ജോ റൂട്ടും ബെൻ സ്റ്റോക്സും ബെൻ ഡക്കറ്റുമില്ലാതെ ഇംഗ്ലണ്ട് ടീം ഇന്ത്യൻ പിച്ചുകളിൽ കളിച്ചാൽ ഒരുപക്ഷേ, വട്ടപ്പൂജ്യമായേനെ... അതേ ‘പ്രതീക്ഷ’യായിരുന്നു വിരാട് കോലിയും രോഹിത് ശർമയും രവിചന്ദ്രൻ അശ്വിനും പാതി ബുംറയുമില്ലാത്ത ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ കളിക്കുമ്പോൾ ക്രിക്കറ്റ്‌ലോകത്തിനുണ്ടായിരുന്നത്. പക്ഷേ, ഇംഗ്ലണ്ടിലേക്കെത്തിയത് ഇന്ത്യയുടെ ‘ജെൻസി’ തലമുറയാണ്... അവസാന പടയാളി വീഴുംവരെയും അവർ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും. ഡ്രൈവർസീറ്റിൽ ഇരിക്കാൻ വെമ്പുന്നവരാണ് ജെൻസി എന്ന ന്യൂജൻ തലമുറ. അവരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള യൂണിസെഫിന്റെ ഏറ്റവും പുതിയ പഠനം പറയുന്നത് ലോകത്തിന്റെ ഭാവിനിശ്ചയിക്കുന്നതിൽ തനിക്കും ഒരു റോൾ ഉണ്ടെന്നുകരുതുന്നവരാണ് ജെൻസിയെന്നാണ്. അവർ ടീം വർക്കിൽ എല്ലാ പ്രതീക്ഷയും അർപ്പിക്കുന്നു.
ഇന്ത്യയുടെ തലമുറമാറ്റത്തിന്റെ ആദ്യപരീക്ഷയാണ് ഇംഗ്ലണ്ടിൽ കണ്ടത്. പുതിയ നായകൻ, പുതിയ ഓപ്പണർമാർ, പുതിയ മൂന്നാമൻ, പുതിയ സ്പിൻ തന്ത്രങ്ങൾ... ഒരുപരിധിവരെ പുതിയ പേസ് ആക്രമണനിരയും... അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയിൽ ഒന്നുപോലും ജയിച്ചില്ലെങ്കിലും ആ തിരിച്ചടി രണ്ടുകൈയുംനീട്ടി സ്വീകരിക്കാൻ ബിസിസിഐ ഒരുക്കമായിരുന്നു. വിരാടും രോഹിതും അശ്വിനും ഒഴിഞ്ഞ വിടവ് അത്രവേഗം നികത്തപ്പെടാവുന്നതല്ലെന്ന് ടീം മാനേജ്മെന്റിനും അറിയാമായിരുന്നു.
അഞ്ചിൽ അഞ്ചും
ഈ ടീം അക്ഷരാർഥത്തിൽ ക്രിക്കറ്റ്‌ലോകത്തെ ഞെട്ടിച്ചുകളഞ്ഞിരിക്കുന്നു. സന്ദർശക ടീം ഏഷ്യയിൽനിന്നാണെങ്കിൽ പരമ്പരയിൽ ചില ടെസ്റ്റുകളെങ്കിലും നാലുദിവസംകൊണ്ട് തീരുന്നതാണ് പതിവ്. പക്ഷേ, ആൻഡേഴ്സൺ-തെണ്ടുൽക്കർ പ്രഥമ ടെസ്റ്റ് പരമ്പരയിലെ അഞ്ചുടെസ്റ്റുകളിലും കളി അഞ്ചാംദിവസത്തിലേക്ക് നീണ്ടു എന്നത് ഇന്ത്യൻ ടീമിന്റെ പോരാട്ടവീര്യത്തെ കാണിക്കുന്നു. നായകന് പരിചയസമ്പത്തുകൂടിയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, ഈ പരമ്പര ഇന്ത്യ 3-1നെങ്കിലും ജയിക്കേണ്ടതായിരുന്നു. കാരണം അഞ്ചുടെസ്റ്റുകളിലെയും സെഷനുകളെടുത്താൽ ഇംഗ്ലണ്ടിനെക്കാൾ മേധാവിത്ത്വം ഇന്ത്യക്കായിരുന്നു.
