അഞ്ചാം ടെസ്റ്റ് നാളെ മുതൽ ഓവലിൽ; പിച്ചിനെക്കുറിച്ചുള്ള പ്രവചനം വിശ്വസിക്കാമോയെന്ന് ആശയക്കുഴപ്പം, കുൽദീപിനെ കളിപ്പിച്ചേക്കും

5 months ago 6

മനോരമ ലേഖകൻ

Published: July 30 , 2025 09:19 AM IST

1 minute Read


ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്ത് (ഇടത്), കുൽദീപ് യാദവ് (നടുവിൽ), അർഷ്ദീപ് സിങ് എന്നിവർ 
പരിശീലനത്തിനിടെ.
ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്ത് (ഇടത്), കുൽദീപ് യാദവ് (നടുവിൽ), അർഷ്ദീപ് സിങ് എന്നിവർ പരിശീലനത്തിനിടെ.

വിജയം മോഹിച്ച് ഇന്ത്യ നാളെ ഓവലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുമ്പോൾ ആദ്യ നോട്ടം പിച്ചിൽ തന്നെയാകും! കളികളായ കളികളിലെല്ലാം പ്രവചനം മത്സര ഫലത്തെക്കുറിച്ചാണെങ്കിൽ ക്രിക്കറ്റിൽ ആദ്യ പ്രവചനം പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചു തന്നെ! ബാറ്റർമാരെയും ബോളർമാരെയും തുണയ്ക്കുമെന്ന ‘സ്വഭാവ സർട്ടിഫിക്കറ്റാ’ണ് ഓവൽ പിച്ചിനുള്ളത്.

തുടക്കത്തിൽ ബാറ്റിങ്ങിന് അനുകൂലം, കളി അവസാന ദിനങ്ങളിലേക്കു നീങ്ങുമ്പോൾ സ്പിന്നർമാരെ തുണയ്ക്കും. ഇത്തരമൊരു സാധ്യത തെളിഞ്ഞു നിൽക്കുന്നതിനാൽ ഇന്ത്യ ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ കളത്തിലിറക്കിയേക്കും. പിച്ച് ഡോക്ടർമാർ നൽകുന്ന സ്വഭാവ സർട്ടിഫിക്കറ്റ് തെറ്റുന്നതാണു പക്ഷേ, ടെസ്റ്റ് ക്രിക്കറ്റിന്റെ മനോഹാരിത.

കോച്ചും ക്യാപ്റ്റനുമെല്ലാം മുൻപേ പരിശോധിച്ചിട്ടും പിച്ചിന്റെ സ്വഭാവം പിടികിട്ടാതെ വരുന്നതും പതിവ്. സമനിലയിൽ പിരിഞ്ഞ ഓൾഡ് ട്രാഫഡ് പിച്ച് തന്നെ ഉദാഹരണം.

∙ ചരിത്രം വഴിമാറുന്നു

പ്രവചനം: ഓൾഡ് ട്രാഫഡ് മൈതാനത്തെ പിച്ച് ബോളർമാരെ തുണയ്ക്കും. ബാറ്റിങ് ദുഷ്കരമാകും.

സംഭവിച്ചത്: ബോളർമാർ തല്ലു കൊണ്ടു വലഞ്ഞു. പേസർ ജസ്പ്രീത് ബുമ്ര ചരിത്രത്തിൽ ആദ്യമായി ഒരു ഇന്നിങ്സിൽ 100 റൺസിന് മുകളിൽ വഴങ്ങി. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ബാറ്റർമാർ ചേർന്നു 3 ഇന്നിങ്സുകളിലായി അടിച്ചു കൂട്ടിയത് 1452 റൺസ്, 5 സെഞ്ചറികളും!

ചരിത്രമൊരു ചുവന്ന പന്തു പോലെ ബാറ്റർമാരെ വട്ടം കറക്കിയ ഓർമകൾ നിറഞ്ഞ ഓൾഡ് ട്രാഫഡിലെ പിച്ച് ‘ബാസ്‌‌‌‌ബോൾ ജെൻ’ ആയി മാറിയതിന്റെ കൂടി സാക്ഷ്യമായിരുന്നു ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്. ബോളർമാരോടു മുഖം തിരിച്ച പിച്ച് ബാറ്റർമാരുടെ പറുദീസയായപ്പോൾ വിജയം കൈവിട്ടു പോയതു പക്ഷേ, ബാസ്ബോൾ ശൈലിയിൽ അടിച്ചു പൊളിക്കുന്ന ഇംഗ്ലണ്ടിനു തന്നെ.

ഇംഗ്ലിഷ് ടെസ്റ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന 5–ാമത്തെ സ്കോറായ 669 റൺസ് അടിച്ചു കൂട്ടിയിട്ടും, ഇന്ത്യയ്ക്കെതിരെ 311 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിട്ടും സമനില കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു, അവർക്ക്. രണ്ടാം ഇന്നിങ്സിൽ 143 ഓവർ പന്തെറിഞ്ഞിട്ടും ഇന്ത്യയെ പുറത്താക്കാൻ അവർക്കു കഴിഞ്ഞില്ല!

English Summary:

Oval Showdown: India vs England 5th Test – Pitch Decides Fate

Read Entire Article