Published: August 21, 2025 12:31 PM IST
1 minute Read
മുംബൈ∙ ഏഷ്യാ കപ്പ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നീറിപ്പുകയുന്നതിനിടെ, ചീഫ് സിലക്ടർ അജിത് അഗാർക്കറിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ടീം പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ചീഫ് സിലക്ടർ സ്ഥാനത്ത് അഗാർക്കറിന്റെ കാലാവധി ബിസിസിഐ ഒരു വർഷത്തേക്കു കൂടി നീട്ടി. ഐപിഎൽ സീസണിനു മുന്നോടിയായി കൈക്കൊണ്ട തീരുമാനം, ഇപ്പോഴാണ് പുറത്തുവിട്ടതെന്നാണ് റിപ്പോർട്ട്. ഇതോടെ അഗാർക്കറിന് 2026 ജൂൺ വരെ തൽസ്ഥാനത്തു തുടരാം.
ഇന്ത്യൻ ക്രിക്കറ്റിലെ അത്യധികം വെല്ലുവിളി നിറഞ്ഞ തലമുറ മാറ്റം വിദഗ്ധമായി കൈകാര്യം ചെയ്യുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അഗാർക്കറിന്റെ കാലാവധി ബിസിസിഐ നീട്ടിനൽകിയതെന്നാണ് വിവരം. വിരാട് കോലി, രോഹിത് ശർമ തുടങ്ങിയ പ്രമുഖ താരങ്ങൾ ഭാഗികമായി കളമൊഴിഞ്ഞെങ്കിലും, പുതിയ തലമുറയെ കൃത്യമായി വാർത്തെടുക്കാൻ അഗാർക്കറിനും സംഘത്തിനും സാധിച്ചുവെന്നാണ് വിലയിരുത്തൽ.
2023 ജൂണിൽ ചീഫ് സിലക്ടറായി നിയമിതനായ അഗാർക്കറിന്റെ മേൽനോട്ടത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ തലമുറ മാറ്റം അതിന്റെ പ്രധാന ഘട്ടം പിന്നിട്ടത്. അഗാർക്കറും സംഘവും തിരഞ്ഞെടുത്ത ടീമുകൾ 2024ലെ ട്വന്റി20 ലോകകപ്പും 2025ലെ ചാംപ്യൻസ് ട്രോഫിയും നേടിയത് കിരീടത്തിലെ പൊൻതൂവലായി. ഇതിനു പുറമേ 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലുമെത്തി.
സൂര്യകുമാർ യാദവിനെ ട്വന്റി20 ടീമിന്റെ സ്ഥിരം നായകനാക്കിയതും ശുഭ്മൻ ഗില്ലിനെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിയോഗിച്ചതും അഗാർക്കറിന്റെ നേതൃത്വത്തിലാണ്. രണ്ടു തീരുമാനങ്ങളും മികച്ചതായി എന്നതാണ് അന്തിമ ഫലം. വിരാട് കോലി, രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ എന്നിവർ കളമൊഴിഞ്ഞെങ്കിലും ഇവരുടെ അസാന്നിധ്യം ടീമിനെ ബാധിക്കാത്തവിധം കൈകാര്യം ചെയ്യാനും അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റിക്ക് സാധിച്ചതായി ബിസിസിഐ വിലയിരുത്തുന്നു.
അതേസമയം, സിലക്ഷൻ കമ്മിറ്റിയംഗങ്ങളിൽ ഒരാൾക്ക് ജോലി നഷ്ടമാകുമെന്നും റിപ്പോർട്ടുണ്ട്. അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ എസ്.എസ്. ദാസ്, സുബ്രതോ ബാനർജി, അജയ് രാത്ര, എസ്.ശരത് എന്നിവരാണ് അംഗങ്ങൾ. സെപ്റ്റംബറിൽ നടക്കുന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തോടെ ശരത്തിനെ നീക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ജൂനിയർ ടീമിന്റെ സിലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്ന ശരത്തിനെ 2023 ജനുവരിയിലാണ് സീനിയർ ടീമിന്റെ സിലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. രണ്ടു സമിതികളിലുമായി നാലു വർഷ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് ശരത്തിനെ നീക്കുന്നത്.
English Summary:








English (US) ·