അഞ്ചു ടെസ്റ്റിലും കളിച്ച ഒരേയൊരു പേസർ; ബുംറയില്ലാത്ത ഇന്ത്യൻ പേസ്നിരയുടെ കുന്തമുന

5 months ago 6

മൂന്നുവർഷം മുൻപാണ്, ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി ഇന്ത്യയിലെത്തിച്ച നായകൻ കപിൽദേവ് സദസ്സുമായി സംവദിക്കുന്നു... ഒരാൾ ചോദ്യവുമായി എഴുന്നേറ്റു: ‘‘കളിക്കാരൊക്കെ ഇപ്പോ ഭയങ്കര സമ്മർദത്തിലല്ലേ...’’ കപിൽ ചിരിച്ചുകൊണ്ട് മൈക്ക് കൈയിലെടുത്തു: ‘‘അടുത്തകാലത്ത് ക്രിക്കറ്റർമാരിൽനിന്ന് ഏറ്റവുമധികം കേൾക്കുന്ന വാക്കാണ് ‘പ്രഷർ’ എന്നത്. ഇത്രമാത്രം സമ്മർദമാണെങ്കിൽ നിങ്ങൾ കളി നിർത്തിക്കഴിഞ്ഞാൽ പ്രശ്നം കഴിഞ്ഞില്ലേ. ഞങ്ങളൊക്കെ കളിച്ചിരുന്നത് എൻജോയ് ചെയ്യാനായിരുന്നു. കളിയോട് നിങ്ങൾക്ക് പാഷനുണ്ടെങ്കിൽ പ്രഷർ അല്ല പ്ലെഷർ ആണ് ഉണ്ടാകേണ്ടത്...’’

കപിൽ പറഞ്ഞതുപോലെ ക്രിക്കറ്റിനോട് അങ്ങേയറ്റം പാഷനും പ്ലെഷറുമുള്ളൊരാൾ ഇന്ത്യൻ ടീമിലുണ്ട്. എല്ലാവരും ജസ്‌പ്രീത് ബുംറയുടെ വർക്ക് ലോഡിനെക്കുറിച്ച് പറയുമ്പോൾ അയാളെക്കുറിച്ച് മിണ്ടുന്നില്ല. കാരണം അയാൾ ബുംറ എന്ന ലോകോത്തര ബൗളറുടെ നിഴലിലായിരുന്നു എപ്പോഴും -മുഹമ്മദ് സിറാജ്... ഇന്ത്യൻ പേസ് ആക്രമണത്തിന്റെ രണ്ടാം കുന്തമുന... അയാൾ ഇന്ത്യക്കായി എറിഞ്ഞുകൊണ്ടേയിരിക്കുന്നു, ആരോടും ഒരു പരിഭവവും പറയാതെ.

വർക്ക് ലോഡ്

ക്രിക്കറ്റിലെ വർക്ക് ലോഡ് എന്നത് സിറാജിനോടാണ് ശരിക്കും ചേർത്തുവെക്കേണ്ടത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ രണ്ടുടീമുകളിലെയും പേസർമാരുടെ കണക്കെടുത്താൽ അഞ്ചു ടെസ്റ്റിലും കളിച്ച ഒരേയൊരു പേസ് ബൗളറേയുള്ളൂ, അത് സഹതാരങ്ങൾ ‘മിയാ’ എന്ന വട്ടപ്പേരിൽ വിളിക്കുന്ന സിറാജാണ്. അഞ്ചു ടെസ്റ്റുകളിലുമായി വെള്ളിയാഴ്ചവരെ അയാൾ 932 പന്തുകൾ എറിഞ്ഞുകഴിഞ്ഞു. ഏതൊരു നായകനും കൊതിച്ചുപോകുന്നൊരു ബൗളർ... ഒരു ബൗളിങ് ഇന്നിങ്‌സുകൂടി ഇന്ത്യക്ക് ബാക്കിയുണ്ടെന്നതിനാൽ അയാൾ ആയിരം പന്തുകൾ ഈ പരമ്പരയിൽ എറിയുമെന്നത് ഏറക്കുറെ ഉറപ്പാണ്. പരമ്പരയിൽ 18 വിക്കറ്റുമായി ഏറ്റവും അധികം വിക്കറ്റുകൾ എന്ന നേട്ടവും സിറാജിനൊപ്പമാണ്. 2021-ൽ ഇംഗ്ലണ്ടിൽനടന്ന ടെസ്റ്റ് പരമ്പരയിൽ 153.2 ഓവറുകൾ എറിഞ്ഞ സിറാജ് 18 വിക്കറ്റുകൾ നേടിയിരുന്നു.

ഇംഗ്ലണ്ട് പര്യടനം മാത്രമല്ല സിറാജിന്റെ വർക്ക് ലോഡിനെ കുറിക്കുന്നത്. ഇതിനുമുൻപുനടന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ സിറാജ് 157 ഓവറുകൾ എറിഞ്ഞിരുന്നു. 1991-92ൽ കപിൽദേവ് മാത്രമാണ് രണ്ടു പരമ്പരകളിലായി 150-ൽ ഏറെ ഓവറുകൾ എറിഞ്ഞ ഒരേയൊരു ഇന്ത്യൻ ഫാസ്റ്റ് ബൗളർ. ഈ വർഷം തുടങ്ങി ഏഴുമാസം കഴിഞ്ഞപ്പോൾ ടെസ്റ്റിൽ ഇതുവരെ സിറാജ് 183 ഓവറുകൾ എറിഞ്ഞുകഴിഞ്ഞു, അതായത് 1098 പന്തുകൾ. കഴിഞ്ഞവർഷം ആകെ എറിഞ്ഞത് 227 ഓവറുകളായിരുന്നു, 1362 പന്തുകൾ.

നിഴലാട്ടം

ബുംറയുണ്ടെങ്കിൽ നിഴൽരൂപമാണ് സിറാജ്. ബുംറയില്ലെങ്കിൽ ആ നിഴലാട്ടം നിഴലാക്രമണമായി മാറുന്നതുകാണാം. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം മുഴുവൻ തനിക്കാണെന്നു മനസ്സിലാക്കുന്ന അയാൾ തന്റെ നിലവാരം മറ്റൊരുതലത്തിലേക്ക് ഉയർത്തുന്നു. ഒരുപക്ഷേ, സ്വയം അറിയാതെ സംഭവിക്കുന്നതാകാം അത്! ബുംറ കളിക്കാതിരുന്ന ബർമിങ്ങാമിലെ ആദ്യ ഇന്നിങ്‌സിലെ ആറുവിക്കറ്റ് നേട്ടവും ഓവലിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിലെ കുതിപ്പിന് കടിഞ്ഞാണിട്ട നാലുവിക്കറ്റ് നേട്ടവും അതിനു തെളിവാണ്. ബുംറയുള്ളപ്പോൾ സിറാജിന്റെ ബൗളിങ് ശരാശരി 35 ആണ്. ബുംറയില്ലെങ്കിൽ 25.59.

Content Highlights: india vs england trial bid siraj bowling

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article