അഞ്ചടി നാലിഞ്ച് ഉയരമുള്ള ബവൂമയെ ആറടി എട്ടിഞ്ചുള്ള യാൻസൻ ഉൾപ്പെടെയുള്ളവരുമായി ചേർത്ത് ട്രോൾ; ഇന്ന് എല്ലാറ്റിനുമുയരെ ടെംബ ദ് ഹോപ്!

7 months ago 12

എസ്.പി. ശരത്

എസ്.പി. ശരത്

Published: June 15 , 2025 09:23 AM IST

1 minute Read

  • ഇതിഹാസ ക്യാപ്റ്റൻമാർ കൈവിട്ട ലോക കിരീടം ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ച സൂപ്പർ ക്യാപ്റ്റൻ

temba-bavuma-marco-jansen
ടെംബ ബവൂമയും മാർക്കോ യാൻസനും. ഇരുവരും തമ്മിലുള്ള ഉയര വ്യത്യാസം പലപ്പോഴും ട്രോളുകൾക്കും കാരണമായിരുന്നു

ഉയരമില്ലാത്തവനെന്നു വിളിച്ചു പരിഹസിച്ചായിരുന്നു തുടക്കം. ശരീര ഘടന ക്രിക്കറ്റിനു പറ്റിയതല്ലെന്നു കുറ്റപ്പെടുത്തി. നിറവും പേരും കുടുംബ പശ്ചാത്തലവുമൊക്കെ കളിയാക്കാൻ കാരണങ്ങളായി കണ്ടെത്തി. ‘ക്വോട്ട’യിൽ ടീമിൽ കയറിപ്പറ്റിയവനെന്ന കൂക്കുവിളി വേറെ. സമൂഹമാധ്യമങ്ങളിൽ ട്രോൾ കഥാപാത്രമായി (മീം) ക്രൂര തമാശകളുടെ മുള്ളാണികളിൽ തറയ്ക്കപ്പെട്ടപ്പോഴും ടെംബ ബവൂമ 2 കാര്യങ്ങളിൽ വിശ്വസിച്ചു. ഒന്ന്: പരിഹസിച്ചു ചിരിച്ചവരെല്ലാം തന്നെ നോക്കി പുഞ്ചിരിക്കുന്ന ദിവസം വരും. രണ്ട്: മുത്തശ്ശി തനിക്കു സമ്മാനിച്ച ടെംബ എന്ന പേരിനർഥം പ്രത്യാശ എന്നാണ്, അതിനാൽ ആശയറ്റുപോകാൻ പാടില്ല.

ലോക കിരീടങ്ങൾ നേടാനാകാത്ത ടീമെന്ന ശാപം പേറുന്ന ദക്ഷിണാഫ്രിക്കയെ ചരിത്രത്തിലാദ്യമായി ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടത്തിലെത്തിച്ചു ക്യാപ്റ്റൻ ടെംബ ഇതാ മാനംമുട്ടി നിൽക്കുകയാണ്. പരിഹസിച്ചവർ ‘ലോർഡ് ടെംബ’ എന്നാർത്തു വിളിക്കുന്നു.  

ഹാൻസി ക്രോണ്യയും ഷോൺ പൊള്ളോക്കും ഗ്രെയിം സ്മിത്തും ജാക് കാലിസും മുതൽ എബി ഡിവില്ല‍ിയേഴ്സ് വരെ അതികായ ക്യാപ്റ്റൻമാർ ദക്ഷിണാഫ്രിക്കയെ നയിച്ചിട്ടുണ്ടെങ്കിലും 98ലെ ഐസിസി നോക്കൗട്ട് ട്രോഫി (ഇപ്പോൾ ഐസിസി ചാംപ്യൻസ് ട്രോഫി) ഒഴികെ ലോക കിരീടങ്ങളൊന്നും ജൊഹാനസ്ബർഗിലെത്തിക്കാനായില്ല. 1990ൽ കേപ്ടൗണിലെ ലങ്ക എന്ന ടൗൺഷിപ്പിൽ ഒറ്റമുറി ഇഷ്ടിക കെട്ടിടത്തിലാണു ബവൂമയുടെ ജനനം. ഇരുപതോളം പേർ തിങ്ങിനിറഞ്ഞ വീട്ടിലെ ജീവിതത്തിൽ നിന്നു വലിയ ലക്ഷ്യങ്ങളിലേക്കു ബവൂമ യാത്ര തുടങ്ങിയതു പത്താം വയസ്സിൽ ലഭിച്ച സ്കോളർഷിപ്പിലൂടെ.  

മഖായ എൻടിനി അടക്കം ഏതാനും പേസ് ബോളർമാരൊഴിച്ചാൽ കറുത്തവർഗക്കാരായ ബാറ്റർമാർക്കു ദേശീയ ജഴ്സിയിൽ വലിയ അവസരങ്ങൾ ലഭിച്ചിട്ടില്ലെന്ന ചരിത്രം ബവൂമ തിരുത്തി. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് സെഞ്ചറി നേടുന്ന ആഫ്രിക്കൻ വംശജൻ, മുഴുവൻ സമയ ടെസ്റ്റ് ക്യാപ്റ്റനാകുന്ന ആദ്യ ആഫ്രിക്കൻ വംശജൻ തുടങ്ങിയ ഖ്യാതികൾ സ്വന്തം പേരിലാക്കി.

ടീമിലെ പടലപ്പിണക്കം, പ്രമുഖരുടെ വിരമിക്കൽ, നിരന്തര തോൽവികൾ തുടങ്ങി മോശം അവസ്ഥകളിൽ ഉഴറിയ ടീമിനെ ബവൂമ ജേതാക്കളുടെ സംഘമാക്കി മാറ്റി. ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം കളിച്ച 10 കളികളിലും ടീം പരാജയമറിഞ്ഞിട്ടില്ല. ഫൈനലിൽ 282 റൺസ് വിജയലക്ഷ്യത്തിലേക്കു ചുവടുവച്ച ടീമിനെ എയ്ഡൻ മർക്രവുമായി ചേർന്നു ഉലയാതെ കാത്തതും ബവൂമയാണ്. വ്യക്തിഗത സ്കോർ 6 റൺസിൽ നിൽക്കെ പേശിവലിവു മൂലം മൈതാനത്തു വീണപ്പോഴും ടീമിനെ കൈവിട്ടില്ല. മുടന്തിയോടിയും നടന്നും 66 റൺസ് നേടി.

കഷ്ടിച്ച് അഞ്ചടി നാലിഞ്ച് ഉയരമുള്ള ബവൂമയെ ആറടി എട്ടിഞ്ച് ഉയരമുള്ള മാർക്കോ യാൻസൻ ഉൾപ്പെടെ ടീമിലെ പൊക്കക്കാരുമായി തട്ടിച്ചുനോക്കി പരിഹസിച്ചവർക്കു മുന്നിൽ ബവൂമ ഉയർന്നു നിൽക്കുകയാണ്, ബാഹുബലിയിലെ സ്വർണ പ്രതിമ കണക്കെ.

English Summary:

Temba Bavuma: Temba Bavuma's inspiring enactment led South Africa to their archetypal World Test Championship title.

Read Entire Article