അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ അയാള്‍ 400 റണ്‍സും പിന്നിട്ട് ഇന്നും ബാറ്റ് ചെയ്യുകയായിരിക്കും

9 months ago 10

This time  Brian Lara scores satellite   grounds   400 not retired  against England

Image Courtesy: Sports Star|Twitter

ക്രിക്കറ്റിലെ പുതിയ ബാറ്റിങ് താരോദയങ്ങളെ ആളുകള്‍ ആദ്യം താരതമ്യം ചെയ്തിരുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറോടായിരുന്നു. സാങ്കേതികത്തികവും കളിച്ച ഇന്നിങ്‌സുകളുമെല്ലാം അടിസ്ഥാനമാക്കിയായിരുന്നു ആ താരതമ്യങ്ങള്‍. ബീഥോവന്‍ സിംഫണി പോലെയായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ ബാറ്റിങ്. ചിലപ്പോള്‍ ഒരേ താളത്തില്‍, പിന്നീട് അല്‍പം ഉയര്‍ന്ന് അതങ്ങനെ ഒഴുകിക്കൊണ്ടിരിക്കുകയായിരിക്കും.

ക്രിക്കറ്റിന്റെ അനന്തവിഹായസിലേക്ക് കടന്നുവരുന്നവരെല്ലാം സച്ചിനുമായി ഒരിക്കലെങ്കിലും താരതമ്യത്തിന് വിധേയരാകേണ്ടി വന്നവരോ ഇനി വരാനിരിക്കുന്നവരോ ആണ്. എന്നാല്‍ ക്രിക്കറ്റിന്റെ യഥാര്‍ഥ പരീക്ഷണമായ ടെസ്റ്റിലേക്കെത്തുമ്പോള്‍ സച്ചിനോ അതിനു മുകളിലോ മികവ് പ്രകടിപ്പിച്ച താരങ്ങള്‍ പലരുമുണ്ട്. എന്നാല്‍ ചുവന്ന ആ തുകല്‍ പന്തിനെ മികവോടെ കളിച്ചിരുന്നവരില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയ്ക്ക് പകരം വെയ്ക്കാന്‍ മറ്റൊരു താരമുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ചുവന്ന തുകല്‍ പന്തും ലാറയുടെ ബാറ്റും തമ്മിലുണ്ടായിരുന്ന കെമിസ്ട്രി മറ്റൊന്നിനും അവകാശപ്പെടാനാകില്ല.

ക്രിക്കറ്റിന്റെ ദീര്‍ഘ ഫോര്‍മാറ്റില്‍ എതിരാളികള്‍ അയാളെ അത്രയേറെ ഭയപ്പെട്ടിരുന്നു. 1993 ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന ടെസ്റ്റില്‍ തന്റെ 24-ാമത്തെ വയസില്‍ ഓസീസ് ബൗളിങ് നിരയെ കശാപ്പുചെയ്ത് നേടിയ 277 റണ്‍സ് ഇന്നും ഓസീസ് കാണികള്‍ മറന്നിട്ടില്ല. 'സിഡ്‌നിയില്‍ അന്ന് അയാള്‍ റണ്ണൗട്ടായത് ഞങ്ങളുടെ ഭാഗ്യം. അല്ലെങ്കില്‍ ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും അയാള്‍ അവിടെ ബാറ്റു ചെയ്യുകയായിരിക്കും'. ലാറയെ പുറത്താക്കാന്‍ ആവനാഴിയിലെ ആയുധങ്ങളെല്ലാമെടുത്ത് പരാജയപ്പെട്ട സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ ആ ഇന്നിങ്‌സിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം പറഞ്ഞ വാക്കുകളാണിത്. ലാറയെ പുറത്താക്കാന്‍ റണ്ണൗട്ടല്ലാതെ മറ്റു വഴികളില്ലെന്നായിരുന്നു അന്നത്തെ ഓസീസ് ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ മത്സരശേഷം പറഞ്ഞത്.

Photo: Getty Images

അതായിരുന്നു അയാള്‍. ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കുന്നതിന്റെ പ്രത്യേക മാജിക്ക് വശമുണ്ടായിരുന്നയാള്‍. ദിവസങ്ങളോളം നീളുന്ന അത്തരം ഇന്നിങ്സുകള്‍ കളിക്കുമ്പോള്‍ അയാളുടെ ശ്രദ്ധ തിരിക്കാന്‍ ഒന്നിനും സാധിക്കില്ലായിരുന്നു. നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അസാധാരണവും അനായാസവുമായ പാദചലനങ്ങളിലൂടെ അയാള്‍ തന്റെ ബാറ്റിങ്ങിനെ അത്രയേറെ ആസ്വാദ്യകരമാക്കിയിരുന്നു.

