Published: August 02 , 2025 09:12 PM IST
1 minute Read
ന്യൂഡൽഹി∙ പിണക്കം മറന്ന് വീണ്ടും ഒരുമിക്കാൻ തീരുമാനമെടുത്ത് ഇന്ത്യൻ ബാഡ്മിന്റൻ താരങ്ങളായ സൈന നെഹ്‍വാളും ഭർത്താവ് പി. കശ്യപും. 19 ദിവസങ്ങൾക്കു മുൻപ് വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് സൈന നെഹ്‍വാൾ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. ഈ സമയത്ത് സുഹൃത്തുക്കളോടൊപ്പം നെതർലന്‍ഡ്സിൽ അവധി ആഘോഷിക്കുകയായിരുന്നു കശ്യപ്. പുതിയ തീരുമാനം ആരാധകരെ അറിയിച്ച സൈന, അതിനൊപ്പം പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി.
‘‘ചിലപ്പോഴൊക്കെ അകലം നിങ്ങളെ അടുപ്പത്തിന്റെ ബന്ധം പഠിപ്പിക്കുന്നു. ഞങ്ങൾ ഒരിക്കൽ കൂടി ശ്രമിക്കുകയാണ്.’’– സൈന നെഹ്‍വാൾ ഇൻസ്റ്റയിൽ കുറിച്ചു. കശ്യപിനൊപ്പമുള്ള ചിത്രവും സൈന പങ്കുവച്ചിട്ടുണ്ട്. ജൂലൈ 14നാണ് പരസ്പര സമ്മതത്തോടെ വേർപിരിയുന്നതായി സൈന പ്രഖ്യാപിച്ചത്. വിവാഹമോചനത്തെക്കുറിച്ച് കശ്യപ് ഒരു പ്രതികരണവും നടത്തിയിരുന്നില്ല.
‘‘ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിക്കുകളിലേക്ക് കൊണ്ടുപോകും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും കശ്യപും രണ്ടു വഴിക്ക് പിരിയാം എന്ന തീരുമാനമെടുത്തു. ഞങ്ങൾ ഞങ്ങൾക്കുവേണ്ടിയും പരസ്പര സമാധാനത്തിനും ഉയർച്ചയ്ക്കും വേണ്ടി ഈ വഴി തിരഞ്ഞെടുക്കുന്നു. ഇതുവരെ നൽകിയ മികച്ച ഓർമകൾക്ക് നന്ദി.അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും മനസ്സിലാക്കിയതിനും നിങ്ങൾക്കും നന്ദി.’’– എന്നായിരുന്നു പിരിയുന്ന കാര്യം വിശദീകരിച്ചുകൊണ്ട് സൈന കുറിച്ചത്. ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.
2018 ഡിസംബറിലാണ് കശ്യപും സൈനയും വിവാഹിതരായത്. പത്തു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സൈന 2010, 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ സ്വർണ മെഡല്‍ ജേതാവായിരുന്നു. ഒളിംപിക്സ് ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരമാണ് പി.കശ്യപ്. 2012ൽ കശ്യപിന് കേന്ദ്രസർക്കാർ അർജുന അവാർഡ് നൽകി. 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസിൽ കശ്യപ് സ്വർണവും നേടിയിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SainaNehwal എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·