അജിനാസിനെ തുടർച്ചയായി നാലു സിക്സുകൾ തൂക്കി അഖിൽ, മഴക്കളിയിൽ തൃശൂർ വീണു; കൊല്ലം സെയ്‍ലേഴ്സിന് മൂന്നു വിക്കറ്റ് വിജയം– വിഡിയോ

4 months ago 5

മനോരമ ലേഖകൻ

Published: August 29, 2025 09:59 PM IST

2 minute Read

kollam-sailors-akhil
തൃശൂരിനെതിരെ കൊല്ലം താരം അഖിലിന്റെ ബാറ്റിങ്. Photo: KCA

തിരുവനന്തപുരം∙ ആവേശപ്പോരാട്ടത്തിൽ കരുത്തരായ തൃശൂർ ടൈറ്റൻസിനെ തോല്‍പിച്ച് കൊല്ലം സെയിലേഴ്സ്. മൂന്ന് വിക്കറ്റിനായിരുന്നു കൊല്ലത്തിന്റെ വിജയം. മഴയെ തുടർന്ന് 13 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് നാല് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം അഞ്ച് പന്തുകൾ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. മികച്ചൊരു ഇന്നിങ്സിലൂടെ കൊല്ലത്തിന് വിജയമൊരുക്കിയ എം.എസ്. അഖിലാണ് പ്ലെയർ ഓഫ് ദി മാച്ച്.

ഓപ്പണർമാർ നിറം മങ്ങിയ മത്സരത്തിൽ ഷോൺ റോജറും അർജുൻ .എ.കെയും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് തൃശൂർ ടൈറ്റൻസിന് കരുത്തായത്.രണ്ട് റൺസെടുത്ത ആനന്ദ് കൃഷ്ണനെ പുറത്താക്കി ഏദൻ ആപ്പിൾ ടോമാണ് കൊല്ലത്തിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. തകർത്തടിച്ച് തുടങ്ങിയ അഹ്മദ് ഇമ്രാനെ പുറത്താക്കി ഷറഫുദ്ദീൻ തൃശൂരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. 11 പന്തുകളിൽ നിന്ന് 16 റൺസാണ് അഹ്മദ് ഇമ്രാൻ നേടിയത്. മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന വരുൺ നായനാരും ഷോൺ റോജറും ചേർന്ന് മികച്ച രീതിയിൽ മുന്നോട്ട് നീക്കി. എന്നാൽ 22 റൺസെടുത്ത വരുൺ നായനാർ പുറത്തായ ഉടനെ മഴയുമെത്തി.

13 ഓവർ വീതമാക്കി ചുരുക്കിയ കളി വീണ്ടും തുടങ്ങുമ്പോൾ ബാക്കിയുണ്ടായിരുന്നത് മൂന്നര ഓവർ മാത്രം. പക്ഷെ തകർത്തടിച്ച ഷോൺ റോജറും എ കെ അർജുനും ചേർന്ന് ഇന്നിങ്സ് അതിവേഗം മുന്നോട്ട് നീക്കി. നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയായിരുന്നു അർജുൻ തുടങ്ങിയത്. രണ്ട് പേരും തുടരെ പന്തുകൾ അതിർത്തി കടത്തിയതോടെ ടൈറ്റൻസിന്റെ റൺറേറ്റ് കുതിച്ചുയർന്നു. മൂന്ന് സിക്സും ഒരു ഫോറുമായി തകർത്തടിച്ച അർജുന്റെ മികവിൽ 24 റൺസാണ് അവസാന ഓവറിൽ മാത്രം ടൈറ്റൻസ് നേടിയത്. വെറും 14 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സുമടക്കം 44 റൺസാണ് അർജുൻ നേടിയത്. ഷോൺ റോജർ 29 പന്തുകളിൽ നിന്ന് 51 റൺസ് നേടി.

വിജെഡി നിയമപ്രകാരം 148 റൺസായിരുന്നു കൊല്ലത്തിന്റെ വിജയലക്ഷ്യം. പക്ഷെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വിഷ്ണു വിനോദിനെ അജിനാസ് പുറത്താക്കി. രണ്ടാം ഓവറിൽ തുടരെ മൂന്ന് സിക്സുകളുമായി സച്ചിൻ ബേബി കൊല്ലത്തിന്റെ കുതിപ്പിന് തുടക്കമിട്ടു. അഞ്ച് റൺസെടുത്ത അഭിഷേക് നായർ പുറത്തായ ശേഷമെത്തിയ ആഷിക് മുഹമ്മദ് ചെറുതെങ്കിലും കൂറ്റനടികളുമായി ശ്രദ്ധേയനായി. ആറ് പന്തുകളിൽ ആഷിക് 13 റൺസ് നേടി. എന്നാൽ അടുത്തടുത്ത ഇടവേളകളിൽ ആഷിക്കും സച്ചിൻ ബേബിയും പുറത്തായി. സച്ചിൻ ബേബി 18 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 36 റൺസ് നേടി.തുടർന്നെത്തിയ രാഹുൽ ശർമയും വത്സൽ ഗോവിന്ദും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

കൈവിട്ടെന്ന് തോന്നിച്ച കളി ഷറഫുദ്ദീനും എം.എസ്.അഖിലും ചേർന്ന് തിരികെപ്പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അജിനാസ് എറിഞ്ഞ പത്താം ഓവറായിരുന്നു നിർണ്ണായകമായത്. തുടരെ നാല് സിക്സുകൾ പായിച്ച എം.എസ്. അഖിൽ കളിയുടെ ഗതി മാറ്റിയെഴുതി. അടുത്ത ഓവറിൽ 23 റൺസെടുത്ത ഷറഫുദ്ദീൻ മടങ്ങി. എന്നാൽ മറുവശത്ത് ഉറച്ച് നിന്ന അഖിൽ ടീമിനെ വിജയത്തിലെത്തിച്ചു. 12 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്സും അടക്കം 44 റൺസുമായി അഖിൽ പുറത്താകാതെ നിന്നു. തൃശൂരിന് വേണ്ടി അജിനാസ് മൂന്നും ആദിത്യ വിനോദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. വിജയത്തോടെ ആറ് പോയിന്റുമായി കൊല്ലം നാലാം സ്ഥാനത്ത് തുടരുകയാണ്.

English Summary:

Kerala Cricket League, Thrissur Titans vs Kollam Sailors Match Updates

Read Entire Article