13 August 2025, 12:02 PM IST

പാകിസ്താന്റെ നസീംഷാ പുറത്തായി മടങ്ങുന്നു | AFP
ട്രിനിഡാഡ് ആൻഡ് ടൊബാഗോ: വെസ്റ്റ് ഇന്‍ഡീസിനെതിരേ 202 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി പാകിസ്താന്‍. വെസ്റ്റ് ഇന്‍ഡീസിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍നടന്ന മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 295 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 29.2 ഓവറില്‍ 92 റണ്‍സില്‍ പുറത്തായി. വൈസ് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 49 പന്തില്‍ 30 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസ് 28 പന്തില്‍ 23 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഓപ്പണര്‍മാരായ സായിം അയ്യൂബ്, അബ്ദുള്ള ഷഫീഖ്, ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍, ഹസന്‍ അലി, അബ്രാര്‍ അഹ്‌മദ് എന്നിവര്‍ പൂജ്യത്തിന് പുറത്തായി.
വെസ്റ്റ് ഇന്‍ഡീസിനായി ഫാസ്റ്റ് ബൗളര്‍ ജെയ്ഡന്‍ സീല്‍സ് 7.2 ഓവറില്‍ 18 റണ്‍സ് വഴങ്ങി ആറുവിക്കറ്റ് നേടി. ടോസ് നേടിയ പാകിസ്താന്‍ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ചുറി (94 പന്തില്‍ 120) ബലത്തില്‍ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് നേടി. ജസ്റ്റിന്‍ ഗ്രീവ്‌സ് പുറത്താവാതെ 43 റണ്‍സ് നേടി. നസീം ഷായ്ക്കും അബ്രാര്‍ അഹ്‌മദിനും രണ്ടുവീതം വിക്കറ്റുകള്‍. മറുപടി ബാറ്റിങ്ങില്‍ പാകിസ്താന് നൂറ് തികയ്ക്കാന്‍പോലും കഴിഞ്ഞില്ല. ഒരു റണ്ണുപോലും ചേര്‍ക്കാനാവാതെയാണ് അവസാന മൂന്ന് വിക്കറ്റുകളും വീണത്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യമായാണ് ഇരുന്നൂറിലധികം റണ്‍സിന്റെ മാര്‍ജിനില്‍ പാകിസ്താന്‍ ഒരു ഏകദിനത്തില്‍ തോല്‍ക്കുന്നത്. ഇരുടീമുകളും തമ്മിലുള്ള ആദ്യ മത്സരം 1975 ജൂണ്‍ 11-ന് ബര്‍മിങാമിലാണ് നടന്നത്. 2015 ഫെബ്രുവരി 21-ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ഏകദിന ലോകകപ്പില്‍ വിന്‍ഡീസിനോട് 150 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും വലിയ തോല്‍വി. ഏകദിനത്തില്‍ പാകിസ്താന്റെ ഏറ്റവും വലിയ തോല്‍വി 2009-ല്‍ ലാഹോറില്‍വെച്ച് ശ്രീലങ്കയ്‌ക്കെതിരെയാണ്. 234 റണ്‍സിനാണ് അന്ന് പരാജയപ്പെട്ടത്.
Content Highlights: Pakistan Suffers Crushing 202-Run Defeat Against West Indies successful Third ODI








English (US) ·