Published: January 08, 2026 10:30 AM IST Updated: January 08, 2026 11:30 AM IST
1 minute Read
സിഡ്നി ∙ ആഷസ് അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സിൽ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്, 31.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. മാർനസ് ലബുഷെയ്ൻ (37), ജെയ്ക് വെതറാൾഡ് (34), ട്രാവിസ് ഹെഡ് (29), കാമറൂൺ ഗ്രീൻ (22*) എന്നിവരുടെ ഇന്നിങ്സാണ് ഓസ്ട്രേലിയയെ അതിവേഗം വിജയത്തിലെത്തിച്ചത്.
വിരമിക്കൽ മത്സരം കളിച്ച ഉസ്മാൻ ഖവാജ 6 റൺസെടുത്ത് പുറത്തായി. ആദ്യ ഇന്നിങ്സിൽ 17 റൺസാണ് ഖവാജ എടുത്തത്. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്സിൽ ജോഷ് ടങ്ക് മൂന്നു വിക്കറ്റ് വീഴത്തിയെങ്കിലും ചെറിയവിജയലക്ഷ്യം പ്രതിരോധിക്കാൻ ഇംഗ്ലണ്ടിനായില്ല. ജയത്തോടെ 4–1 എന്ന നിലയിൽ ആഷസ് പരമ്പരയിൽ ഓസീസ് സർവാധിപത്യം നേടി. നാലാം മത്സരത്തിൽ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്.
8ന് 302 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗണ്ട്, 342 റൺസിന് ഓൾഔട്ടാകുകയായിരുന്നു. സെഞ്ചറിയുമായി നിലയുറപ്പിച്ചിരുന്ന ജേക്കബ് ബെഥൽ (154) 12 റൺസ് കൂടി കൂട്ടിച്ചേർത്തശേഷം മടങ്ങി. അധികം വൈകാതെ ആറു റൺസെടുത്ത ജോഷ് ടങ്കും പുറത്തായി. മാത്യു പോട്ട് (18*) പുറത്താകാതെ നിന്നു. ഓസീസിനായി മിച്ചൽ സ്റ്റാർക്കും ബ്യു വെബ്സ്റ്ററും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലാകെ 31 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്. ട്രാവിസ് ഹെഡാണ് പ്ലെയർ ഓഫ് ദ് മാച്ച്.
നാലാം ദിനം, ഇന്നിങ്സ് തോൽവി മുഖാമുഖം കണ്ട ഇംഗ്ലണ്ടിനെ ജേക്കബ് ബെഥലിന്റെ സെഞ്ചറിയാണ് കരകയറ്റിയത്. മത്സരം അഞ്ചാം ദിവസത്തിലേക്ക് നീട്ടിയെടുക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ സാക് ക്രൗലിയെ (1) നഷ്ടമായി. മിച്ചൽ സ്റ്റാർക്കിനായിരുന്നു വിക്കറ്റ്. എന്നാൽ രണ്ടാം വിക്കറ്റിൽ ബെൻ ഡക്കറ്റിനൊപ്പം (42) 81 റൺസ് കൂട്ടിച്ചേർത്ത ബെഥൽ ഇംഗ്ലണ്ട് ഇന്നിങ്സ് നേരെ നിർത്തി. ഡക്കറ്റും പിന്നാലെ ജോ റൂട്ടും (6) വീണത് ഇംഗ്ലണ്ടിന് തിരിച്ചടി ആയെങ്കിലും നാലാം വിക്കറ്റിൽ ഹാരി ബ്രൂക്കിനൊപ്പം (42) സെഞ്ചറി പാർട്നർഷിപ് ഉണ്ടാക്കിയ ബെഥൽ സന്ദർശകർക്ക് വീണ്ടും പ്രതീക്ഷ നൽകി.
എന്നാൽ ബ്രൂക്കും വിൽ ജാക്സും (0) ഒരേ ഓവറിൽ വീണത് ഇംഗ്ലണ്ടിനെ പിന്നോട്ടു വലിച്ചു. നന്നായി തുടങ്ങിയ ജയ്മി സ്മിത്തും (26) ക്യാപ്റ്റൻ ബെൻ സ്റ്റോക്സും (1) ബ്രൈഡൻ കാഴ്സും (16) 15 ഓവറുകളുടെ വ്യത്യാസത്തിൽ വീണതോടെ ഇംഗ്ലണ്ടിന്റെ നില കൂടുതൽ പരുങ്ങലിലായി. ഒരു എൻഡിൽ ക്ഷമയോടെ പൊരുതിയ ബെഥൽ, വലിയ നാണക്കേടിൽനിന്ന് അവരെ രക്ഷിച്ചു.
English Summary:








English (US) ·