Published: August 31, 2025 01:41 PM IST Updated: August 31, 2025 01:54 PM IST
1 minute Read
ന്യൂഡൽഹി∙ ഡൽഹി പ്രീമിയർ ലീഗ് മത്സരത്തിനിടെ ഗ്രൗണ്ടിൽ ഐപിഎല്‍ താരങ്ങളുടെ വാക്പോര്. ഡല്‍ഹി പ്രീമിയർ ലീഗിലെ എലിമിനേറ്ററിൽ വെസ്റ്റ് ഡൽഹി ലയൺസും സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് നിതീഷ് റാണയും ദിഗ്‍വേഷ് രതിയും ഗ്രൗണ്ടിൽ നേർക്കുനേർ വന്നത്. അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തില്‍ വെസ്റ്റ് ഡൽഹി ക്യാപ്റ്റനായ നിതീഷ് റാണ 55 പന്തുകളിൽനിന്ന് 134 റൺസാണ് അടിച്ചെടുത്തത്. മത്സരത്തിൽ വെസ്റ്റ് ഡൽഹി ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കി.
ഡൽഹി സൂപ്പർ സ്റ്റാർസ് താരം ദിഗ്‍വേഷ് രതി നിതീഷ് റാണയെ പ്രകോപിപ്പിക്കാൻ പലകുറി ശ്രമിച്ചതോടെയാണ് മത്സരത്തിനിടെ വാക്കു തർക്കമുണ്ടായത്. ബോളിങ് റൺഅപിനൊടുവിൽ ദിഗ്‌വേഷ് പന്തെറിയാതെ മടങ്ങിയതോടെ നിതീഷ് റാണ അസ്വസ്ഥനായതാണു പ്രശ്നങ്ങളുടെ തുടക്കം. ദിഗ്‍വേഷിനെ നിതീഷ് റാണ ചോദ്യം ചെയ്തത് വാക്കു തർക്കത്തിലാണു കലാശിച്ചത്.
ദിഗ്‍വേഷ് രതി പന്തെറിയാനെത്തിയപ്പോൾ റാണ ബാറ്റു ചെയ്യാതെ നാടകീയമായി പിൻവാങ്ങി. പിന്നാലെ സ്പിന്നറുടെ പന്തിൽ റിവേഴ്സ് സ്വീപായി സിക്സ് പറത്തിയ നിതീഷ് റാണ ഐപിഎലിൽ ദിഗ്‍വേഷ് രതിയുടെ പേരിൽ വിവാദമായ നോട്ട്ബുക്ക് ആഘോഷവും ഗ്രൗണ്ടിൽ പുറത്തെടുത്തു. രണ്ടു താരങ്ങളും തമ്മിലുള്ള വാക്കു തർക്കം കയ്യാങ്കളിയുടെ വക്കോളമെത്തിയിരുന്നു.
എന്നാൽ സഹതാരങ്ങളും അംപയറും ഇടപെട്ടാണ് നിതീഷ് റാണയെയും ദിഗ്‍വേഷ് രതിയെയും പിടിച്ചുമാറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഐപിഎലിൽ നിതീഷ് റാണ രാജസ്ഥാൻ റോയൽസിന്റെയും ദിഗ്‍വേഷ് രതി ലക്നൗ സൂപ്പർ ജയന്റ്സിന്റെയും താരമാണ്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DPL എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·