Published: November 19, 2025 09:15 AM IST
1 minute Read
ധാക്ക∙ സഹതാരങ്ങളെ മർദിക്കാറുണ്ടെന്ന ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നിഗാർ സുൽത്താന ജോട്ടിക്കെതിരായ ആരോപണത്തിൽ മറുപടിയുമായി താരം. ബംഗ്ലദേശ് താരം തന്നെയായ പേസർ ജഹനാര ആലമാണ് സുൽത്താനയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ ഇക്കാര്യം നിഷേധിച്ച സുൽത്താന, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെയും സംഭവത്തിലേക്കു വലിച്ചിഴച്ചു.
‘‘ഞാൻ എന്തിനാണ് ആരെയെങ്കിലും അടിക്കുന്നത്? ഞാൻ എന്തിനാണ് എന്റെ ബാറ്റ് കൊണ്ട് സ്റ്റംപിൽ അടിക്കുന്നത്? അങ്ങനെ സ്റ്റംപിൽ അടിക്കാൻ ഞാൻ ഹർമൻപ്രീത് ആണോ? ഞാൻ എന്തിനാണ് അതു ചെയ്യുന്നത്? എന്റെ സ്വകാര്യ സ്ഥലത്ത്, ഞാൻ പാചകം ചെയ്യുകയാണെങ്കിലോ മറ്റെന്തെങ്കിലും ചെയ്യുകയോ ആണെങ്കിൽ, ഞാൻ എന്റെ ബാറ്റിൽ തട്ടിയേക്കാം, എന്റെ ഹെൽമറ്റിൽ തട്ടിയേക്കാം, അതെന്റെ ഇഷ്ടമാണ്. പക്ഷേ ഞാൻ എന്തിനാണ് മറ്റൊരാളോട് അങ്ങനെ ചെയ്യുന്നത്? ഞാൻ എന്തിനാണ് ശാരീരികമായി പീഡിപ്പിക്കുന്നത്? വെറുതെ അങ്ങനെ പറഞ്ഞാൽ മതിയോ. നിങ്ങൾക്ക് മറ്റു കളിക്കാരോടോ മറ്റാരോടോ ഞാൻ എപ്പോഴെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കാം.’’– നിഗാർ സുൽത്താന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2023ൽ ഇന്ത്യ– ബംഗ്ലദേശ് പര്യടനത്തിനിടെയാണ് സുൽത്താന പരാമർശിക്കുന്ന സംഭവം നടന്നത്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ, ഔട്ടായതിനു പിന്നാലെ എൽബിഡബ്ല്യു വിധിച്ച അംപയറോട് ദേഷ്യപ്പെട്ട് ഹർമൻപ്രീത്, ബാറ്റുകൊണ്ട് സ്റ്റംപിലടിച്ചിരുന്നു. അംപയറോടു കയർക്കുകയും ചെയ്തു. മത്സരത്തിൽ ഒരു റണ്ണിനാണ് ബംഗ്ലദേശിനോട് ഇന്ത്യ തോറ്റത്. ഇതോടെ പരമ്പര 1–1നു സമനിലയിലാകുകയും ചെയ്തു. സംഭവത്തിനു പിന്നാലെ ഹർമൻപ്രീത് രണ്ടു മത്സരങ്ങളിൽനിന്നു വിലക്ക് നേരിട്ടിരുന്നു.
വനിതാ ഏകദിന ലോകകപ്പിൽനിന്നു ഏഴാം സ്ഥാനക്കാരായി ബംഗ്ലദേശ് പുറത്തായതിനു പിന്നാലെയാണ് ക്യാപ്റ്റനെതിരെ ആരോപണവുമായി ജഹനാര ആലം രംഗത്തെത്തിയത്. ‘‘ഇത് പുതിയ കാര്യമല്ല. ജോട്ടി ജൂനിയർ താരങ്ങളെ ഒരുപാട് തല്ലാറുണ്ട്. ഈ ലോകകപ്പിനിടയിലും ചിലർ എന്നോട് പറഞ്ഞു, ‘ഇല്ല, ഞാൻ ഇനി ഇത് ചെയ്യില്ല. എങ്കിൽ എനിക്ക് വീണ്ടും അടി കിട്ടും, ‘ഇന്നലെ എന്നെ അടിച്ചു’ എന്നൊക്കെ. ദുബായ് ടൂർ സമയത്തും അവൾ ഒരു ജൂനിയറെ മുറിയിലേക്ക് വിളിച്ച് അടിച്ചു.’’– ജഹനാര പറഞ്ഞു. ക്രിക്കറ്റിൽനിന്ന് ഇടവേള എടുത്തിരിക്കുന്ന ജഹനാര ഇപ്പോൾ ഓസ്ട്രേലിയയിലാണ്.
English Summary:








English (US) ·