Published: January 17, 2026 08:54 AM IST
1 minute Read
മുംബൈ∙ 2025ൽ ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി കിരീട വിജയത്തിനു പിന്നാലെ അപ്രതീക്ഷിതമായാണ് രോഹിത് ശർമയ്ക്ക് ഏകദിന ടീം ക്യാപ്റ്റൻസി നഷ്ടമാകുന്നത്. 2027 ലോകകപ്പിനു മുന്നോടിയായി ടീമിന് ഒരു പുതിയ തുടക്കം നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രോഹിതിനെ മാറ്റി യുവതാരം ശുഭ്മന്‍ ഗില്ലിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കിയത്. ചീഫ് സിലക്ടര്‍ അജിത് അഗാർക്കറാണ് ഗില്ലിനെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാൽ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ സമ്മർദത്തിലാണ് അഗാർക്കർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരിയുടെ വാദം.
‘‘രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റാനുള്ള കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ അജിത് അഗാർക്കർ കരുത്തുറ്റൊരു വ്യക്തിത്വമാണ്. ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ അദ്ദേഹം ധീരതയോടെ എടുക്കും. എന്നാൽ മറ്റാരെങ്കിലും ഈ തീരുമാനത്തിനു പിന്നിൽ ഉണ്ടായിരുന്നോയെന്നതു നമ്മൾ പരിശോധിക്കണം. ഇതിന്റെ പിറകിൽ ഒരുപാടു കളികൾ നടന്നിട്ടുണ്ടാകും. തീരുമാനമെടുത്തതും മുന്നിൽ നിന്നതും ചീഫ് സിലക്ടർ തന്നെയാണ്. പക്ഷേ പരിശീലകന്റെ ഇടപെടലും അവിടെ ഉറപ്പായും ഉണ്ടാകും. നിങ്ങൾക്ക് ഒറ്റയ്ക്ക് എന്തായാലും തീരുമാനമെടുക്കാൻ സാധിക്കില്ല. രണ്ടുപേരും അതിന് ഉത്തരവാദികളാണ്.’’– മനോജ് തിവാരി ഒരു മാധ്യമത്തോടു പറഞ്ഞു.
‘‘സത്യം പറഞ്ഞാല്‍ ഏകദിന ക്രിക്കറ്റിൽ ഇപ്പോൾ ഒരു താൽപര്യവും തോന്നുന്നില്ല. ട്വന്റി20 ലോകകപ്പും ചാംപ്യൻസ് ട്രോഫിയും വിജയിച്ച ക്യാപ്റ്റനെ ഒരു കാര്യവുമില്ലാതെ പുറത്താക്കിയ ശേഷം, പുതിയൊരാളെ നായകനായി കൊണ്ടുവരികയാണ്. രോഹിതിനൊപ്പം കളിച്ചിട്ടുള്ള ഒരാളെന്ന നിലയ്ക്ക് അദ്ദേഹത്തെ പുറത്താക്കിയ രീതിയോട് എനിക്ക് എതിർപ്പുണ്ട്. ലോകമെമ്പാടും ആരാധകരുള്ള ഒരു ക്രിക്കറ്ററെയാണ് ഇവിടെ അപമാനിച്ചത്. രോഹിത് 2027 ലോകകപ്പ് കളിക്കുമോയെന്ന് എന്തുകൊണ്ടാണ് അവർ സംശയിച്ചത്? രോഹിത്തിന്റെ കഴിവിൽ അവിശ്വസിക്കുന്നതുതന്നെ വലിയ തെറ്റാണ്.’’– മനോജ് തിവാരി വ്യക്തമാക്കി.
സ്ഥിരതയുള്ള പ്രകടനവും ഫിറ്റ്നസും നിലനിര്‍ത്തി കളിക്കുന്നതിനിടെ രോഹിത് ശർമയെ നീക്കിയതില്‍ ബിസിസിഐയ്ക്കെതിരെ വൻ വിമർശനമാണ് ഉയർന്നത്. ക്യാപ്റ്റൻ സ്ഥാനം നഷ്ടമായെങ്കിലും ഏകദിന ടീമിൽ രോഹിത് കളിക്കാൻ തീരുമാനിക്കുകയായിരുന്നു. രോഹിതിനൊപ്പം സൂപ്പർ താരം വിരാട് കോലിയും ശുഭ്മൻ ഗില്ലിനു കീഴിൽ കളി തുടരുകയാണ്. 2027 ഏകദിന ലോകകപ്പ് വരെ രണ്ടു താരങ്ങളും ടീമിൽ തുടരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
English Summary:








English (US) ·