാനുള്ള ഉൾക്കരുത്ത് അവർക്കുണ്ടായിരുന്നു.
കാഴ്ചപരിമിതരുടെ ആദ്യ പുരുഷ ഏകദിന ലോകകപ്പ് 1998ലും ട്വന്റി20 ലോകകപ്പ് 2012ലും നടന്നെങ്കിലും 2019 മുതലാണ് വനിതാ ക്രിക്കറ്റിന് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. 2023ലായിരുന്നു ആദ്യ രാജ്യാന്തര മത്സരവും. ഇന്ത്യയിൽ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ ഇന്ത്യയ്ക്കാണ് കളികളുടെ മേൽനോട്ടച്ചുമതല.
കളിക്കാരെ ബി1 (പൂർണമായും കാഴ്ചയില്ലാത്തവർ), ബി2 (പരിമിതമായി കാഴ്ചയില്ലാത്തവർ), ബി3 (പരിമിതമായി കാഴ്ചയുള്ളവർ) എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. 11 അംഗ ടീമിൽ ബി1 കളിക്കാർക്കാണു പ്രാധാന്യം. പ്ലാസ്റ്റിക് പന്താണ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്. പന്തിനുള്ളിൽ ചെറിയ മെറ്റൽ ബോളുകളുമുണ്ട്. ഇതിന്റെ ശബ്ദത്തിന് അനുസരിച്ചാണ് ബാറ്റിങ്ങും ഫീൽഡിങ്ങും.
English Summary:








English (US) ·