Published: July 20 , 2025 12:12 PM IST Updated: July 20, 2025 12:20 PM IST
1 minute Read
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി പത്തു വർഷം തികയുമ്പോൾ ഹൃദ്യമായ കുറിപ്പുമായി സഞ്ജു സാംസൺ. 2015ൽ ട്വന്റി20 ക്രിക്കറ്റിലാണ് സഞ്ജു ഇന്ത്യൻ ജഴ്സിയിൽ ആദ്യ രാജ്യാന്തര മത്സരം കളിക്കുന്നത്. 20–ാം വയസ്സില്‍ സിംബാബ്‍വെയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം. ‘‘രാജ്യാന്തര ക്രിക്കറ്റിൽ ഞാൻ 10 വർഷം പൂർത്തിയാക്കുകയാണ്. ഈ അക്കങ്ങൾ മുഴുവൻ കഥയും നിങ്ങളോടു പറയുന്നില്ലായിരിക്കാം. അനുഗ്രഹീതമായ ഈ യാത്രയിലെ എല്ലാത്തിനെയും ഞാൻ ഇഷ്ടപ്പെടുന്നു. നന്ദിയുണ്ട്.’’– ഇൻസ്റ്റഗ്രാമിൽ സഞ്ജു കുറിച്ചു.
ഹരാരെയിൽ നടന്ന അരങ്ങേറ്റ മത്സരത്തിൽ മധ്യനിരയിൽ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു 24 പന്തിൽ 19 റൺസാണു നേടിയത്. ഈ മത്സരത്തിൽ സിംബാബ്‍വെ 10 റൺസ് വിജയം നേടുകയും ചെയ്തു. ഈ മത്സരം കഴിഞ്ഞ് അഞ്ചു വർഷങ്ങൾക്കു ശേഷമാണ് സഞ്ജുവിന് ട്വന്റി20 ടീമിൽ പിന്നീട് അവസരം ലഭിക്കുന്നത്. 2020ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു താരത്തിന്റെ രണ്ടാം ട്വന്റി20 മത്സരം. ട്വന്റി20യിൽ 42 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു മൂന്ന് സെഞ്ചറികളുൾപ്പടെ 861 റൺസ് ഇതുവരെ നേടിയിട്ടുണ്ട്.
ഏകദിന ഫോർമാറ്റിൽ 16 കളികളിൽനിന്ന് ഒരു സെഞ്ചറിയടക്കം 510 റൺസും സ്വന്തമാക്കി. ഏകദിനത്തിൽ 2021ലാണ് സഞ്ജു അരങ്ങേറിയത്. ടെസ്റ്റ് ടീമിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണു സഞ്ജു. അടുത്ത സീസണിൽ താരം ടീം വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മലയാളി താരത്തെ സ്വന്തമാക്കാൻ ശ്രമം തുടരുകയാണ്.
English Summary:








English (US) ·