പലപ്പോഴും ഒരു ടീം ഒന്നടങ്കം കഷ്ടപ്പെട്ട് അടിച്ചുകൂട്ടിയിരുന്ന റണ്‍സ് ഒറ്റയ്ക്ക് അടിച്ചു നേടിയിരുന്ന ടെസ്റ്റിലെ റണ്‍ മെഷീനായിരുന്നു ലാറ. ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റില്‍ വാര്‍വിക്‌ഷെയറിനായി 1994-ല്‍ നേടിയ 501 റണ്‍സ് ഇന്നും ബാലികേറാമലയായി നിലനില്‍പ്പുണ്ട്. അത്തരത്തില്‍ ഇന്നും ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാതെ നില്‍ക്കുന്നുണ്ട് അദ്ദേഹത്തിന്റെ ടെസ്റ്റിലെ 400* എന്ന വ്യക്തിഗത സ്‌കോര്‍. ടെസ്റ്റ് ബാറ്റിങ്ങിന്റെ സമവാക്യങ്ങള്‍ തന്നെ മാറ്റിയെഴുതിയ ട്രിനിഡാഡിന്റെ ആ രാജകുമാരന്റെ ആ റെക്കോഡ് ഇന്നിങ്സ് പിറന്നിട്ട് ഇന്ന് 21 വര്‍ഷം തികയുകയാണ്.

2004 ഏപ്രില്‍ 12-നായിരുന്നു ലാറ 400 റണ്‍സെന്ന മാന്ത്രിക സംഖ്യ തൊട്ടത്. പ്രായം 35-നോട് അടുത്ത കരിയറിന്റെ അവസാന നാളുകളിലായിരുന്ന ഒരു താരത്തില്‍ നിന്ന് അത്തരമൊരു ഇന്നിങ്‌സ് അന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. 1994-ല്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോറായ 375 റണ്‍സ് നേടിയ അതേ ആന്റിഗ്വ സെന്റ് ജോണ്‍സ് പാര്‍ക്കില്‍ ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു ലാറയുടെ ആ ഇന്നിങ്‌സ്. മാസങ്ങള്‍ക്കു മുമ്പ് സിംബാബ്വെയ്‌ക്കെതിരേ 380 റണ്‍സെടുത്ത് തന്റെ റെക്കോഡ് സ്വന്തമാക്കിയ ഓസീസ് താരം മാത്യു ഹെയ്ഡനുള്ള മറുപടികൂടിയായിരുന്നു ആ ഇന്നിങ്‌സ്.

Photo: Getty Images

വെസ്റ്റിന്‍ഡീസില്‍ വിരുന്നെത്തിയതായിരുന്ന സ്റ്റീവ് ഹാര്‍മിസണും ഫ്‌ളിന്റോഫും മാത്യു ഹൊഗ്ഗാര്‍ഡും അടങ്ങിയ ഇംഗ്ലീഷ് നിര. പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റുകളും ജയിച്ച് അവര്‍ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ലാറയാകട്ടെ പരമ്പരയില്‍ അതുവരെയുള്ള മത്സരങ്ങളില്‍ തീര്‍ത്തും നിരാശപ്പെടുത്തി. മൂന്ന് ടെസ്റ്റുകളിലെ ആറ് ഇന്നിങ്സുകളില്‍ നിന്നായി ആകെ അദ്ദേഹത്തിന് നേടാനായത് 100 റണ്‍സ് മാത്രമായിരുന്നു. രണ്ട് തവണ പൂജ്യത്തിന് പുറത്തായ അദ്ദേഹം തന്റെ ഫോമിന്റെ ഏഴയലത്ത് പോലുമല്ലായിരുന്നു.

