
Carlos Alcaraz - Photo: www.rolandgarros.com/
പാരീസ്: ലോകടെന്നീസിൽ തലമുറമാറ്റം യാഥാർഥ്യമായെന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. ഗ്രാൻസ്ലാം ടൂർണമെന്റുകൾകണ്ട ഏറ്റവും മഹത്തായ ഫൈനലുകളിലൊന്നിനാണ് ഇത്തവണ ഫ്രഞ്ച് ഓപ്പൺ സാക്ഷിയായത്. റൊളാങ് ഗാരോസിൽ അഞ്ചുമണിക്കൂറും 29 മിനിറ്റും നീണ്ട മാരത്തൺ പോരാട്ടത്തിൽ 22-കാരനായ കാർലോസ് അൽക്കരാസ് 23-കാരനായ യാനിക് സിന്നറെ കീഴടക്കി ജേതാവായി (4-6, 6-7, 6-4, 7-6, 7-6). നാലാം ഗ്രാൻസ്ലാം കിരീടമാണ് അൽക്കരാസ് സ്വന്തമാക്കിയത്.
ഫൈനലിൽ രണ്ടുസെറ്റുകളിൽ പിന്നിട്ടുനിന്നശേഷം അൽക്കരാസിന്റെ തിരിച്ചുവരവ് അവിശ്വസനീയമായിരുന്നു. നിർണായകമായ അഞ്ചാംസെറ്റിൽ മൂന്ന് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ രക്ഷിച്ചാണ് അൽക്കരാസ് വിജയിച്ചത്. ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലിനാണ് റൊളാങ് ഗാരോസിലെ കാണികൾ സാക്ഷിയായത്.
ടെന്നീസ് കളത്തിൽ പുതിയൊരു വൈരത്തിന്റെ പിറവിക്കും ചാമ്പ്യൻഷിപ്പ് അടിവരയിട്ടു. സ്പാനിഷ് താരമായ അൽക്കരാസും ഇറ്റലിയുടെ സിന്നറുമായിരിക്കും വരുംവർഷങ്ങളിൽ ടെന്നീസ് കളങ്ങളെ ചൂടുപിടിപ്പിക്കുന്നതെന്നു വ്യക്തമായി. ഇതിഹാസതാരങ്ങളായ റോജർ ഫെഡറർ, റാഫേൽ നഡാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്കിടയിലെ പോരാട്ടങ്ങൾക്ക് ബദലാവാൻ അൽക്കരാസിനും സിന്നറിനും കഴിയുമെന്നാണ് സമീപകാലമത്സരങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ആറു ഗ്രാൻസ്ലാം കിരീടങ്ങളും ഇരുവരും ചേർന്നാണ് പങ്കിട്ടത്. സിന്നർ 2024, 25 ഓസ്‌ട്രേലിയൻ ഓപ്പണും 2024-ലെ യു.എസ്. ഓപ്പണും സ്വന്തമാക്കി. അൽക്കരാസ് 2024-ലെ വിംബിൾഡനും 2024, 25 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പണും നേടി.
റോജർ ഫെഡററെ നഡാൽ കീഴടക്കിയ 2008-ലെ വിംബിൾഡൺ ഫൈനലുമായും നഡാലിനെ ജോക്കോവിച്ച് തോൽപ്പിച്ച 2012-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലുമായാണ് സിന്നർ-അൽക്കരാസ് മത്സരം താരതമ്യംചെയ്യപ്പെടുന്നത്. ഈ താരതമ്യംതന്നെ വലിയ ബഹുമതിയാണെന്നാണ് അൽക്കരാസ് പ്രതികരിച്ചത്. ഞങ്ങൾക്കും അതുപോലുള്ള കളികൾ കാഴ്ചവെക്കാൻ കഴിയുന്നത് സന്തോഷമുണ്ടാക്കുന്നെന്ന് സിന്നറും പറയുന്നു.
‘പാരീസിൽ മൂന്നുവിജയികളാണ് പിറന്നത്. അൽക്കരാസും സിന്നറും പിന്നെ ടെന്നീസെന്ന മനോഹരമായ ഗെയിമും’. ഇരുതാരങ്ങളെയും പ്രശംസിച്ച് ഫെഡറർ സാമൂഹികമാധ്യമത്തിൽ കുറിച്ചു.
ഫെഡററും നഡാലും തമ്മിൽ വാശിയേറിയ ഫൈനൽപോരാട്ടങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, അൽക്കരാസ്-സിന്നർ ഫൈനലിന്റെ അടുത്തെത്തുന്നില്ല അവയെന്ന് മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവായ മാറ്റ്‌സ് വിലാൻഡർ പറഞ്ഞു. മനുഷ്യന് അസാധ്യമായതലത്തിലാണ് ഇരുവരും കളിച്ചത് -വിലാൻഡർ അഭിപ്രായപ്പെട്ടു.
അൽക്കരാസും സിന്നറും 2021-ലെ പാരീസ് മാസ്റ്റേഴ്‌സ് രണ്ടാം റൗണ്ടിലാണ് ആദ്യമായി നേർക്കുനേർവരുന്നത്. 12 തവണ പരസ്പരം ഏറ്റുമുട്ടിയതിൽ എട്ടുതവണ അൽക്കരാസും നാലുതവണ സിന്നറും വിജയംനേടി.
Content Highlights: Alcaraz and Sinner French Open final








English (US) ·