ഏഴായിരം റൺസ്
ലോകക്രിക്കറ്റിൽ ഇതുവരെയുള്ള ടെസ്റ്റ് പരമ്പരകളിൽ ഏറ്റവുമധികം റൺസ് പിറന്നത് 1993-ലെ ആഷസ് പരമ്പരയിലായിരുന്നു. ആറ് ടെസ്റ്റുകളുണ്ടായിരുന്ന ആ പരമ്പരയിൽ 7221 റൺസാണ് അടിച്ചുകൂട്ടിയത്. അതിനുശേഷം ഏഴായിരം റൺസ് കടക്കുന്ന പരമ്പരയാണിത്. ഇംഗ്ലണ്ടും ഇന്ത്യയും ചേർന്ന് അഞ്ചുടെസ്റ്റുകളിലായി ഇതുവരെ 7188 റൺസ് അടിച്ചുകൂട്ടിക്കഴിഞ്ഞു.
പരമ്പരയിൽ 12 തവണയാണ് ഇന്ത്യൻ ബാറ്റർമാർ സെഞ്ചുറിയടിച്ചത്. അതിലൊന്ന് നായകൻ ശുഭ്മാൻ ഗില്ലിന്റെ ഡബിൾ സെഞ്ചുറിയും. ഇംഗ്ലണ്ടിന്റെ ഒൻപത് ബാറ്റർമാരും ഓപ്പണർമാരായ ജെയ്സ്വാളും കെ.എൽ. രാഹുലും മുതൽ ജഡേജയും വാഷിങ്ടൺ സുന്ദറും വരെയുള്ള ബാറ്റർമാർ സെഞ്ചുറിതൊട്ടു.
ബാസ്ബോൾ ഔട്ട് കംപ്ലീറ്റ്‌ലി
ബാസ്ബോളിൽനിന്ന് ഇംഗ്ലണ്ട് പിന്നാക്കംപോയതാണ് പരമ്പരയുടെ ഏറ്റവുംവലിയ പ്രത്യേകത. ഇന്ത്യൻ പേസ് ബൗളിങ് ഇംഗ്ലണ്ടിന്റെ ബാസ്ബോൾ മുനയൊടിച്ചു എന്നുതന്നെ പറയാം. ടെസ്റ്റുകളിൽ ഓവറിൽ 4.50 റൺനിരക്കിനുമീതെ സ്‌കോർചെയ്യണമെന്ന അവരുടെ ‘വാശി’ ഇന്ത്യക്കുമുന്നിൽ പലപ്പോഴും നാലിനുതാഴെയായിമാറി. പ്രതിരോധം എന്ന പരമ്പരാഗത ടെസ്റ്റ് ശൈലിയിലേക്കുമാറുന്ന ഇംഗ്ലണ്ട് ടീമിനെയും പരമ്പരയിൽ കണ്ടു.
പരിക്കിന്റെ പരമ്പര
ഋഷഭ് പന്ത്, നിധീഷ് റെഡ്ഡി, ആകാശ് ദീപ്, അർഷ്‌ദീപ് സിങ്, ഷോയിബ് ബഷീർ, ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ് -ഇങ്ങനെ ഏഴു കളിക്കാരാണ് ഈ പരമ്പരയിൽ പരിക്കേറ്റ് പുറത്തായത്. പരിക്കിന്റെ പേടിയിൽ എല്ലാ ടെസ്റ്റുകളും കളിക്കാതിരുന്ന ജസ്‌പ്രീത് ബുംറ, ജോഫ്ര ആർച്ചർ, ബ്രെയ്ഡൻ കാഴ്സ് എന്നിവരെയും ഈ ഗണത്തിലേക്ക് ഉൾപ്പെടുത്താം.
Content Highlights: india england trial bid amerind cricket squad performance








English (US) ·