ആന്റിഗ്വയില്‍ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ കടുത്ത വിന്‍ഡീസ് ആരാധകര്‍ പോലും ഒരു അദ്ഭുതം പ്രതീക്ഷിച്ചിരുന്നില്ല. 2004 ഏപ്രില്‍ 10-ന് ടോസ് നേടിയ ക്യാപ്റ്റന്‍ ലാറ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഡാരന്‍ ഗംഗ പെട്ടെന്ന് പുറത്തായതോടെ ലാറ ക്രീസിലേക്ക്. ഗെയിലിനൊപ്പം ചെറിയ ഒരു കൂട്ടുകെട്ട്. ആദ്യ ദിനം 86 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ദിനം ഇംഗ്ലീഷ് ബൗളര്‍മാര്‍ ശരിക്കും വെള്ളം കുടിച്ചു. ലാറയും രാംനരേഷ് സര്‍വനും ചേര്‍ന്ന് വിന്‍ഡീസിനെ മുന്നോട്ടു നയിച്ചു.

വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചവര്‍ക്കും തന്റെ രക്തത്തിനായി ദാഹിച്ചവര്‍ക്കും ആ എം.ആര്‍.എഫ് ബാറ്റുകൊണ്ട് മറുപടി. കവര്‍ ഡ്രൈവുകളും സ്‌ട്രെയ്റ്റ് ഡ്രൈവുകളും പുള്ളുകളുമെല്ലാം അനായാസം ഒഴുകിയ ഇന്നിങ്‌സിനു പിന്നാലെ 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കരിയറിലെ രണ്ടാം ട്രിപ്പിള്‍ സെഞ്ചുറി. റിഡ്‌ലി ജേക്കബ്‌സിന്റെ അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോള്‍ ആ ഇന്നിങ്‌സ് മൂന്നാം ദിവസത്തിലേക്ക് നീണ്ടു.

Photo: Getty Images

374 റണ്‍സില്‍ നിന്ന് ഗാരെത് ബാറ്റിയുടെ പന്ത് സ്റ്റെപ്പ് ഔട്ട് ചെയ്ത് നേടിയ ഒരു സിക്‌സിലൂടെ ആദ്യം മാത്യു ഹൈഡന്‍ കൈയടക്കിവെച്ചിരുന്ന ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡിനൊപ്പം. അടുത്ത പന്ത് സ്വീപ് ചെയ്ത് ബൗണ്ടറി നേടി റെക്കോഡ് ബുക്കില്‍ വീണ്ടും തന്റെ പേരു കുറിച്ചു. വെറും 185 ദിവസങ്ങള്‍ മാത്രമാണ് ഹെയ്ഡന് ലാറയുടെ ആ റെക്കോഡ് സ്വന്തം പേരില്‍ സൂക്ഷിക്കാനായത്. അഭിനന്ദനവുമായി ഇംഗ്ലണ്ട് താരങ്ങളും മുന്‍ വിന്‍ഡീസ് താരങ്ങളുമെല്ലാം പിച്ചിലേക്ക്.

പിന്നാലെ 400 റണ്‍സെന്ന ചരിത്രത്തിലേക്ക്. ബാറ്റിയുടെ പന്തില്‍ തന്നെ സ്വീപ് ഷോട്ടിലൂടെ നേടിയ സിംഗിളിലൂടെ 400 റണ്‍സെന്ന ചരിത്ര നേട്ടവും ലാറ സ്വന്തമാക്കി. അഞ്ചിന് 751 എന്ന സ്‌കോറില്‍ വിന്‍ഡീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 778 മിനിറ്റ് ക്രീസില്‍ നിന്ന് 582 പന്തുകളില്‍ 43 ബൗണ്ടറികളും നാലു സിക്‌സുമായി 400 റണ്‍സോടെ ട്രിനിഡാഡിന്റെ ആ രാജകുമാരന്‍ അജയ്യനായി നിന്നു. ഇംഗ്ലണ്ട് ഫോളോഓണ്‍ ചെയ്‌തെങ്കിലും മത്സരം സമനിലയിലായി.

Photo: Getty Images

മുന്‍പ് അലന്‍ ബോര്‍ഡര്‍ പറഞ്ഞതു പോലെ ലാറയെ പുറത്താക്കാന്‍ റണ്ണൗട്ടല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. എട്ടു ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ലാറയുടെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണിനുമായില്ല. അതെ അന്ന് ഡിക്ലയര്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ നേരത്തെ ഷെയ്ന്‍ വോണ്‍ പറഞ്ഞതു പോലെ അയാള്‍ ഇന്നും ബാറ്റിങ് തുടര്‍ന്നേനേ...

Content Highlights: Brian Lara`s epic 400* against England successful 2004 remains unmatched

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article