Published: September 15, 2025 10:05 PM IST
1 minute Read
അബുദാബി∙ ഏഷ്യാകപ്പിൽ യുഎഇക്ക് ആദ്യ ജയം. ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒമാനെ 42 റൺസിനു തോൽപ്പിച്ചാണ് യുഎഇ പോയിന്റ് ടേബിളിൽ അക്കൗണ്ട് തുറന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റു ചെയ്ത യുഎഇ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഒമാന്റെ ഇന്നിങ്സ് 18.4 ഓവറിൽ 130 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തി ജുനൈദ് സിദ്ദിഖും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് രോഹിത് ഖാൻ, മുഹമ്മദ് ജവാദുല്ല എന്നിവരുമാണ് ഒമാനെ തകർത്ത്. 24 റൺസെടുത്ത ആര്യൻ ബിഷ്ദ് ആണ് ഒമാന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജതീന്ദർ സിങ്ങും വിക്കറ്റ് കീപ്പർ വിനായക് ശുക്ലയും 20 റൺസ് വീതം നേടി.
ആദ്യം ബാറ്റു ചെയ്ത യുഎഇ, ഓപ്പണറും മലയാളിയുമായ അലിഷാൻ ഷറഫു (38 പന്തിൽ 51), ക്യാപ്റ്റൻ മുഹമ്മദ് വസീം (54 പന്തിൽ 69) എന്നിവരുടെ അർധസെഞ്ചറിയുടെ ബലത്തിലാണ് മികച്ച സ്കോർ നേടിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 88 റൺസ് കൂട്ടിച്ചേർത്തു. രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കുറഞ്ഞ പന്തിൽ 3000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും വസീം സ്വന്തമാക്കി. 1947 പന്തുകളിലാണ് താരത്തിന്റെ നേട്ടം. 2068 പന്തിൽ 3000 റൺസ് തികച്ച ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറുടെ റെക്കോർഡാണ് തകർത്തത്. 2149 പന്തിൽ 3000 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യക്കാരിൽ മുന്നിൽ.
അതേസമയം, ഒമാനെതിരെ നിർണായക വിജയം നേടിയ യുഎഇക്ക് ഒരു സുവർണാവസരവും കൂടി കാത്തിരിപ്പുണ്ടെന്നാണ് സൈബർ ലോകത്തെയും ക്രിക്കറ്റ് വിദഗ്ധരുടെയും കണ്ടെത്തൽ. ഇന്ത്യയ്ക്കെതിരായ മത്സരത്തിനു പിന്നാലെ ഉയർന്ന ഹസ്തദാന വിവാദത്തെ തുടർന്നു യുഎഇക്കെതിരായ അടുത്ത മത്സരം പാക്കിസ്ഥാൻ ബഹിഷ്കരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായി സൂപ്പർ ഫോറിൽ കയറാനുള്ള അവസരമാണ് യുഎഇയെ കാത്തിരിക്കുന്നത്.
കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ, ഇതിനോടകം സൂപ്പർ ഫോറിന് യോഗ്യത നേടിക്കഴിഞ്ഞു. രണ്ടു മത്സരങ്ങളിൽ ഓരോന്നു വീതം വിജയിച്ച പാക്കിസ്ഥാനും യുഎഇക്കും ഒരേ പോയിന്റ് നിലയാണ്. റൺറേറ്റിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനാണ് രണ്ടാമത്. എന്നാൽ യുഎഇക്കെതിരായ അടുത്ത മത്സരം ബഹിഷ്കരിച്ചാൽ അവർ മൂന്നാം സ്ഥാനത്തേയ്ക്ക് ഇറങ്ങുകയും യുഎഇ രണ്ടാമതാകുകയും ചെയ്യും. ബഹിഷ്കരണ ഭീഷണി പാക്കിസ്ഥാന്റെ വെറും തന്ത്രം മാത്രമായേക്കുമെന്നതിനാൽ ഇതിനു സാധ്യത വിരളമാണ്. അല്ലെങ്കിൽ പാക്കിസ്ഥാനെതിരെ അട്ടിമറി ജയം സ്വന്തമാക്കിയാൽ മാത്രമാണ് യുഎഇക്ക് സൂപ്പർ ഫോറിലേക്കു സാധ്യതയുള്ളത്.








English (US) ·